കൊച്ചി: ഭീതിപ്പെടുത്തുന്ന ശബ്ദവുമായി കൊച്ചി നഗരത്തിലൂടെ ചീറിപ്പാഞ്ഞ് ദുബായ് രജിസ്‌ട്രേഷനിലുള്ള കാര്‍. സൈലന്‍സറില്‍ നിന്ന് തീ തുപ്പുകയും വെടിപൊട്ടുന്ന പോലെയുള്ള ശബ്ദമുണ്ടാക്കിയും പാഞ്ഞ വാഹനത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. കൊച്ചി ഇടപ്പള്ളി മേഖലയില്‍ വിദേശ നമ്പറിലുള്ള കാര്‍ ചീറിപ്പാഞ്ഞ് പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

To advertise here,

അമിതമായ ശബ്ദം, വാഹനത്തില്‍ രൂപമാറ്റം വരുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷിക്കുന്നത്. ആഫ്റ്റര്‍ മാര്‍ക്കറ്റ് വസ്തുക്കള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ അമിതമായ ശബ്ദം വരുത്തുന്നതെങ്കില്‍ ഇത് മോട്ടോര്‍ വാഹന വകുപ്പിന്റെ ലംഘനമായാണ് കണക്കാക്കുന്നത്. വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഹൈക്കോടതിയുടെ ഉള്‍പ്പെടെ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. 

ഹൃസ്വകാല ഉപയോഗത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനങ്ങള്‍ എത്തിക്കാറുണ്ട്. എന്നാല്‍, ഈ വാഹനങ്ങള്‍ ഇവിടുത്തെ നിയമങ്ങള്‍ പാലിക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലുള്ള ദുബായ് രജിസ്‌ട്രേഷന്‍ വാഹനം കണ്ടെത്തി നിയമ ലംഘനം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷമായിരിക്കും മോട്ടോര്‍ വാഹന വകുപ്പ് മറ്റ് നടപടികളിലേക്ക് നീങ്ങുകയെന്നാണ് സൂചന.