കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന് 131 സൂപ്പര്‍ഫാസ്റ്റുകളും 25 ആഡംബര ബസുകളും വാങ്ങുന്നു. സര്‍ക്കാര്‍ 75 കോടി രൂപ അനുവദിച്ചു. കൂടുതല്‍ രാത്രി സര്‍വീസുകള്‍ നടത്താനാണ് ആഡംബര ബസുകള്‍ ഉപയോഗിക്കുക. സംസ്ഥാനത്തിനുള്ളില്‍ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുമാത്രമായി 500-ഓളം അനധികൃത സ്വകാര്യ ബസുകള്‍ ഓടുന്നുണ്ട്. ആധുനിക സൗകര്യങ്ങളാണ് യാത്രക്കാരെ ഇവയിലേക്ക് ആകര്‍ഷിപ്പിക്കുന്നത്. 

To advertise here,

അതേ സൗകര്യങ്ങളുള്ള ബസുകളിറക്കി സ്വിഫ്റ്റിലൂടെ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി. എ.സി., സ്ലീപ്പര്‍, മള്‍ട്ടി ആക്‌സില്‍ ബസുകള്‍ വാങ്ങുന്നതിന് ഉന്നതതല സമിതിയുണ്ടാക്കി. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തുടങ്ങും. 131 ഡീസല്‍ ബസുകള്‍ വാങ്ങുന്നതിന് നേരത്തേ നല്‍കിയിട്ടുള്ള കരാറിന്റെ തുടര്‍ച്ചയാണിത്.

തലസ്ഥാനത്ത് 50 ഇ-ബസുകള്‍കൂടി ഓണത്തിന് നിരത്തിലിറങ്ങും. 41 ബസുകള്‍ എത്തിയിട്ടുണ്ട്. ചിങ്ങം ഒന്നിന് ഇവ ഓടിത്തുടങ്ങും. തലസ്ഥാന നഗരം ഹരിത ബസുകളിലേക്ക് മാറ്റുന്നതിന്റെ ഭാഗമാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സീറ്റര്‍ കം സ്ലീപ്പര്‍ ബസ് കെ.എസ്.ആര്‍.ടി.സി. നിരത്തുകളില്‍ എത്തിച്ചത്. 2+1 ലേഔട്ടില്‍ 27 സീറ്റുകളും 15 സ്ലീപ്പര്‍ ബെഡുകളുമായാണ് സ്വീഫ്റ്റിന്റെ ഈ ഹൈബ്രിഡ് ബസുകള്‍ സര്‍വീസിന് എത്തിയിട്ടുള്ളത്. 

കെ.എസ്.ആര്‍.ടി.സിയില്‍ ആദ്യമായാണ് സ്ലീപ്പര്‍/സെമി സ്ലീപ്പര്‍ ഹൈബ്രിഡ് ബസുകള്‍ എത്തുന്നത് എന്ന സവിശേഷതയും ഈ ബസുകളുടെ വരവിലുണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിലെ ജീവനക്കാരില്‍നിന്നു കരുതല്‍ ധാനമായി വാങ്ങിയ പണം ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി. ഈ ബസുകള്‍ വാങ്ങിയത്. ഒരു എ.സി., ഒരു നോണ്‍ എ.സി. സൗകര്യത്തില്‍ എത്തിയിട്ടുള്ള ബസ് ആദ്യഘട്ടമായി തിരുവനന്തപുരം-കാസര്‍കോട് റൂട്ടിലാണ് ഓടുന്നത്. 

ആദ്യം സൂപ്പര്‍ എക്‌സ്പ്രസ് ഇന്റര്‍‌സ്റ്റേറ്റ് സര്‍വീസുകളാണ് സ്വിഫ്റ്റ് ഓടിയിരുന്നതെങ്കില്‍ നാല് മാസങ്ങള്‍ക്ക് മുമ്പാണ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് നടത്തുന്നതിനായി 131 പുതിയ ബസുകള്‍ സ്വിഫ്റ്റിലേക്ക് എത്തിയത്. ബെംഗളൂരുവിലെ എസ്.എന്‍. കണ്ണപ്പ പ്രകാശ് ഓട്ടോയില്‍നിന്ന് ബോഡികെട്ടി എത്തിയിട്ടുള്ള ബസിന് 38 ലക്ഷം രൂപയാണ് വിലയായതെന്നാണ് റിപ്പോര്‍ട്ട്. 12 മീറ്റര്‍ നീളമുള്ള വേഗ മോഡല്‍ ലെയ്ലാന്‍ഡ് എയര്‍ സസ്പെന്‍ഷന്‍ ബസുകളാണ് ഇവ. 55 സീറ്റുകളാണിതിലുള്ളത്. 

കെ.എസ്.ആര്‍.ടി.സിയുടെ ഉപകമ്പനിയായി ആരംഭിച്ച കെ-സ്വിഫ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 2022 ഏപ്രില്‍ 11-നാണ് സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് ആരംഭിച്ചത്. ആദ്യഘട്ടമായി 116 ബസുകളാണ് എത്തിയിരുന്നത്. ഇതിനു പിന്നാലെ 50 ഇലക്ട്രിക് ബസുകള്‍ കൂടി എത്തിയതോടെ സ്വിഫ്റ്റിലെ ബസുകളുടെ എണ്ണം 166 ആയിരുന്നു. ഇതിനു പിന്നാലെ സൂപ്പര്‍ ഫാസ്റ്റായി എത്തിയ 131 ബസുകളും രണ്ട് ഹൈബ്രിഡ് ബസുകളുമാണ് ഇപ്പോള്‍ സ്വിഫ്റ്റിനുള്ളത്.