സ്ലീപ്പർ ബസുകൾ അപകടത്തിൽ പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ സ്ലീപ്പർ ബസുകൾ നിരോധിക്കുന്ന കാര്യം പരിഗണിക്കാൻ ആന്ധ്ര പ്രദേശ് സർക്കാർ. സ്വകാര്യ സ്ലീപ്പർ ബസുകളുടെ നിരോധനം സർക്കാർ ഗൗരവകരമായി പരിഗണിക്കുന്നുണ്ടെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ബസപകടങ്ങൾ തടയുന്നതിനുള്ള നടപടികൾ അവലോകനം ചെയ്യാൻ രൂപീകരിച്ച ക്യാബിനറ്റ് ഉപസമിതിയാണ് ഇക്കാര്യം ചർച്ച ചെയ്തത്.

To advertise here,

ആന്ധ്ര പ്രദേശിന്റെ ഗതാഗത വകുപ്പ് മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ സാന്നിധ്യത്തിലാണ് ബസപകടങ്ങൾ തടയുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനുള്ള യോഗം ചേർന്നത്. തുടർച്ചയായ ബസപകടങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ഇത്തരം വാഹനങ്ങളിലെ പരിശോധന കർശനമാക്കിയിട്ടുണ്ടെന്നാണ് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചത്. ഇതിനായി പുതിയ ചെക്ക് പോസ്റ്റുകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സർവീസ് നടത്തുന്നതിൽ ഭൂരിഭാഗം സ്വകാര്യ സ്ലീപ്പർ ബസുകളും യഥാർഥ രൂപത്തിൽനിന്ന് വളരെയേറെ മാറ്റങ്ങൾ വരുത്തിയും പരിഷ്‌കരിച്ചുമാണ് സർവീസ് നടത്തുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ബസുകളുടെ ഘടനയ്ക്കും സുരക്ഷ സംവിധാനത്തിനും ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങളുടെ ലംഘനം, എമർജൻസി എക്‌സിറ്റുകളുടെ അഭാവം, കുറഞ്ഞ വെന്റിലേഷൻ സംവിധാനങ്ങൾ തുടങ്ങിയവ തീപിടിത്ത സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ നിരീക്ഷിച്ചു.

വാഹന നിർമാതാക്കൾ ഒരുക്കുന്ന സ്ലീപ്പർ ബസുകളുടെ യഥാർഥ രൂപത്തിൽനിന്ന് മാറ്റം വരുത്തിയിട്ടുള്ള സ്ലീപ്പർ ബസുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് സംബന്ധിച്ചുള്ള നീക്കങ്ങൾ സർക്കാർ പരിശോധിച്ച് വരികയാണ്. സുരക്ഷിതമല്ലാത്ത സ്ലീപ്പർ കോച്ച് ബസുകളുടെ പ്രവർത്തനം നിയന്ത്രിക്കാനും നിരോധിക്കാനുമുള്ള നിയമപരമായ ഇടപെടലുകൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഗതാഗത മന്ത്രി മാണ്ഡിപ്പള്ളി രാംപ്രസാദ് റെഡ്ഡി അറിയിച്ചു.

2025 ഒക്ടോബറിൽ കുർണൂലിൽ ഉണ്ടായ അപകടത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്. സമാനമായ അപകടങ്ങൾ മരേടുമില്ലി, മർക്കാപുരം തുടങ്ങിയ പ്രദേശങ്ങളിലും ഉണ്ടായിട്ടുണ്ട്. ഈ അപകടങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയിട്ടുണ്ട്. ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കാനും സർക്കാർ മടിക്കില്ലെന്നാണ് മന്ത്രി നടത്തിയ പ്രതികരണം.

ബസുകളുടെ നിരോധനം സംബന്ധിച്ച തീരുമാനം എടുക്കുന്നത് വരെ കർശനമായ സുരക്ഷ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. ബസുകൾ യാത്ര ചെയ്യുന്ന ദൂരം കണക്കാക്കി സമയം നിശ്ചയിക്കുന്നതാണ് ഇതിൽ പ്രധാനം. അനുവദിച്ചിരിക്കുന്ന സമയത്തിനും മുമ്പ് ബസ് ലക്ഷ്യസ്ഥാനത്ത് എത്തിയാൽ അവരെ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. അമിതവേഗം ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നും മന്ത്രി അറിയിച്ചു.

പ്രതിദിനം 300 കിലോമീറ്ററിൽ അധികം ഓടുന്ന ദീർഘദൂര ബസുകളിൽ രണ്ട് ഡ്രൈവർമാരെ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനൊപ്പം ഡ്രൈവർ സീറ്റിന് പുറമെ, രാത്രിയാത്രകളിലും മറ്റും രണ്ടാമത്തെ ഡ്രൈവറിന് വിശ്രമിക്കാൻ പ്രത്യേകം സീറ്റുകളും ഉറപ്പാക്കണം. ബസിൽ ഡ്രൈവർമാരെ കാണുന്നതിനും എതിരേ വരുന്ന വാഹനങ്ങളും കാണാനും രണ്ട് ക്യാമറകൾ സ്ഥാപിക്കണം. ഇത് സംബന്ധിച്ച നിർദേശങ്ങൾ പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാർക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.