സര്‍ക്കാരിന്റെ അഗ്രിഗേറ്റര്‍ രജിസ്‌ട്രേഷന്‍ എടുക്കാത്തതിനാലാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്.

പ്രതീകാത്മക ചിത്രം | Photo: AI Generated
കോഴിക്കോട്: 'കോഴിക്കോട്ട് ഞങ്ങള്‍ക്കും ടാക്‌സി ഓടിക്കേണ്ടേ' -വര്‍ഷങ്ങളായുള്ള ഓണ്‍ലൈന്‍ ടാക്‌സി ജീവനക്കാരുടെ ചോദ്യമാണിത്. ഓരോതവണയും ഓണ്‍ലൈന്‍ ടാക്‌സികള്‍ സജീവമാകാനൊരുങ്ങുമ്പോള്‍ സമരവും പ്രതിഷേധവുമായി പരമ്പരാഗത ടാക്‌സിതൊഴിലാളികള്‍ രംഗത്തെത്തുകയാണ്. മറ്റുസംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ സുഗമമായി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും കേരളത്തില്‍ പാത്തും പതുങ്ങിയുമാണ് സര്‍വീസ് നടത്തുന്നത്.
സംസ്ഥാനത്ത് കോഴിക്കോടിനുപുറമേ കൊച്ചി, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും ഇത്തരം ടാക്‌സികള്‍ സര്‍വീസ് നടത്തുന്നുണ്ട്. ജില്ലയില്‍ 400-ഓളം ഓണ്‍ലൈന്‍ ടാക്‌സികളാണ് സര്‍വീസ് നടത്തുന്നത്.
സംസ്ഥാനത്തിന്റെ പുറത്തുനിന്ന് എത്തുന്നവര്‍ കൂടുതല്‍ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ടാക്‌സികളെയാണ്. റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും എത്തുമ്പോള്‍ യാത്രക്കാര്‍ എളുപ്പത്തില്‍ ഓണ്‍ലൈനായി ബുക്കുചെയ്യുകയാണ്. എന്നാല്‍, ആളുകളെ കയറ്റി അവര്‍ക്കുപോകേണ്ട സ്ഥലത്തേക്ക് പോകാനൊരുങ്ങുമ്പോള്‍ പരമ്പരാഗത ടാക്‌സിഡ്രൈവര്‍മാര്‍ തടയുകയും ആക്രമിക്കുകയും ചെയ്യുകയാണെന്നാണ് ഓണ്‍ലൈന്‍ ടാക്‌സി ജീവനക്കാര്‍ പറയുന്നത്.
ജില്ലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേതന്നെ ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉണ്ടായിരുന്നെങ്കിലും വളരെ കുറവായിരുന്നു. എന്നാല്‍, കുറച്ചുമാസങ്ങളായി ജില്ലയില്‍ ഒട്ടേറെ ഓണ്‍ലൈന്‍ ടാക്‌സികള്‍ സര്‍വീസ് നടത്തുന്നുണ്ട്. കഴിഞ്ഞദിവസം ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അഗ്രിഗേറ്റര്‍ നയവുമായി ബന്ധപ്പെട്ട പ്രസ്താവനയെത്തുടര്‍ന്നാണ് വീണ്ടും പ്രശ്‌നം തുടങ്ങിയത്.
പലസമയങ്ങളിലും പരമ്പരാഗത ടാക്‌സിതൊഴിലാളികള്‍ ഓണ്‍ലൈന്‍ ടാക്‌സികളായ ഒല, ഉബര്‍ തുടങ്ങിയ കമ്പനികളില്‍ രജിസ്റ്റര്‍ചെയ്ത വാഹനങ്ങള്‍ റോഡില്‍ തടയുകയും ആക്രമിക്കുകയും ചെയ്യുന്നെന്നാണ് ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ പറയുന്നത്.
പരമ്പരാഗത ടാക്‌സിതൊഴിലാളികള്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കുനേരേ നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ സംസ്ഥാനമൊട്ടാകെ ചൊവ്വാഴ്ച ഓണ്‍ലൈന്‍ ടാക്‌സി ജീവനക്കാര്‍ പണിമുടക്കിയിരുന്നു. അതിന്റെ ഭാഗമായി ജില്ലയിലും രാവിലെമുതല്‍ വൈകീട്ടുവരെ പണിമുടക്കിയിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, കോഴിക്കോട് വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ സര്‍വീസ് നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ഓണ്‍ലൈന്‍ ടാക്‌സിതൊഴിലാളികള്‍ പറയുന്നു.
അഗ്രിഗേറ്റര്‍ നയത്തോട് ഓണ്‍ലൈന്‍ കമ്പനികളാണ് മുഖംതിരിക്കുന്നതെന്ന് ഓണ്‍ലൈന്‍ ഡ്രൈവറായ ബെനിറ്റോ ജോര്‍ജ് പറഞ്ഞു. സംസ്ഥാനം പറഞ്ഞ രജിസ്‌ട്രേഷന്‍ എടുക്കാന്‍ ടാക്‌സിതൊഴിലാളികള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു
എന്നാല്‍, കോഴിക്കോട് നഗരത്തില്‍ 35 പരമ്പരാഗത ടാക്‌സി സ്റ്റാന്‍ഡുകളുണ്ട്. അവിടെനിന്ന് ഓണ്‍ലൈന്‍ ടാക്‌സികള്‍ സര്‍വീസ് നടത്തുന്നതാണ് പ്രശ്‌നമാകുന്നതെന്ന് പരമ്പരാഗത ടാക്‌സി ഡ്രൈവര്‍ കെ.ടി. വിനോദ് കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ അഗ്രിഗേറ്റര്‍ പോളിസിയനുസരിച്ച് ഓണ്‍ലൈന്‍ ടാക്‌സി വരുന്നതില്‍ പരമ്പരാഗത ടാക്‌സിതൊഴിലാളികള്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ അഗ്രിഗേറ്റര്‍ രജിസ്‌ട്രേഷന്‍ എടുക്കാത്തതിനാലാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. പരമ്പരാഗത ടാക്‌സിതൊഴിലാളികള്‍ക്ക് ഓട്ടം വളരെ കുറവാണെന്നും കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുപോലും കോഴിക്കോടേക്ക് ഓണ്‍ലൈന്‍ ടാക്‌സി ഓടിക്കാന്‍ വരുന്നുണ്ടെന്നും പരമ്പരാഗത ടാക്‌സിതൊഴിലാളികള്‍ പറഞ്ഞു.
Content Highlights: Online taxi drivers in Kozhikode protest against traditional taxi drivers blocking their services. Learn about the ongoing conflict and the aggregator policy.
Published: 13 Nov 2025, 07:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented