തിരുവനന്തപുരം: ഓട്ടോറിക്ഷയ്ക്കും ടാക്സിക്കും കെ.എസ്.ആർ.ടി.സി ബസിനും ഇനി ഒരുമിച്ചു ടിക്കറ്റെടുക്കാം. ഇതിനായി ഓൺലൈൻ ടാക്സി പ്ലാറ്റ്ഫോമായ ഊബറുമായി കെ.എസ്.ആർ.ടി.സി കൈകോർത്തു. ഇതോടെ കെ.എസ്.ആർ.ടി.സി. ടിക്കറ്റുകൾ ഊബർ മൊബൈൽ ആപ്പിലും ലഭിക്കും.

To advertise here,

വിവിധ യാത്രാമാർഗങ്ങൾ ഒരുമിച്ച് കോർത്തിണക്കുന്ന ആധുനിക പൊതുഗതാഗത സംവിധാനമായ ഫസ്റ്റ്മൈൽ- ലാസ്റ്റ് മൈൽ കണക്ടിവിറ്റിയിലേക്കാണ് കെ.എസ്.ആർ.ടി.സിയും മാറുന്നത്. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിയുടെ ഭാഗമാണിത്.

പദ്ധതിയിലൂടെ വീട്ടിൽനിന്നും ബസ് സ്റ്റോപ്പിലേക്കുള്ള ടാക്സി അല്ലെങ്കിൽ ഓട്ടോറിക്ഷ ബുക്ക് ചെയ്യുന്നതിനൊപ്പം തുടർയാത്രയ്ക്ക് ആ പാതയിലെ കെ.എസ്.ആർ.ടി.സി. ബസിലും ടിക്കറ്റെടുക്കാം. ബസിറങ്ങിയശേഷം ടാക്സി വേണമെങ്കിൽ അതിനുംചേർത്ത് പണമടയ്ക്കാം. ബസിൽ നിന്നിറങ്ങുമ്പോൾ നേരത്തേ ബുക്ക് ചെയ്ത വാഹനം അവിടെ കാത്തു കിടപ്പുണ്ടാകും.

കെ.എസ്.ആർ.ടി.സി. ബസുകളുടെ യാത്രാ തത്സമയം ഉബറിനും കൈമാറുന്നുണ്ട്. ഇത് കണക്കാക്കിയാണ് തുടർയാത്രയ്ക്ക് ഊബർ വാഹനം എത്തിക്കുന്നത്. ബസ് വൈകിയാലും അതിനനുസരിച്ച് യാത്ര ക്രമീകരിക്കാനാകും. അന്തഃസംസ്ഥാന ബസുകൾ ഇപ്പോൾ ഊബറിൽ ലഭ്യമാണെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു.

അന്തർ ജില്ലാ ബസുകൾ കൂട്ടിച്ചേർക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ടിക്കറ്റ് തുക അപ്പോൾത്തന്നെ കെ.എസ്.ആർ.ടി.സി.ക്ക് ലഭിക്കുംവിധമാണ് ക്രമീകരണം. ഇതിലൂടെ ടിക്കറ്റ് ബുക്കിങ് കൂട്ടാൻ കഴിയുമെന്നതാണ് കെ.എസ്.ആർ.ടി.സിയുടെ നേട്ടം.

22 ലക്ഷത്തോളം യാത്രക്കാരാണ് ദിവസവും കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ കൂട്ടിച്ചേർക്കുന്ന കേന്ദ്രസർക്കാർ നയപ്രകാരമാണ് കെ.എസ്.ആർ.ടി.സി ഓൺലൈൻ സേവന ദാതാക്കളുമായി കൈകോർക്കുന്നത്.