തിരുവനന്തപുരം: കൊല്ലം ആർ.ടി. ഓഫീസിലെ ഉദ്യോഗസ്ഥർ മറ്റ് ഓഫീസുകളുടെ കീഴിലുള്ള 512 വാഹനങ്ങൾക്ക് നിയമവിരുദ്ധമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതായി ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. വെഹിക്കിൾ ഇൻസ്‌പെക്ടർമാർ മുതൽ ഓഫീസ് ജീവനക്കാർവരെ ക്രമക്കേടിൽ പങ്കാളികളാണ്.

To advertise here,

ഓഫീസ് മേധാവിയുടെ അനുമതിയില്ലാതെ മറ്റു ജില്ലകളിൽനിന്നുള്ള വാഹനങ്ങൾ ഇൻസ്‌പെക്ടർമാർ പരിശോധിക്കുകയും ജീവനക്കാരുടെ സഹായത്തോടെ വ്യാജ ഫയൽ നമ്പറിട്ട് ഫിറ്റ്നസ് തയാറാക്കി അയയ്ക്കുകയുമാണ് ചെയ്തിരുന്നത്. നാലുമാസത്തിനിടെ മറ്റു ജില്ലകളിൽനിന്ന് 1964 വാഹനങ്ങളാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തേടി കൊല്ലത്തെത്തിയത്.

വാഹനം പരിശോധിക്കുകപോലും ചെയ്യാതെ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് കണ്ടെത്തൽ. അറ്റകുറ്റപ്പണിക്ക് വൻതുക മുടക്കുന്നത് ഒഴിവാക്കാമെന്നതിനാൽ വടക്കൻ ജില്ലകളിൽനിന്നുള്ള റൂട്ട് ബസുകൾപോലും കൊല്ലത്തെത്തി. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നവിധം പഴഞ്ചൻ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് നൽകിയിട്ടുണ്ട്.

മോട്ടോർ വാഹന വകുപ്പിനാകെ നാണക്കേടായ സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇതിൽ ഇൻസ്പെക്ടർ ജി.കെ. അജയകുമാർ, അസി. വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. മഞ്ജു എന്നിവർ സസ്‌പെൻഷനിലാണ്. മറ്റുള്ളവർക്കെതിരെയുള്ള നടപടി അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.

എന്നാൽ, ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് ഗതാഗത കമ്മിഷണറേറ്റിൽനിന്നുള്ള വിശദീകരണം. ക്രമക്കേട് നടക്കുന്നുണ്ടെന്ന മാതൃഭൂമി വാർത്തയുടെ അടിസ്ഥാനത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വെഹിക്കിൾ ഇൻസ്‌പെക്ടർ ദിനേശ് കീർത്തി, ബിജുകുഞ്ഞുമോൻ, എ.എം.വി.ഐ. പി.എ. രാംജിത്ത്, എസ്. സതീഷ്, ഷബീർ അലി, സീനിയർ സൂപ്രണ്ട് ജി. ദിലീപ് കുമാർ, ഹെഡ് ക്ലർക്ക് എസ്. സാബു എന്നിവർക്കെതിരേ വിജിലൻസ് പരാമർശമുണ്ട്.