മുൻകാല റെക്കോഡുകളെ ഭേദിക്കുന്ന വാഹന വിൽപ്പനയാണ് ഈ വർഷം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 45 ലക്ഷത്തോളം പാസഞ്ചർ വാഹനങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് വിറ്റഴിച്ചത്. ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന രണ്ട് കോടിക്ക് മുകളിലാണെന്നാണ് കണക്കുകൾ. രാജ്യത്തെ വാഹന മേഖലയിലെ നേട്ടങ്ങൾക്കൊപ്പം കേരളത്തിലും വാഹനങ്ങളുടെ വിൽപ്പനയിൽ വലിയ കുതിപ്പാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

To advertise here,

കേരളത്തിൽ കഴിഞ്ഞ ഒരുവർഷം എത്തിയ വാഹനങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന വാഹന രജിസ്‌ട്രേഷൻ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. 2025-ൽ കേരളത്തിൽ 8,78,863 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നത്. 2025 ഡിസംബർ 31 വരെയുള്ള കണക്ക് അനുസരിച്ച് കേരളത്തിൽ 1,88,92,383 വാഹനങ്ങളാണ് ആകെയുള്ളതെന്നും എംവിഡി അറിയിച്ചു.

2024-ൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളെ അപേക്ഷിച്ച് 12.8 ശതമാനം അധികമാണ് 2025-ൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2024-ൽ 7,79,258 വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. 2023-ൽ 7,59,251 വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2025-ൽ 1,06,993 ഇലക്ട്രിക് വാഹനങ്ങളും കേരളത്തിലെ വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ 12.1 ശതമാനം ഇലക്ട്രിക് വാഹനങ്ങളാണ്. 

മുൻ വർഷങ്ങളിലേതിന് സമാനമായി ഈ വർഷവും ഏറ്റവുമധികം രജിസ്റ്റർ ചെയ്തത് ഇരുചക്ര വാഹനങ്ങളാണ്. 5,72,995 ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2,36,435 കാറുകളും 10,827 മോട്ടോർ ക്യാബുകളും 2025-ൽ രജിസ്‌ട്രേഷൻ നേടിയിട്ടുണ്ട്. അതേസമയം, ഡിസംബറിന്റെ അവസാന ദിവസങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതോടെ ഈ കണക്കുകളിൽ നേരിയ മാറ്റമുണ്ടാകുമെന്നും എംവിഡി അറിയിച്ചു.