തിരുവനന്തപുരം: വൻകിട ഓൺലൈൻ ടാക്സി കമ്പനികളെ വെല്ലുവിളിച്ച് കേരള സർക്കാർ തുടങ്ങിയ ‘കേരള സവാരി’ പൂട്ടി. യാത്രക്കാരും ടാക്സിക്കാരും കൈയൊഴിഞ്ഞ കേരള സവാരിയെ പുതിയ രൂപത്തിലിറക്കാൻ വീണ്ടും ലക്ഷങ്ങൾ ചെലവിടാനുള്ള നീക്കത്തിലാണ് സർക്കാർ. സോഫ്റ്റ്‌വേർ അപാകം പരിഹരിക്കാൻ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിനെയാണ് ചുമതലപ്പെടുത്തിയത്.
സർക്കാർ അംഗീകൃതനിരക്കിൽ സവാരി നടത്താൻ ഡ്രൈവർമാർ വിമുഖത കാട്ടുന്നതിനാൽ പുതിയനിരക്ക് നിശ്ചയിക്കാനാണ് നീക്കം. ഇതിനായി കഴിഞ്ഞ ജൂണിൽ സർക്കാർ സമിതി രൂപവത്കരിച്ച് പഠനം ആരംഭിച്ചിരുന്നു. സർക്കാർ അംഗീകൃതനിരക്കിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്നാണ് നിയമം. ഇതു ലംഘിക്കുന്ന ഓൺലൈൻ ടാക്സി ഓപ്പറേറ്റർമാരെ നിയന്ത്രിക്കാൻ സർക്കാർ നിയമഭേദഗതിക്ക് ഒരുങ്ങുന്നതിനിടെയാണ് കേരള സവാരിക്കുവേണ്ടി നിരക്കുയർത്താൻ ശ്രമം നടക്കുന്നത്.
മറ്റ് ഏജൻസികളുമായിച്ചേർന്ന് കേരള സവാരി പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടക്കുന്നതായി പ്രചാരണമുണ്ടായിരുന്നു. എന്നാൽ അക്കാര്യം പരിഗണനയിലില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി 2022-ലാണ് ഉദ്ഘാടനംചെയ്തത്.
കേരള മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡിനായിരുന്നു ചുമതല. ഉദ്ഘാടനം, പരസ്യം, ബോധവത്കരണം എന്നിവയ്ക്കായി 69.32 ലക്ഷം രൂപ ചെലവിട്ടെങ്കിലും ജനങ്ങളിലേക്കെത്തിയില്ല.
ആസൂത്രണമില്ലാതെ ഓൺലൈൻ ടാക്സി സർവീസ് തുടങ്ങാൻ ശ്രമിച്ചതിലാണ് ക്ഷേമനിധി ബോർഡിന് പിഴച്ചത്. അംഗങ്ങളായ ഡ്രൈവർമാർക്ക് സർക്കാർ സംവിധാനങ്ങളുടെ പിന്തുണനൽകുന്നതിലും വീഴ്ച സംഭവിച്ചു.
Content Highlights: kerala savari online taxi service, Kerala Goverment
Published: 12 Oct 2024, 07:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented