കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് നടത്തിവന്ന ഓൺലൈൻ ടാക്‌സിസമരം ഭാഗികമായി പിൻവലിച്ചു. തങ്ങളുടെ പ്രധാനാവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായ കേരള സവാരി, റാപ്പിഡോ തുടങ്ങിയ കമ്പനികൾക്കായി ഡ്രൈവർമാർ സർവീസ് പുനരാരംഭിക്കുമെന്ന് സംയുക്തസമരസമിതി അറിയിച്ചു. ഡിമാൻഡുകൾ അംഗീകരിക്കാത്ത യൂബർ, ഒല കമ്പനികളെ പൂർണമായി ബഹിഷ്‌കരിക്കും.

To advertise here,

ഗവൺമെന്റ് മാനേജ്‌മെന്റുകളുടെയും ട്രേഡ് യൂണിയനുകളുടെയും യോഗം വിളിച്ചുചേർത്ത് പ്രശ്‌നം പരിഹരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഈ രംഗത്തെ പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം കാണുന്ന സമഗ്ര നിയമനിർമാണത്തിന് സർക്കാർ തയ്യാറാകണമെന്ന് ഗിഗ്ഗ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി.) സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. സൻജിത്ത് ആവശ്യപ്പെട്ടു.

തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ യൂബർ വ്യാജപ്രചാരണം നടത്തുന്നതായും സമരക്കാർ ആരോപിച്ചു. സമരം പൂർണമായി പിൻവലിച്ചെന്ന തരത്തിൽ വാട്സാപ്പിലൂടെ ഡ്രൈവർമാർക്ക് സന്ദേശങ്ങൾ അയച്ച് അവരെ ആശയക്കുഴപ്പത്തിലാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് ഓൾ കേരള ഓൺലൈൻ ഡ്രൈവേഴ്സ് യൂണിയൻ അലയൻസ് സംഘടന കുറ്റപ്പെടുത്തി.

11 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഓൺലൈൻ ടാക്സി ഡ്രൈവർമാർ സമരം ആരംഭിച്ചത്. കമ്പനി കമ്മീഷൻ പിടിക്കുന്ന തുക, ഇന്ധനവിലയിലെ വർധനവിന് ആനുപാതികമായി നിരക്കിൽ വർധനവ് ഇല്ലാത്തത്, ബൈക്ക് ടാക്‌സിയുടെ നിരോധനം, തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണം, മുൻകൂട്ടി നോട്ടീസ് നൽകാതെ ഡ്രൈവർമാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഡ്രൈവർമാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഇന്ധനവില വർധനവിനിടയിലും ടാക്സിനിരക്ക് കുറക്കൽ, ഏകീകൃതനിരക്ക് തുടങ്ങിയ ആവശ്യങ്ങളാണ് ടാക്‌സി ഡ്രൈവർമാർ മുന്നോട്ടുവെച്ചിരുന്നത്.