കൊച്ചി: കേരളത്തിൽ വാഹനാപകടങ്ങൾ കൂടുമ്പോഴും അതുമൂലമുണ്ടാകുന്ന മരണനിരക്ക് കുറഞ്ഞുവരുന്നു. 2024-ൽ സംസ്ഥാനത്ത്  വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 3,875 ആയിരുന്നെങ്കിൽ 2025-ൽ മരണസംഖ്യ 142 കുറഞ്ഞ് 3,733 ആയി. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 1.90 കോടിയിലെത്തുകയും അപകടങ്ങൾ കൂടുകയും ചെയ്യുമ്പോഴാണിത്.

To advertise here,

ഇരുചക്ര വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 2024-ൽ 1,450 പേർ മരിച്ചപ്പോൾ 2025-ൽ അത് 1,345 ആയി. 2025-ൽ 49,889 അപകടങ്ങളിലായാണ് 3,733 പേർ മരിക്കുകയും 56,922 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. 2024-ൽ 48,919 അപകടങ്ങളുണ്ടായപ്പോഴാണ് 3,875 പേർ മരിച്ചത്. 54,743 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത് എറണാകുളം റൂറൽ ജില്ലയി (4,614) ലും ആലപ്പുഴയി (3,954) ലുമാണ്. എന്നാൽ മരണം കൂടുതൽ റിപ്പോർട്ട് ചെയ്തത് മലപ്പുറ (333) ത്തും പാലക്കാടു (305) മാണ്. അപകടങ്ങളും മരണനിരക്കും കുറവുണ്ടായത് വയനാട്, കാസർകോട് ജില്ലകളിലാണ്. വയനാട്ടിൽ 961 അപകടങ്ങളും 69 മരണവുമാണ് പോയവർഷം റിപ്പോർട്ട് ചെയ്തത്. കാസർകോട് 1,111 അപകടങ്ങളും 87 മരണങ്ങളുമുണ്ടായി.

റോഡിന്റെ സ്ഥിതി മുൻപത്തേക്കാൾ മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിൽ കൂടുതൽ അപകടങ്ങൾക്കും കാരണം ഡ്രൈവറുടെ ഭാഗത്തുനിന്നുള്ള തെറ്റാണ്. 2025-ൽ 1,837 പേർ മരിക്കാനിടയായത് ഡ്രൈവർമാരുടെ അശ്രദ്ധകൊണ്ടു തന്നെ. ഈ വർഷം ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നത് പിടികൂടാൻ പോലീസ് സംസ്ഥാനവ്യാപമായി നടത്തിയ ഒരാഴ്ചത്തെ പരിശോധനയിൽമാത്രം 50,969 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2.55 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു.

അപകടകരമായ രീതിയിൽ റോഡിൽ വാഹനം പാർക്ക് ചെയ്തവർക്കെതിരേ പോലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 23,771 വാഹനങ്ങളിൽ നിന്നായി 61.86 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു.

ഇതോടൊപ്പം എ.ഐ. ക്യാമറ സ്ഥാപിക്കുകയും പോലീസ്, മോട്ടോർവാഹന വകുപ്പുകൾ പരിശോധന നടത്തുകയും ബോധവത്കരണ കാംപെയ്‌നുകൾ നടത്തുകയും ചെയ്തത് ഫലം നൽകുന്നുവെന്നതാണ് മരണനിരക്കിലെ കുറവ് നൽകുന്ന സൂചന.