പാലക്കാട്: രാസവസ്തുക്കളും പാചകവാതകവും നിറച്ച ടാങ്കർ ലോറികൾ അപകടത്തിൽപ്പെട്ടാൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ ജി.ഐ.എസ്. നിയന്ത്രിത സുരക്ഷാ സംവിധാനം എത്തുന്നു. സംസ്ഥാനത്തെ ദേശീയപാതകളെയും വ്യവസായ ഇടനാഴികളെയും കോർത്തിണക്കുന്ന അടിയന്തര സുരക്ഷാ സംവിധാനം 'സ്‌പേഷ്യൽ പെരിമീറ്റർ അനാലിസിസ്' എന്ന പേരിലാണ് തയ്യാറാക്കിയിട്ടുള്ളത്.

To advertise here,

ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്‌സ് വകുപ്പ് സാങ്കേതികവിഭാഗം, കെൽട്രോണിന്റെ സഹായത്തോടെ രൂപകല്പനചെയ്ത ഏകീകൃത വെബ്‌പോർട്ടൽ സംവിധാനം ദേശീയ സുരക്ഷാദിനമായ മാർച്ച് നാലോടെ പ്രവർത്തനസജ്ജമാവും. സംസ്ഥാനത്തെ മുഴുവൻ ഫാക്ടറികളെയും ബോയ്ലറുകളെയും ഡിജിറ്റൽ ഭൂപടത്തിൽ (ജിയോ സ്‌പേഷ്യൽ മാപ്പിങ്) സംയോജിപ്പിച്ചാണ് പോർട്ടൽ പ്രവർത്തിക്കുക. കേരള സ്‌പേഷ്യൽ അഡ്മിനിസ്‌ട്രേഷൻ ഫോർ ഫാക്ടറി എൻഫോഴ്സ്മെന്റിന്റെ(കെ-സേഫ്) ഭാഗമായി വികസിപ്പിച്ച ഫാബ് ജി.ഐ.എസ്. സംവിധാനമാണ് ഇതിനായി വിനിയോഗിക്കുക.

രാസവസ്തു നിറച്ച ടാങ്കർ ലോറികൾ ഫാക്ടറിയിൽ നിന്ന് പുറപ്പെടുന്നതുമുതൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ സ്വയംനിയന്ത്രിത ജി.ഐ.എസ്. നിരീക്ഷണമേർപ്പെടുത്തിയാണ് സുരക്ഷ സാധ്യമാക്കുന്നതെന്ന് സാങ്കേതിക വിഭാഗം ഇൻസ്‌പെക്ടർ രമേഷ് ചന്ദ്രൻ പറഞ്ഞു.

മുൻകൂട്ടിയുള്ള അപകടസാധ്യതാ വിശകലനങ്ങൾ ഡ്രൈവർമാർക്ക് തത്സമയം കൈമാറാനുമാവും. അപകടമുണ്ടായാൽ അടുത്ത ജനവാസകേന്ദ്രങ്ങൾ, ആശുപത്രികൾ, അടിയന്തര സേവനകേന്ദ്രങ്ങൾ എന്നിവ ഉടൻ തിരിച്ചറിയുന്ന നിർമിതബുദ്ധി(എ.ഐ.) സേവനവും ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾ കൊച്ചിയിലെ കേന്ദ്രീകൃത കൺട്രോൾ സ്റ്റേഷന് കൈമാറും. ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ടെങ്കിൽ ചോർന്ന രാസവസ്തുവിന്റെ സ്വഭാവം, കാറ്റിന്റെ ഗതി എന്നിവ കണക്കാക്കി 'ബഫർ സോൺ' നിർണയിക്കും. ഇത് ഒഴിപ്പിക്കൽ നടപടി വേഗത്തിലാക്കാൻ സഹായിക്കും.

തത്സമയ വിവരക്കൈമാറ്റം

തീപ്പിടിത്തം, രാസവസ്തു ചോർച്ച, സ്‌ഫോടനം, ഗുരുതര അപകടങ്ങൾ എന്നിവ സംബന്ധിച്ച തത്സമയ വിവരങ്ങൾ സമീപത്തെ ഫാക്ടറി ഇൻസ്പെക്ടർമാർ, അഗ്‌നിരക്ഷാസേന, പോലീസ്, ആശുപത്രി അധികൃതർ എന്നിവരിലേക്ക് ലൊക്കേഷൻ സഹിതം കൈമാറുന്ന വെബ് ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. എസ്.എം.എസ്., വാട്സാപ്പ്, വോയ്‌സ് കോളുകൾ എന്നിവ വഴിയും സന്ദേശം ലഭ്യമാവും.