ദുബായ്: കയറ്റുമതിയിൽ മുൻവർഷത്തേക്കാൾ 35.7 ശതമാനത്തിന്റെ കുറവുണ്ടായിട്ടും, 2026-ലെ ആദ്യ ഒൻപത് മാസങ്ങളിൽ ചൈനീസ് യാത്രാ വാഹനങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ വിപണിയായി യു.എ.ഇ. സ്ഥാനം നിലനിർത്തി.

To advertise here,

ഗാസ്ഗൂ ഓട്ടോമോട്ടീവ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 2,21,988 ചൈനീസ് യാത്രാ വാഹനങ്ങളാണ് യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്തത്. ഇതിനുപുറമേ, ചൈനീസ് 'ന്യൂ-എനർജി' യാത്രാ വാഹനങ്ങളുടെ ആഗോള വിപണിയിൽ ആദ്യ പത്തിൽ ഇടംപിടിക്കാനും യു.എ.ഇ.ക്ക് സാധിച്ചു. 88,835 വാഹനങ്ങളുമായി പത്താം സ്ഥാനത്താണ് യു.എ.ഇ.

പൂർണമായും ഇലക്ട്രിക്കായ കാറുകളും പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളും ഉൾപ്പെടുന്ന ന്യൂ-എനർജി വിഭാഗമാണ് ഈ കാലയളവിൽ യു.എ.ഇ.യിലേക്ക് കയറ്റുമതി ചെയ്ത ആകെ ചൈനീസ് യാത്രാ വാഹനങ്ങളുടെ ഏകദേശം 40 ശതമാനവും.

അതായത് യു.എ.ഇയിലെത്തിയ ഓരോ അഞ്ച് ചൈനീസ് കാറുകളിലും രണ്ടെണ്ണം വീതം ന്യൂ-എനർജി വാഹനങ്ങളാണ്. ചൈനയുടെ പ്രധാന വാഹന കയറ്റുമതി കേന്ദ്രങ്ങളിൽ ഒന്നാണെങ്കിലും, 2025-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് യു.എ.ഇയിലേക്കുള്ള ആകെ വാഹന കയറ്റുമതിയിൽ 35.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ആദ്യ പത്ത് വിപണികളിൽ ഏറ്റവും വലിയ ഇടിവാണിത്. ന്യൂ-എനർജി വാഹനങ്ങളുടെ കയറ്റുമതിയിൽ വാർഷികാടിസ്ഥാനത്തിൽ 1.2 ശതമാനത്തിന്റെ നേരിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയതെങ്കിലും, ഈ വിഭാഗത്തിലെ ആദ്യ പത്ത് വിപണികളിൽ ഇടിവ് രേഖപ്പെടുത്തിയ ഏക രാജ്യം യു.എ.ഇ. യാണ്.

ആഗോളതലത്തിൽ ചൈനീസ് യാത്രാവാഹനങ്ങൾ ഏറ്റവും കൂടുതൽ എത്തിയ രാജ്യങ്ങളുടെ പട്ടികയിൽ റഷ്യ, ബ്രസീൽ, ബ്രിട്ടൻ, ബെൽജിയം, ഓസ്‌ട്രേലിയ, മെക്സിക്കോ, ഇറ്റലി എന്നിവയ്ക്ക് പിന്നിലായി എട്ടാം സ്ഥാനത്താണ് യു.എ.ഇ. 1,96,780 വാഹനങ്ങൾ ഇറക്കുമതി ചെയ്ത സ്പെയിനിനെയും, 1,62,057 വാഹനങ്ങൾ എത്തിയ തായ്ലൻഡിനെയും പിന്നിലാക്കിയാണ് യു.എ.ഇ.യുടെ ഈ നേട്ടം.

7,27,579 വാഹനങ്ങളുമായി റഷ്യയാണ് പട്ടികയിൽ ഒന്നാമത്. മുൻവർഷത്തേക്കാൾ 114.1 ശതമാനത്തിന്റെ വൻ വർധനയാണ് റഷ്യയിലുണ്ടായത്. 150.3 ശതമാനം വളർച്ചയോടെ 5,11,323 വാഹനങ്ങൾ ഇറക്കുമതി ചെയ്ത ബ്രസീൽ രണ്ടാം സ്ഥാനത്തും, 93 ശതമാനം വർദ്ധനയോടെ 4,17,120 വാഹനങ്ങളെത്തിയ ബ്രിട്ടൻ മൂന്നാം സ്ഥാനത്തുമാണ്. ബെൽജിയം (3,60,598), ഓസ്‌ട്രേലിയ (3,37,490) എന്നിവയാണ് തൊട്ടുപിന്നിൽ.

ന്യൂ-എനർജി വാഹനങ്ങളുടെ വിഭാഗത്തിൽ 3,67,793 വാഹനങ്ങളുമായി ബ്രസീലാണ് ഒന്നാമത്. ബെൽജിയം (3,47,322), ബ്രിട്ടൻ (3,11,087), ഓസ്‌ട്രേലിയ (2,52,823) എന്നിവ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തി. തായ്ലൻഡ്, ജർമനി, ഇറ്റലി, സ്പെയിൻ, ദക്ഷിണ കൊറിയ എന്നിവർക്ക് പിന്നിലായാണ് യു.എ.ഇ. പത്താം സ്ഥാനം നേടിയത്. ആദ്യ പത്ത് രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത് ഇറ്റലിയാണ് (240.5 ശതമാനം വർധനയോടെ 1,30,298 വാഹനങ്ങൾ). ഓസ്‌ട്രേലിയ 181.9 ശതമാനവും ബ്രസീൽ 172.3 ശതമാനവും വളർച്ച നേടി.

കയറ്റുമതിയിൽ കുറവുണ്ടായെങ്കിലും ചൈനയുമായുള്ള യു.എ.ഇയുടെ വാഹനവ്യാപാരത്തിന്റെ വ്യാപ്തിയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. പരമ്പരാഗത പെട്രോൾ വാഹനങ്ങൾക്ക് പുറമെ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകളുമായാണ് ചൈനീസ് നിർമാതാക്കൾ അന്താരാഷ്ട്ര വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുന്നത്. മത്സരാധിഷ്ഠിതമായ വില, ഉത്പന്നങ്ങളുടെ ഗുണനിലവാരം, വില്പനാനന്തര സേവനങ്ങൾ, സ്പെയർ പാർട്‌സുകളുടെ ലഭ്യത, അറ്റകുറ്റപ്പണി ശൃംഖലകളുടെ വിപുലീകരണം എന്നിവയെ ആശ്രയിച്ചായിരിക്കും യു.എ.ഇ. വിപണിയിൽ ചൈനീസ് കാറുകളുടെ ഭാവി മുന്നേറ്റം.

ചൈനയിൽനിന്ന് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണമാണ് ഗാസ്ഗൂ റിപ്പോർട്ടിലുള്ളതെന്നും, അതത് രാജ്യങ്ങളിലെ നേരിട്ടുള്ള റീട്ടെയിൽ വിൽപ്പനയോ വാഹന രജിസ്ട്രേഷൻ കണക്കുകളോ അല്ല ഇതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.