ബെംഗളൂരു നഗരത്തില്‍ വൈദ്യുതബസുകള്‍ ഇറക്കാനുള്ള ശ്രമവുമായി വീണ്ടും ബാംഗ്ലൂര്‍ മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. ആദ്യരണ്ടുതവണ കരാര്‍വിളിച്ചത് റദ്ദായതിനുശേഷം വീണ്ടും 300 ബസുകള്‍ക്കുള്ള കരാര്‍ ക്ഷണിച്ചിരിക്കയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഫെയിം സെക്കന്‍ഡ് പദ്ധതിക്കുകീഴില്‍ 300 വൈദ്യുതബസുകള്‍ പാട്ടത്തിനെടുക്കുന്നതിനാണ് കരാര്‍ ക്ഷണിച്ചത്. 

To advertise here,

മുമ്പത്തെ കരാര്‍ വ്യവസ്ഥകളില്‍നിന്ന് ഒട്ടേറെ മാറ്റങ്ങള്‍ ഇത്തവണ വരുത്തിയിട്ടുണ്ട്. കോര്‍പ്പറേഷനും കമ്പനികള്‍ക്കും ഒരുപോലെ ഗുണമുണ്ടാകുന്ന വിധത്തിലാണ് കരാര്‍വ്യവസ്ഥയില്‍ മാറ്റംവരുത്തിയിരിക്കുന്നത്. ഇത്തവണ കരാര്‍ വിജയമായി ബസുകള്‍ ഓടിക്കാനാകുമെന്നാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ.

12 മീറ്റര്‍ നീളമുള്ള നോണ്‍ എ.സി. ബസുകള്‍ക്കായുള്ള കരാറിന് 12 മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കുറഞ്ഞത് 180 കിലോമീറ്റര്‍ ദൂരം ഓടാന്‍ സാധിക്കുന്നതായിരിക്കണമെന്ന് കരാറില്‍ പറയുന്നു. ഇതിനുമുമ്പത്തെ കരാറില്‍ കുറഞ്ഞത് 220 കിലോമീറ്റര്‍ ദൂരമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. 

മുമ്പത്തെ രണ്ടു കരാറുകളും ഇടയ്ക്കുവെച്ച് റദ്ദാക്കുകയായിരുന്നു. ആദ്യത്തെ കരാര്‍ വിളിച്ചിട്ട് പ്രതീക്ഷിച്ചപോലെ പ്രതികരണം ലഭിച്ചിരുന്നില്ല. രണ്ടാമത്തെ കരാറിന് ചെലവ് കൂടിയതുകാരണം റദ്ദാക്കുകയായിരുന്നു. ഇത്തവണ നാഷണല്‍ തെര്‍മല്‍പവര്‍ കോര്‍പ്പറേഷന്‍ പോലുള്ള പൊതുസ്ഥാപനങ്ങള്‍ മുന്നോട്ടുവരുമെന്നാണ് ബി.എം.ടി.സി.യുടെ പ്രതീക്ഷ.

ഒരു ബസിന് 55 ലക്ഷംരൂപ കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നല്‍കും. 33.33 ലക്ഷം രൂപ സംസ്ഥാനസര്‍ക്കാര്‍ ലഭ്യമാക്കും. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വൈദ്യുത ബസുകള്‍ പാട്ടത്തിനെടുക്കാന്‍ ബി.എം.ടി.സി. പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 2014-ല്‍ ബി.എം.ടി.സി. വൈദ്യുതബസിന്റെ പരീക്ഷണ ഓട്ടം നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു. 

ചൈന ആസ്ഥാനമായുള്ള കമ്പനിയായിരുന്നു അന്ന് വൈദ്യുതബസ് ലഭ്യമാക്കിയത്. ആറുവര്‍ഷത്തിന് ശേഷം ബി.എം.ടി.സി. കഴിഞ്ഞമാസംമുതല്‍ വൈദ്യുതബസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ് പരീക്ഷണ ഓട്ടത്തിനായി 12 മീറ്റര്‍ നീളമുള്ള ശീതീകരിച്ച വൈദ്യുതബസ് ബി.എം.ടി.സി.ക്ക് നല്‍കിയത്. ബാറ്ററിശേഷി, യാത്രാശേഷി, ഗതാഗതക്കുരുക്കിലും മറ്റുമുള്ള ബസിന്റെ പ്രകടനം തുടങ്ങിയ കാര്യങ്ങളാണ് പരീക്ഷണ ഓട്ടത്തിലൂടെ പരിശോധിക്കുന്നത്.

Content Highlights; Karnataka BMTC Planning To Run 300 Electric Buses