ചൈനയിലെ ഇവി നിര്‍മ്മാതാക്കള്‍ക്കിടയിലെ കടുത്ത മത്സരം ആഗോള കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ലാഭം നേടുന്നത് ബുദ്ധിമുട്ടാക്കിയിട്ടുണ്ട്.

ഹോണ്ടയുടെ കാര്‍ നിര്‍മാണ പ്ലാന്റ് | File Photo - AFP
'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്താന്‍ ജപ്പാനിലെ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍. ചൈനയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു സുപ്രധാന നീക്കമായാണ് ഇതിനെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡ്, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ എന്നിവ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവായ ടൊയോട്ട കര്‍ണാടകയിലെ നിലവിലുള്ള ഫാക്ടറി വികസിപ്പിക്കുന്നതിനും മഹാരാഷ്ട്രയില്‍ പുതിയൊരെണ്ണം സ്ഥാപിക്കുന്നതിനും വേണ്ടി 3 ബില്യണ്‍ ഡോളര്‍ (ഏകദേശം 26,000 കോടി രൂപ) നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 15 പുതിയതും പുതുക്കിയതുമായ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ടൊയോട്ട പദ്ധതിയിടുന്നതായി കഴിഞ്ഞയാഴ്ച റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെ ഒന്നാംനിര കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡില്‍ ഭൂരിഭാഗം ഓഹരിയുമുള്ള സുസുക്കി 2030 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയില്‍ 70,000 കോടി രൂപ വരെ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു എന്നാണ് വിവരം. ഉത്പാദന ശേഷി പ്രതിവര്‍ഷം 40 ലക്ഷം യൂണിറ്റായി ഉയര്‍ത്തുന്നതിനും ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയില്‍ 50 ശതമാനം വിപണി വിഹിതം തിരിച്ചുപിടിക്കുന്നതിനും വേണ്ടിയാണിത്. അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ എട്ട് എസ്യുവികള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്.ആസൂത്രിത ഇലക്ട്രിക് കാറുകളിലൊന്നിന്റെ ഉത്പാദന - കയറ്റുമതി കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുമെന്ന് കഴിഞ്ഞയാഴ്ച ഹോണ്ടയും അറിയിച്ചിരുന്നു.
ജപ്പാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് മേക്ക് ഇന്ത്യ എന്തുകൊണ്ട് പ്രധാനപ്പെട്ടതാകുന്നു?
ചൈനയിലെ ഇവി നിര്‍മ്മാതാക്കള്‍ക്കിടയിലെ കടുത്ത മത്സരം ആഗോള കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ലാഭം നേടുന്നത് ബുദ്ധിമുട്ടാക്കിയിട്ടുണ്ട്. അതേസമയം, ചൈനീസ് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇവിടെ നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള വാതിലുകള്‍ ഇന്ത്യ തല്‍ക്കാലത്തേക്ക് അടച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ശക്തമായ റീട്ടെയില്‍, നിര്‍മ്മാണ ശൃംഖലകളുള്ള ടൊയോട്ട, സുസുക്കി, ഹോണ്ട എന്നിവര്‍ ഈ സ്ഥിതിവിശേഷം ഏറെ ഗുണകരമായി കാണുന്നു. ചൈനയില്‍നിന്ന് ലഭിക്കുന്ന കുറഞ്ഞ ലാഭവിഹിതവും വാഹന നിര്‍മാതാക്കളെ ആ രാജ്യത്തുനിന്ന് അകറ്റുന്ന ഘടകമാണ്. ചൈനീസ് എതിരാളികളുമായി മത്സരിക്കേണ്ട സാഹചര്യം ഇല്ലാത്തതിനാല്‍ ഇന്ത്യ് വളരെ മികച്ച ഒരു വിപണിയാണെന്ന് ജാപ്പനീസ് കമ്പനികള്‍ കരുതുന്നു. കൂടാതെ, ഇന്ത്യയില്‍ ചെലവ് കുറഞ്ഞ നിര്‍മ്മാണം, വലിയ തൊഴില്‍ ശക്തി, ഇന്ത്യയ്ക്കും ലോകത്തിനും വേണ്ടി കാറുകള്‍ നിര്‍മ്മിക്കാന്‍ അനുകൂലമായ നയങ്ങള്‍ എന്നിവയുമുണ്ട്.
ഇന്ത്യയുടെ ഗതാഗത മേഖലയിലെ ജപ്പാന്റെ നേരിട്ടുള്ള വാര്‍ഷിക നിക്ഷേപം 2021-നും 2024-നും ഇടയില്‍ ഏഴിരട്ടിയിലധികം വര്‍ധിച്ച് കഴിഞ്ഞ വര്‍ഷം 294 ബില്യണ്‍ യെന്‍ (2 ബില്യണ്‍ ഡോളര്‍) ആയി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ചൈനയുടെ ഗതാഗത മേഖലയിലെ ജപ്പാന്റെ നേരിട്ടുള്ള നിക്ഷേപം 83 ശതമാനം ഇടിഞ്ഞ് കഴിഞ്ഞ വര്‍ഷം വെറും 46 ബില്യണ്‍ യെന്‍ (300 മില്യണ്‍ ഡോളര്‍) ആയി കുറയുകയും ചെയ്തിട്ടുണ്ട്. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ 'മേക്ക് ഇന്‍ ഇന്ത്യ'യിലേക്ക് കൂടുതല്‍ വിദേശ കാര്‍ നിര്‍മ്മാതാക്കളെ ആകര്‍ഷിച്ച് ഈ മുന്നേറ്റം നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ആഭ്യന്തര, ആഗോള വിപണികള്‍ക്കായി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് അവരെ പ്രേരിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനങ്ങള്‍ നല്‍കുന്നുണ്ട്.
Content Highlights: Toyota, Suzuki, & Honda invest billions in India`s auto sector, pivoting from China. Explore reasons, plans, & India`s growing automotive significance
Published: 05 Nov 2025, 08:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented