കാക്കനാട്: മദ്യലഹരിയില്‍ കാറിലെത്തി ഓട്ടോറിക്ഷയ്ക്കു പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ നാട്ടുകാര്‍ 'പിടികൂടി' പോലീസിനു കൈമാറി. പിന്നാലെ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
എറണാകുളം ആര്‍ടി ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. ബിനുവിനെയാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തത്. മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ബിനുവിനെതിരേ തൃക്കാക്കര പോലീസ് കേസെടുത്തിട്ടുമുണ്ട്. ഓടിച്ച കാറും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രി തൃക്കാക്കര തോപ്പില്‍ ജങ്ഷനിലായിരുന്നു സംഭവം. ഇവിടെ റോഡരികില്‍ മീന്‍കച്ചവടം ചെയ്യുന്ന ദമ്പതിമാരുടെ ഓട്ടോറിക്ഷ കണ്ട് 'കര്‍ത്തവ്യബോധം' ഉണര്‍ന്ന് പിഴ ചുമത്താന്‍ ഇറങ്ങിയ ഉദ്യോഗസ്ഥനാണ് ഊരാക്കുടുക്കില്‍ പെട്ടത്. അതുവഴി സ്വന്തം വാഹനത്തില്‍ സിവില്‍ ഡ്രസ്സിലാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ 'ഡ്യൂട്ടി'ക്കിറങ്ങിയത്. താന്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണെന്ന് പരിചയപ്പെടുത്തിയ ബിനു അനധികൃതമായി ഓട്ടോറിക്ഷയില്‍ കച്ചവടം നടത്തിയതിന് പിഴയൊടുക്കണമെന്നും ആവശ്യപ്പെട്ടു. സംഭവമറിഞ്ഞെത്തിയ ഇവരുടെ ഭര്‍ത്താവിനോടും വ്യാഴാഴ്ച ഓഫീസിലെത്തി പിഴയൊടുക്കണമെന്ന് ഭീഷണി മുഴക്കി.
ഇതിനിടെ നാട്ടുകാരും തടിച്ചുകൂടി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ സംസാരത്തിലും ഭാവത്തിലും പന്തികേടും മദ്യത്തിന്റെ രൂക്ഷഗന്ധവും അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ ഉദ്യോഗസ്ഥനോട് തിരികെ ചോദ്യങ്ങള്‍ ചോദിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥനും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമായി. പോലീസെത്തിയിട്ട് പോയാല്‍ മതിയെന്നു പറഞ്ഞ് നാട്ടുകാര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ തടഞ്ഞുവെച്ചു. ഒടുവില്‍ തൃക്കാക്കര പോലീസ് എത്തി ബിനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥന്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതോടെ കേസെടുക്കുകയായിരുന്നു. മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനും അപമര്യാദയായി സംസാരിച്ചതിനും നാട്ടുകാര്‍ തടഞ്ഞുവെച്ചുവെന്ന എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ റിപ്പോര്‍ട്ടിനെയും തുടര്‍ന്നാണ് ബിനുവിനെ അന്വേഷണ വിധേയമായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂവാറ്റുപുഴ ആര്‍ടിഒയെ ചുമതലപ്പെടുത്തി.
Content Highlights: Intoxicated Motor Vehicle Inspector Suspended for Illegally Fining Auto Driver
Published: 12 Sept 2025, 07:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented