ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകളെ റിങ് റോഡുകളുമായി ബന്ധിപ്പിച്ചതാണ് സിഗ്നല്‍ ഒഴിവാക്കുന്നതിനായി സ്വീകരിച്ച ആദ്യ നടപടി.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
വാഹനവുമായി യാത്രയ്ക്ക് ഇറങ്ങുന്ന എല്ലാ ആളുകളെയും ഒരുപോലെ അലോസരപ്പെടുത്തുന്ന ഒന്നാണ് ട്രാഫിക് സിഗ്നലുകള്‍. യാത്ര നഗരങ്ങളിലൂടെയാണെങ്കില്‍ സിഗ്നലുകളുടെ എണ്ണവും കാത്തിരിപ്പിന്റെ ദൈര്‍ഘ്യവും കൂടാറുണ്ട്. എന്നാല്‍, സിഗ്നല്‍ ലൈറ്റുകള്‍ (റെഡ് ലൈറ്റ്) ഇല്ലാത്ത ഒരു നഗരത്തെ കുറിച്ച് നമുക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ? ഇത്തരത്തില്‍ ഒരു നഗരം നമ്മുടെ ഇന്ത്യയില്‍ തന്നെയുണ്ട്. രാജസ്ഥാനിലെ പ്രശസ്തമായ കോട്ട എന്ന നഗരമാണ് ഇന്ത്യയിലെ ആദ്യ സിഗ്നല്‍ രഹിത നഗരം.
നിരവധി ലക്ഷ്യങ്ങളോടെയാണ് ഈ സിഗ്നല്‍ രഹിത നഗരം എന്ന ആശയം നടപ്പാക്കുന്നത്. തടസ്സമില്ലാതെയുള്ള ഗതാഗത ഉറപ്പാക്കുന്നതിനൊപ്പം നിരത്തുകളിലെ കാത്തിരിപ്പ് ഒഴിവാക്കുക, വാഹനങ്ങളിലെ ഇന്ധനച്ചെലവ് കുറയ്ക്കുക, റോഡിലെ തിരക്ക് ഇല്ലാതാക്കുക തുടങ്ങിയവയാണ് റെഡ് സിഗ്നല്‍ ഒഴിവാക്കുകയെന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്.
സാധാരണയായി ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകളെ റിങ് റോഡുകളുമായി ബന്ധിപ്പിച്ചതാണ് സിഗ്നല്‍ ഒഴിവാക്കുന്നതിനായി സ്വീകരിച്ച ആദ്യ നടപടി. ഈ റോഡുകള്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ഒഴിവാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സിഗ്നലുകള്‍ അനിവാര്യമായ കവലകളിലൂടെയുള്ള യാത്രകളും ഒഴിവാക്കിയിട്ടുണ്ട്. തിരക്കേറിയ ജംങ്ഷനുകളില്‍ വാഹനങ്ങളുടെ തടസ്സമില്ലാതെയുള്ള യാത്രകള്‍ ഉറപ്പാക്കുന്നതിനായി ഫ്‌ളൈഓവറുകളും അണ്ടര്‍പാസുകളും നിര്‍മിച്ചിട്ടുണ്ട്.
സ്ഥലസൗകര്യമുള്ള പ്രദേശങ്ങളില്‍ റോട്ടറി ഇന്റര്‍സെക്ഷനുകള്‍ സ്ഥാപിച്ചതും സിഗ്നല്‍ ഒഴിവാക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. വാഹനങ്ങള്‍ റോഡിലേക്ക് പ്രവേശിക്കുന്നതിന്റെയും പുറത്തേക്ക് പോകുന്നതിന്റെയും വേഗത നിയന്ത്രിക്കുന്നതിനായി റൗണ്ട് എബൗട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിരത്തുകളില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി റോഡിന്റെ വീതി വര്‍ധിപ്പിച്ചിട്ടുമുണ്ട്. റോഡിലൂടനീളം ദിശാബോര്‍ഡുകള്‍ നല്‍കിയിരിക്കുന്നതിലൂടെ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സഹായകമാക്കിയിട്ടുണ്ട്.
തിരക്കേറിയ സമയങ്ങളിലെ യാത്രകള്‍ക്കായി പ്രധാന റോഡുമായി ബന്ധിപ്പിച്ച് ബദല്‍ പാതകള്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെയും സാധാരണ ജനങ്ങളുടെയും യാത്ര സംബന്ധിച്ച പഠനത്തില്‍ നിന്നാണ് സിഗ്നല്‍ രഹിത ഗതാഗത സംവിധാനം എന്ന ആശയത്തിലേക്ക് കോട്ട എത്തുന്നത്. ഇതേതുടര്‍ന്നാണ് നഗരത്തില്‍ ഏറ്റവുമധികം ആളുകള്‍ യാത്ര ചെയ്യുന്ന പാതകളില്‍ സിഗ്നല്‍ ഇല്ലാത്ത യാത്ര ഉറപ്പാക്കുന്നതിനായി ബദല്‍ സംവിധാനങ്ങള്‍ അധികൃതര്‍ ഉറപ്പാക്കിയത്.
Content Highlights: Discover Kota, India`s first signal-free city! Learn how this unique approach eliminates traffic lights for smoother, faster, and more efficient travel.
Published: 13 Nov 2025, 07:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented