
ബെംഗളൂരു: ‘നിരത്തിലെ കുരുക്ക് മണിക്കൂറുകൾ നീളുമ്പോൾ രക്തസമ്മർദമുയരും. പുറകിൽനിന്ന് നിയമം ലംഘിച്ച് കയറിവരുന്ന വാഹനങ്ങളുടെ നേർക്ക് രോഷമുയരും. മൂത്രമൊഴിക്കാൻപോലും കഴിയാതെ ദുരിതത്തിലാകും.’ ഗതാഗതക്കുരുക്കിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബെംഗളൂരുവിൽ ദിവസവും യാത്രചെയ്യുന്ന ഒരു മലയാളിയുടെ അനുഭവമാണിത്.
‘രാവിലെയും വൈകുന്നേരവുമായി ദിവസവും കുറഞ്ഞത് മൂന്നരമണിക്കൂർ റോഡിലാണ്. ചില ദിവസങ്ങളിൽ ഇത് പിന്നെയും നീളും. മത്തിക്കരെയിലെ വീട്ടിൽനിന്നും ബെലന്തൂരിലെ ഓഫീസിലേക്ക് 28 കിലോമീറ്ററാണുള്ളത്. തിരക്കേറിയ സമയങ്ങളിൽ ഒരു കിലോമീറ്റർ നീങ്ങിക്കിട്ടാൻ 5-6 മിനിറ്റെടുക്കും’ -ബെലന്തൂർ ദേവരഹൊസഹള്ളി ശോഭാ ലിമിറ്റഡിൽ പർച്ചേസ് വിഭാഗം വൈസ് പ്രസിഡന്റായ വി.എസ്. ഉത്തമൻ വിവരിക്കുന്നു.
മാറത്തഹള്ളിയിൽനിന്നും എംജി റോഡിലേക്ക് 18 കിലോമീറ്റർ യാത്ര ചെയ്യാൻ രണ്ടരമണിക്കൂർവരെ റോഡിൽ ചെലവഴിക്കേണ്ടിവരുന്നതായി ഐടി ഉദ്യോഗസ്ഥയായ ദേവകി ഭട്ടതിരിപ്പാടും പറയുന്നു. കാർ ഓടിക്കുന്നതിനിടെ പ്രഭാതഭക്ഷണം കഴിക്കാനും മേക്കപ്പ് ചെയ്യാനും കരോക്കെ ഗാനം പരിശീലിക്കാനുംവരെ കഴിയാറുണ്ടെന്ന് അവർ പറഞ്ഞു.
ബെംഗളൂരുവിൽ ഐടി കമ്പനികൾ ഏറെയുള്ള ഔട്ടർ റിങ് റോഡിലാണ് ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാകാറ്. തിരക്കേറിയ സമയങ്ങളിൽ ഈ റോഡിന് വഹിക്കാവുന്നതിന്റെ നാലിരട്ടി വാഹനങ്ങൾ എത്തുന്നതായി ട്രാഫിക് പോലീസ് പറയുന്നു. വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയുടെ നിർമാണം നടന്നുവരുന്നതാണ് കുരുക്ക് കൂടാനുള്ള മറ്റൊരു കാരണം. 2019-ൽ തുടങ്ങിയതാണിത്.
യാത്രയുടെ ഭാഗമായി ദിവസവും അഞ്ച് മണിക്കൂർ റോഡിലാണെന്ന് ഇതുവഴി സ്ഥിരമായി ബിഎംടിസിയുടെ വോൾവോ ബസിൽ ഓഫീസിലേക്ക് പോകുന്ന ജി. ഹരികുമാർ പറയുന്നു. ഹെബ്ബാളിലെ വീട്ടിൽനിന്നും ബെലന്തൂരിലേക്ക് 25 കിലോമീറ്ററാണ് യാത്ര. രാവിലെ കുരുക്കൊഴിവാക്കാൻ ഏഴ് മണിയോടെ വീട്ടിൽനിന്നിറങ്ങും. എങ്കിലും ഒന്നേമുക്കാൽ മണിക്കൂറോളം യാത്ര നീളും. ഒരു മണിക്കൂർ നേരത്തേ ഓഫീസിലെത്തും. വൈകീട്ട് മൂന്ന് മണിക്കൂറെങ്കിലുമെടുത്താലേ വീട്ടിലെത്താനാകൂ.
ബെംഗളൂരു നഗരത്തിൽ ജനസംഖ്യ വർധിക്കുന്നതനുസരിച്ച് വാഹനങ്ങളുടെ എണ്ണവും വർധിക്കുകയാണ്. നഗരത്തിലെ പത്ത് റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽനിന്നായി ദിവസം ശരാശരി 3,000 വാഹനങ്ങൾ ഇറങ്ങുന്നതായാണ് കണക്ക്. കഴിഞ്ഞ ഡിസംബർ വരെ നഗരത്തിൽ 1.23 കോടി വാഹനങ്ങളുണ്ടെന്ന് കണക്ക് വ്യക്തമാക്കുന്നു. 2015-ൽ 64.4 ലക്ഷം വാഹനങ്ങളായിരുന്നു ഉണ്ടായിരുന്നത്.
പത്ത് വർഷംകൊണ്ട് വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി. എന്നാൽ, നഗരത്തിലെ റോഡുകളുടെ വലുപ്പത്തിന് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. നഗരത്തിൽ വിവിധയിടങ്ങളിലായി ഒരുദിവസം ശരാശരി 90 വാഹനങ്ങൾ ബ്രേക്ക് ഡൗണാകുന്നതായി ട്രാഫിക് പോലീസിന്റെ രേഖകൾ പറയുന്നു. പലതിലും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
Content Highlights: Experience the severe traffic jams in Bangalore, where commutes can take hours. Discover the daily struggles of residents and potential solutions.
Published: 24 Jan 2026, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented