ജയ്പുർ: ജെൻ-സി വിഭാഗക്കാരെ ലക്ഷ്യമിട്ട്, 18 വയസ്സ് തികയുന്ന യുവാക്കൾക്ക് ജന്മദിനാശംസകൾ അയക്കുന്ന പദ്ധതിയുമായി രാജസ്ഥാനിലെ ഭജൻ ലാൽ ശർമ സർക്കാർ. കഴിഞ്ഞ ജൂലായിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ എൺപതിനായിരത്തോളം ആശംസാ കാർഡുകളാണ് സംസ്ഥാനത്തുടനീളം തപാൽമാർഗം അയച്ചത്. ആശംസകൾ നേരുന്നതിനൊപ്പംതന്നെ ഇവരെ വോട്ടർപ്പട്ടികയിൽ പേരുചേർക്കാൻ പ്രേരിപ്പിക്കുക എന്നതുകൂടിയാണ് ഈ നീക്കത്തിനു പിന്നിലുള്ള ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

To advertise here,

'ജീവിതത്തിലെ പതിനെട്ടാം വസന്തം പൂർത്തിയാക്കുന്ന നിങ്ങൾക്ക് എന്റെ ഹൃദയംനിറഞ്ഞ ആശംസകൾ' എന്നുതുടങ്ങുന്ന ഹിന്ദിയിലുള്ള കത്താണ് അയക്കുന്നത്. ‘ഊർജം നിറഞ്ഞ ഈ യൗവനം സാമൂഹിക ഉത്തരവാദിത്വത്തിന്റേയും അവകാശങ്ങളുടേയും അവസരങ്ങളുടേയും പുതിയൊരു അധ്യായത്തിന് തുടക്കമിടുകയാണ്. വോട്ടർപ്പട്ടികയിൽ പേര് രജിസ്റ്റർചെയ്ത് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണം’ കത്തിൽ പറയുന്നു. കരുത്തരായ ചെറുപ്പക്കാരാണ് സമൃദ്ധമായ രാഷ്ട്രത്തിന്റെ അടിത്തറയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളും കത്തിലുണ്ട്. അവസരം ലഭിക്കുമ്പോൾ നേരിട്ടുകാണാമെന്ന ഉറപ്പോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്.

സംസ്ഥാന ലോഗോ മുഖ്യമന്ത്രി ഭജൻലാൽ ശർമ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളിൽ ലഭ്യമായ ഡേറ്റകൾ ശേഖരിച്ചാണ് 18 വയസ്സ് തികയുന്നവരുടെ വിവരങ്ങൾ ഇതിനായി ഉപയോഗിക്കുന്നത്. 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടാണ് ബി.ജെ.പി.യുടെ പുതിയ നീക്കം.