രാജ്യത്തെ കാര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച മാരുതി 800-ന്റെ ശില്പിയും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുന്‍ ചെയര്‍മാനുമായ ഒസാമു സുസുക്കിയെ പദ്മവിഭൂഷണന്‍ നല്‍കി ആദരിച്ച് ഇന്ത്യ. മരണാനന്തര ബഹുമതിയായാണ് ഒസാമു സുസുക്കിക്ക് ഇന്ത്യ പദ്മവിഭൂഷണ്‍ പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ജപ്പാനില്‍വെച്ച് 94-ാം വയസ്സിലായിരുന്നു ഒസാമു സുസുക്കിയുടെ അന്ത്യം

To advertise here,

ജപ്പാന്‍ ആസ്ഥാനമായുള്ള സുസുക്കി മോട്ടോഴ്‌സ് കോര്‍പ്പറേഷനെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയതിന് പിന്നില്‍ ഒസാമു സുസുക്കിയുടെ ദീര്‍ഘവീക്ഷണവും കഠിനപ്രയത്‌നവുമായിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളിലേക്ക് സുസുക്കി പ്രവേശിച്ചതും അദ്ദേഹത്തിന്റെ കാലയളവിലായിരുന്നു. 

സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ സ്ഥാപകനായ മിഷിയോ സുസുക്കിയുടെ പേരമകളായ ഷോകോ സുസുക്കിയെ വിവാഹം കഴിച്ചതോടെയാണ് കമ്പനി ഒസാമു സുസുക്കിയിലെത്തുന്നത്. മുന്‍ ബാങ്ക് ജീവനക്കാരനായിരുന്ന ഒസാമു വിവാഹശേഷം തന്റെ പേരിനൊപ്പം ഭാര്യയുടെ കുടുംബപ്പേരും കൂട്ടിച്ചേര്‍ത്തു. 

അംബാസഡറും ഫിയറ്റും മാത്രമായി അരങ്ങുവാണിരുന്ന ഇന്ത്യന്‍ കാര്‍ വിപണിയിലേക്ക് മാരുതി 800 എന്ന ചെറിയ കാറുമായിട്ടായിരുന്നു ഒസാമു സുസുക്കിയുടെ രംഗപ്രവേശം. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മാരുതി ഉദ്യോഗും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനും തമ്മില്‍ 1982-ലാണ് ഇന്ത്യയില്‍ പുതിയ സ്ഥാപനം ആരംഭിക്കാന്‍ കരാറിലേര്‍പ്പെട്ടത്. പിന്നാലെ 1983 ഡിസംബറില്‍ മാരുതി 800 വിപണിയിലെത്തി.

രാജ്യത്തെ സാധാരണക്കാരന്റെ കാര്‍ എന്ന സ്വപ്‌നത്തിന് ചിറകുനല്‍കുന്നതായിരുന്നു മാരുതി 800-ന്റെ കടന്നുവരവ്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതി 800 തീര്‍ത്തത് ചരിത്രം. ഇതിനൊപ്പം മാരുതി സുസുക്കി ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായും മാറി. 

28 വര്‍ഷത്തോളം സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ പ്രസിഡന്റായിരുന്നു ഒസാമു സുസുക്കി. 2000-ല്‍ സുസുക്കിയുടെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായി. ആഗോളസാമ്പത്തികമാന്ദ്യം കാരണം കമ്പനിയുടെ ലാഭം കുറയുമെന്ന ഘട്ടത്തില്‍ 2008-ല്‍ തന്റെ 78-ാം വയസ്സില്‍ അദ്ദേഹം വീണ്ടും സുസുക്കിയുടെ പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തി. കമ്പനിയെ വീണ്ടും മുന്നില്‍നിന്ന് നയിച്ചു. 2015-ല്‍ പ്രസിഡന്റ് പദവി മകന് കൈമാറി ഒസാമു കമ്പനിയുടെ ചെയര്‍മാനായി. തുടര്‍ന്ന് 2021-ലാണ് അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് വിരമിച്ചത്. നേരത്തെ 2007-ല്‍ ഇന്ത്യ പദ്മഭൂഷണ്‍ നല്‍കിയും ഒസാമു സുസുക്കിയെ ആദരിച്ചിരുന്നു.