ന്ത്യയുടെ വാഹന മേഖല വലിയൊരു മാറ്റത്തിന് ഒരുങ്ങുകയാണ്. ബദൽ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി E100 ഫ്‌ളെക്‌സ് ഫ്യുവലിന് രാജ്യത്ത് അനുമതി നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. 2026 ജൂൺ 12-നാണ്‌ E100 ഇന്ധനത്തിന് അനുമതി നൽകിയുള്ള നിയമങ്ങളിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഒപ്പുവെച്ചത്.

To advertise here,

E100 എന്ന ഇന്ധനത്തിന് അനുമതി നൽകിയതിന് പിന്നാലെ ഇന്ത്യയിലെ വാഹന നിർമാതാക്കൾ എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പനയ്ക്ക് ഒരുങ്ങണമെന്ന് മന്ത്രി നിതിൻ ഗഡ്കരി ആഹ്വാനം ചെയ്തു. മാരുതി സുസുക്കി, ടൊയോട്ട, എംജി മോട്ടോഴ്‌സ്, ഹ്യുണ്ടായി തുടങ്ങി നിരവധി വാഹന നിർമാതാക്കൾ ഉയർന്ന എഥനോൾ മിശ്രിതങ്ങളിലുള്ള ഇന്ധനത്തിൽ ഓടാൻ സാധിക്കുന്ന വാഹനങ്ങൾ നിർമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

E100 ഇന്ധനം യാഥാർഥ്യമാകുന്നതിലൂടെ വിദേശ രാജ്യങ്ങളിൽനിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ജൈവ ഇന്ധനങ്ങൾക്ക് പുതിയൊരു വിപണി E100 ഇന്ധനത്തിലൂടെ ഒരുക്കാൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, E100-ന് പെട്രോളിന് പകരക്കാരനാകാൻ സാധിക്കുമോ? എന്തൊക്കെയാണ് E100 ഇന്ധനത്തിന്റെ ഗുണങ്ങളും ദോഷങ്ങളും?

എന്താണ് E100 ഇന്ധനം?

എഥനോൾ ബയോ ഇന്ധനമായാണ് അറിയപ്പെടുന്നത്. കരിമ്പ്, ചോളം, കേടുപാട് സംഭവിച്ച ഭക്ഷ്യധാന്യങ്ങൾ, കാർഷിക അവശിഷ്ടങ്ങൾ തുടങ്ങിയവയിൽനിന്നാണ് പുനരുത്പാദിപ്പിക്കാവുന്ന ജൈവ ഇന്ധനമായ എഥനോൾ വികസിപ്പിക്കുന്നത്. പുതിയൊരു ബദൽ ഇന്ധനമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും അടങ്ങിയ E20 പെട്രോളാണ് നിലവിൽ ഇന്ത്യയിലെ വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. E25-ലേക്കുള്ള മാറ്റത്തിന് ഒരുങ്ങുന്ന ഇന്ത്യയിലെ വാഹന മേഖലയുടെ യാത്രയുടെ അടുത്ത ഘട്ടമായാണ് E100 ഇന്ധനങ്ങളെ വിശേഷിപ്പിക്കുന്നത്. എന്നാൽ, നിലവിലെ വാഹനങ്ങളിൽ ഇത് ഉപയോഗിക്കാൻ സാധിക്കില്ല. എൻജിനിൽ ഉൾപ്പെടെ E100-ഇന്ധനത്തെ ഉൾക്കൊള്ളാനുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

E100-ലേക്കുള്ള മാറ്റം എന്തിന്

E100 ഇന്ധനത്തിലേക്കുള്ള മാറ്റത്തിന് പിന്നിൽ ഒട്ടേറെ ലക്ഷ്യങ്ങളാണ് കേന്ദ്ര സർക്കാരിനുള്ളത്. ബയോ ഇന്ധനമായതിനാൽ തന്നെ ഇത് അങ്ങേയറ്റം പരിസ്ഥിതി സൗഹാർദമാണെന്നതാണ് കാരണങ്ങളിൽ ഒന്ന്. കാർബൺ മോണോക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡുകൾ തുടങ്ങിയവയുടെ പുറംതള്ളലുകൾ ഗണ്യമായി കുറയ്ക്കുന്നു. കരിമ്പ് ഉൾപ്പെടെയുള്ളവയിൽനിന്ന് ഉത്പാദിപ്പിക്കുന്നതിനാൽ തന്നെ കാർബൺ എമിഷനും കുറവാണ്.

രണ്ടാമതായി സാമ്പത്തിക ലാഭമാണ്. ഇന്ത്യയിൽ ആവശ്യമായ അസംസ്‌കൃത എണ്ണയുടെ സിംഹഭാഗവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. എഥനോൾ വ്യാപകമാക്കിയാൽ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിച്ചെലവിൽ പ്രതിവർഷം 22 ലക്ഷം കോടി രൂപ ലാഭിക്കാമെന്നാണ് സർക്കാർ പറയുന്നത്. ഇ20-യുടെ വരവോടെ തന്നെ അസംസ്‌കൃത എണ്ണ ഇറക്കുമതിയിൽ ഒരു ലക്ഷം കോടിയിലധികം ലാഭം നേടാൻ കഴിഞ്ഞെന്നുമാണ് സർക്കാരിന്റെ അവകാശവാദം.

കർഷകർക്ക് ഉയർന്ന നേട്ടമുണ്ടാകുമെന്നതാണ് E100 ഇന്ധനത്തിലൂടെ ഉറപ്പാക്കുന്ന മറ്റൊരു ഗുണം. കരിമ്പ്, ചോളം, കേടുവന്ന ഭക്ഷ്യധാന്യങ്ങൾ എന്നിവയിൽനിന്നാണ് എഥനോൾ നിർമിക്കുന്നത്. ഇതുവഴി ഇത്തരം വിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക് അവരുടെ വിളകൾക്ക് ഉറപ്പായുള്ള വിപണിയും മികച്ച വിലയും ലഭിക്കും. ഇതിനൊപ്പം, എഥനോൾ നിർമാണ പ്ലാന്റുകൾ വരുന്നതിലൂടെ ഗ്രാമീണ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

ഏതൊക്കെ വാഹനങ്ങളിൽ ഉപയോഗിക്കാം

E100 ഇന്ധനം നിലവിൽ വിപണിയിലുള്ള എല്ലാ വാഹനത്തിലും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നല്ല. പൂർണമായും എഥനോൾ ഇന്ധനത്തെ ഉൾക്കൊള്ളാനാവുന്ന സംവിധാനങ്ങളോടെ ഒരുങ്ങിയ വാഹനങ്ങളിൽ മാത്രമാണ് ഇത് ഉപയോഗിക്കാനാകൂ. പെട്രോൾ വാഹനങ്ങളുടെ എൻജിനീയറിങ്ങിൽനിന്നു തികച്ചും വ്യത്യസ്തമായിരിക്കും എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ മെക്കാനിക്കൽ സംവിധാനങ്ങൾ.

എഥനോൾ ഇന്ധനമായ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എൻജിൻ കാലിബ്രേഷൻ, ഇൻജക്ടറുകൾ, ഫ്യുവൽ പമ്പുകൾ, ഫ്യുവൽ ലൈനുകൾ എന്നിവയിൽ മാറ്റം ആവശ്യമാണ്. അതേസമയം വാഹനങ്ങളുടെ പിസ്റ്റൺ, ക്രാങ്ക്ഷാഫ്റ്റ്, ഗിയർബോക്‌സ് തുടങ്ങിയവയിൽ വലിയ മാറ്റങ്ങൾ വേണ്ടി വരില്ല. ഇവിടെയാണ് ഫ്‌ളെക്‌സ് ഫ്യുവൽ വാഹനങ്ങളുടെ പ്രസക്തി. മാരുതി സുസുക്കി വാഗൺആർ, ഹീറോ മോട്ടോർകോർപ്പ് സ്‌പ്ലെൻഡർ, എച്ച്എഫ് ഡീലക്‌സ് മോഡലുകൾ E100 ഇന്ധനങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ ഒരുങ്ങിയിരിക്കുന്നവയാണ്.

നേട്ടങ്ങൾ എന്തെല്ലാം

മൂന്ന് സുപ്രധാന ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് ഇന്ത്യ E100 ഇന്ധനത്തിന് അനുമതി നൽകിയിരിക്കുന്നത്. ഒന്ന് പാരിസ്ഥിതികവും മറ്റേത്‌ സാമ്പത്തികകവും.

കുറഞ്ഞ കാർബൺ പുറംതള്ളൽ- ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളെ അപേക്ഷിച്ച് ഇ100 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറവാണ്. പെട്രോൾ/ഡീസൽ വാഹനങ്ങളിൽനിന്ന് കാർബൺ മോണോക്‌സൈഡ് ഉൾപ്പെടെയുള്ള വാതകങ്ങളാണ് പ്രധാനമായി പുറംതള്ളുന്നത്. എന്നാൽ, ഇ100 ഇന്ധനം ഇത്തരം ഗ്രീൻ ഹൗസ് ഗ്യാസുകളുടെ പുറംതള്ളലുകൾ കുറയ്ക്കുന്നു.

എണ്ണ ഇറക്കുമതി കുറയും- അസംസ്‌കൃത എണ്ണയ്ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാമെന്നതാണ് ഇ100 ഇന്ധനങ്ങൾക്ക് അനുമതി നൽകിയതിലൂടെ രാജ്യത്തിനുണ്ടായ മറ്റൊരു നേട്ടം. ഇ100 ഇന്ധനം പൂർണ തോതിൽ എത്തിത്തുടങ്ങുന്നതിലൂടെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് കുറയ്ക്കാനും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കാനും വഴിയൊരുങ്ങും.

കാർഷിക മേഖലയ്ക്ക് നേട്ടം- കാർഷിക മേഖലയ്ക്ക് വലിയ കുതിപ്പാണ് ഇ100 ഇന്ധനത്തിന്റെ വരവോടെ പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് കരിമ്പ്, ചോളം പോലെയുള്ള വിളകൾക്ക്. കാരണം ഇ100 ഇന്ധനം അല്ലെങ്കിൽ എഥനോൾ നിർമിക്കുന്നതിന് കരിമ്പ്, ചോളം, കാർഷികോത്പന്നങ്ങളുടെ അവശിഷ്ടങ്ങൾ, കേടുവന്ന ഭക്ഷ്യധാന്യങ്ങൾ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇവയുടെ ഉത്പാദനം വർധിപ്പിക്കുന്നതിനായി കാർഷിക മേഖല കൂടുതൽ കരുത്താർജിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.

കോട്ടങ്ങൾ എവിടെ?

കർഷകർക്ക് നേട്ടമാകുമെന്ന് പറഞ്ഞത് പോലെ തന്നെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട്‌ വെല്ലുവിളിയുമാകും ഈ തീരുമാനം. കരിമ്പ്, ചോളം, ധാന്യങ്ങൾ എന്നിവ വ്യാപകമായി ഉപയോഗിക്കുന്നത് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറയ്ക്കുമെന്നും വിലക്കയറ്റത്തിന് കാരണമാകുമെന്നതുമാണ് പ്രധാന പ്രതിസന്ധി. ഇതിനുപുറമെ, വാഹനങ്ങളെ സാങ്കേതികമായി E100 ഇന്ധനം ബാധിക്കും.

കുറഞ്ഞ മൈലേജ്‌- പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഊർജ സാന്ദ്രത കുറവാണ്. അതുകൊണ്ടുതന്നെ എഥനോൾ ഇന്ധനമായി ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ ഇന്ധനക്ഷമത പെട്രോളിനെ അപേക്ഷിച്ച് 30 ശതമാനം വരെ കുറയാനാണ് സാധ്യത.

എല്ലാ വാഹനത്തിലുമാകില്ല- സാധാരണ പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനത്തിൽ ഇ100 ഇന്ധനം ഒഴിക്കുന്നത് പ്രായോഗികമല്ല. ഇത് ഉപയോഗിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ഫ്‌ളെക്‌സ് ഫ്യുവൽ എൻജിനുകൾ തന്നെ വേണം. ഫ്യൂവൽ ടാങ്ക്, ഫ്യൂവൽ പമ്പ്, ഫ്യൂവൽ ഇൻജെക്ടറുകൾ, എൻജിൻ നിയന്ത്രണ സോഫ്റ്റ്വേർ എന്നിവയിലാണ് പ്രധാനമായി മാറ്റം വേണ്ടത്.

തുരുമ്പ് വില്ലനാകും- എഥനോളിന് ഉയർന്ന സാന്ദ്രയുള്ളതിനാൽ തന്നെ തുരുമ്പെടുക്കാനുള്ള സാധ്യതയും ഉയർന്നതാണ്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന റബർ ഹോസുകൾക്കും സീലുകൾക്കും കേടുപാട് സംഭവിക്കുന്നത് പോലെ ഇരുമ്പ് ഭാഗങ്ങളിൽ തുരുമ്പ് കയറാനുള്ള സാധ്യത കൂടുതലാണ്.