സ്വകാര്യവാഹനങ്ങള്‍ ടാക്‌സി ആവശ്യത്തിന് ഉപയോഗിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കില്ല.

കാക്കനാട്: അനധികൃത ബൈക്ക് ടാക്‌സിക്കാരെ പൂട്ടാൻ എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.യും സംഘവും രംഗത്ത്. ചൊവ്വാഴ്ച കളക്ടറേറ്റ് പരിസരം, ഇൻഫോപാർക്ക്, കളമശ്ശേരി, എറണാകുളം നഗരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നും ആപ്പ് വഴി ടൂവീലർ ബുക്ക് ചെയ്താണ് നിയമലംഘനങ്ങൾ പിടികൂടിയത്. റൈഡ് എടുക്കാനെത്തുന്ന വാഹനങ്ങളിൽ പരിശോധന നടത്തിയാണ് നിയമലംഘനക്കാരെ പൊക്കിയത്.
സ്വകാര്യ ആവശ്യങ്ങൾക്ക് മാത്രമായി രജിസ്റ്റർ ചെയ്ത 36 ഇരുചക്ര വാഹനങ്ങളാണ് കുടുങ്ങിയത്. നിയമവിരുദ്ധമായി ആപ്പ് അധിഷ്ഠിത ടാക്‌സി സർവീസ് നടത്തിയതിന് ഇവരിൽനിന്ന് 1.18 ലക്ഷം രൂപ പിഴ ഈടാക്കി. പിടിയിലായ ഭൂരിഭാഗം വാഹനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയോ, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ലെന്ന വിവരവും വ്യക്തമായി.
എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തിൽ അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു മിന്നൽ പരിശോധന. നഗരത്തിൽ അനധികൃത ബൈക്ക് ടാക്‌സികൾ പെരുകുന്ന സാഹചര്യത്തിൽ, വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധന തുടരും.
സാധാരണ ഓട്ടോറിക്ഷകളോ, കാർ ടാക്‌സികളോ പോലെ വഴിയിൽനിന്ന് നേരിട്ട് യാത്രക്കാരെ കയറ്റി സർവീസ് നടത്താൻ ടൂവീലർ ടാക്‌സികൾക്ക് അനുമതിയുണ്ടായിരിക്കില്ല. സർക്കാരിന്റെ അഗ്രിഗേറ്റർ ലൈസൻസുള്ള കമ്പനികളുടെ (നിലവിൽ ഊബർ, റാപ്പിഡോ തുടങ്ങിയവ) ആപ്പുകൾ വഴി ലഭിക്കുന്ന ബുക്കിങ്ങുകൾക്ക് മാത്രമേ ഇത്തരം ടൂവീലർ ടാക്‌സികൾക്ക് സർവീസ് നടത്താൻ സാധിക്കൂ.
സ്വകാര്യവാഹനങ്ങൾ ടാക്‌സി ആവശ്യത്തിന് ഉപയോഗിച്ച് അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കില്ല. ടാക്‌സി വാഹനങ്ങൾക്ക് ഇൻഷുറൻസ് തുക കൂടുതലാണ്. പെർമിറ്റില്ലാതെ ഓടുന്ന വാഹനങ്ങൾക്ക് അപകടമുണ്ടായാൽ ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരല്ല.
കമ്പനികൾക്കെതിരേയും നടപടി
ഓൺലൈൻ ആപ്പുകൾ പെർമിറ്റും ടാക്‌സി രജിസ്ട്രേഷനും ഇല്ലാത്ത ഇരുചക്ര വാഹനങ്ങളെ സർവീസിന് അനുവദിക്കുന്നത് ഗുരുതര നിയമലംഘനമാണെന്ന് അധികൃതർ പറഞ്ഞു. ഇത്തരത്തിൽ നിയമംപാലിക്കാത്ത കമ്പനികൾക്കെതിരേ നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് ശുപാർശ നൽകുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
1100 രൂപ അടച്ച് ടാക്‌സിയാക്കാം
സ്വകാര്യ ടൂവീലറുകൾ നിയമപരമായി ടാക്‌സിയാക്കി മാറ്റാൻ ഇനിപ്പറയുന്ന നടപടികൾ പൂർത്തിയാക്കണം. ആർ.ടി. ഓഫീസിൽ വണ്ടി ടാക്‌സിയാക്കി മാറ്റാനുള്ള അപേക്ഷ സമർപ്പിച്ച് നിശ്ചിത ഫീസ് അടയ്ക്കണം. വാഹനം ടാക്‌സിയായി രജിസ്റ്റർ ചെയ്ത് മഞ്ഞ നമ്പർപ്ലേറ്റിലേക്ക് മാറ്റണം. ടാക്‌സി പെർമിറ്റ് എടുക്കുകയും ടാക്‌സി വിഭാഗത്തിലുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും വേണം.
ടാക്‌സിയാക്കുന്ന പുതിയ വാഹനങ്ങൾക്ക് ആദ്യ എട്ടുവർഷം രണ്ടുവർഷത്തിലൊരിക്കലും അതിനുശേഷം എല്ലാ വർഷവും ഫിറ്റ്നസ് പരിശോധന നടത്തി സി.എഫ്. പുതുക്കണം. വാഹനത്തിന്റെ കൺവേർഷൻ (ടാക്‌സിയാക്കി മാറ്റൽ), ഫിറ്റ്നസ് പരിശോധന (സി.എഫ്.) എന്നിവയ്ക്കായി 800 രൂപയും ടാക്‌സി പെർമിറ്റിനായി 300 രൂപയുമാണ് അടയ്‌ക്കേണ്ടത്.
Content Highlights: 36 private two-wheelers fined for illegal taxi operations in Ernakulam., Total penalty of 1.18 lakh rupees collected by MVD., Violations included lack of insurance and pollution certificates., Private vehicles used as taxis lose insurance coverage in case of accidents., Legal conversion process to taxi costs 1100 rupees.
Published: 22 Jul 2026, 09:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented