ജപ്പാൻ മൊബിലിറ്റി ഷോയിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച 0 അൽഫാ ഇലക്ട്രിക് എസ്‌യുവി ഹോണ്ട അടുത്തവർഷം ഇന്ത്യൻ വിപണിയിലെത്തിക്കും. ഇന്ത്യയിലെത്തുന്ന ഹോണ്ടയുടെ പുതിയ 0 സീരീസ് ഇലക്ട്രിക് വാഹനങ്ങളിൽ ആദ്യത്തേതായിരിക്കും ഇത്. നിർമാണം പൂർത്തിയാക്കിയ വാഹനങ്ങൾ (സിബിയു) ഇറക്കുമതി ചെയ്യുന്നതിന് പകരം എസ്‌യുവി പ്രാദേശികമായി നിർമ്മിക്കുമെന്നും ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്.

To advertise here,

ഇലുമിനേറ്റ് ചെയ്ത ഹോണ്ട ബാഡ്ജ്, മുൻവശത്തെ ചാർജിംഗ് പോർട്ട്, വശങ്ങളിലെ ബോഡി ക്ലാഡിങ്ങുകൾ എന്നിവ ഉൾപ്പെട്ട ആകർഷകമായ രൂപമാണ് വാഹനത്തിന്റെത്. പിന്നിലെ വിശാലമായ U-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പും എസ്‌യുവിക്ക് ഏറെ വ്യത്യസ്തമായ രൂപം നൽകുന്നുണ്ട്.

സാങ്കേതിക വിശദാംശങ്ങൾ ഹോണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 65 kWh, 75 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ എസ്‌യുവി എത്തുമെന്നാണ് സൂചനകൾ. സിംഗിൾ-മോട്ടോർ ഫ്രണ്ട്-വീൽ-ഡ്രൈവ് സംവിധാനമാകും വാഹനത്തിലുണ്ടാകുക. ഔട്ട്പുട്ട്, ടോർക്ക് എന്നിവ സംബന്ധിച്ച വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല.

ഇന്ത്യയിലും വിദേശത്തും മാരുതി ഇ വിറ്റാരയുമായാവും വിപണിയിൽ വാഹനം മത്സരിക്കുക. മഹീന്ദ്ര BE 6, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, ടാറ്റ കർവ് EV എന്നിവയും വാഹനം മാറ്റുരയ്ക്കും. വില ഏകദേശം 25 ലക്ഷം മുതൽ 30 ലക്ഷം വരെയാവും എന്നാണ് പ്രതീക്ഷിക്കുന്നുത്.