തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കൂടുതൽ ചെലവേറിയതാകുമെന്ന് റിപ്പോർട്ട്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവും (MoRTH) ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയും (IRDAI) തേർഡ്-പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം 10 ശതമാനം വരെ വർധിപ്പിക്കാനുള്ള നിർദേശം ചർച്ച ചെയ്യുകയാണെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കോടതി വിധിക്കുന്ന നഷ്ടപരിഹാരങ്ങൾ വർധിക്കുന്നത്, മുൻകൂട്ടി നൽകേണ്ട ക്ലെയിം പേയ്‌മെന്റുകൾ, കോവിഡ് കാലത്ത് ക്ലെയിം തീർപ്പാക്കലിൽ ഉണ്ടായ പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി, 2025 ഏപ്രിൽ മുതൽ 5-15 ശതമാനം വർധനവ് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനികൾ നേരത്തേ സർക്കാരിനോടും IRDAI-യോടും ആവശ്യപ്പെട്ടിരുന്നു.
ഇൻഷൂറൻസ് കമ്പനികൾക്കുണ്ടാകുന്ന നഷ്ടം കണക്കിലെടുത്ത്, പ്രീമിയം ശരാശരി 10 ശതമാനം വരെ വർധിപ്പിക്കാനാണ് സാധ്യത. എന്നാൽ എല്ലാവർക്കും ഒരുപോലെ വർധനവ് ഉണ്ടാകില്ലെന്നാണ് സൂചന. വാണിജ്യ വാഹനങ്ങൾക്കായിരിക്കാം കാര്യമായ വർധനവ് ഉണ്ടാവുക. സ്കൂൾ ബസുകൾ പോലുള്ള അപകട സാധ്യത കുറഞ്ഞ വിഭാഗങ്ങളുടെ പ്രീമിയം നേരിയ തോതിലായിരിക്കും വർധിപ്പിക്കുക.
തേർഡ്-പാർട്ടി ഇൻഷുറൻസിനായുള്ള പ്രീമിയം നിരക്കുകൾ വർഷം തോറും പരിഷ്കരിക്കാറുണ്ട്. 2018 മുതൽ നിരക്കുകൾ ഏകദേശം 2-3 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. 2021-ൽ നിരക്കുകൾ മാറ്റമില്ലാതെ തുടർന്നു. എന്നാൽ 2022-ലും 2023-ലും ചെറിയ പരിഷ്കരണങ്ങൾ നടത്തി. പുതിയ നിരക്കുകൾ 2026 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നേക്കാം എന്നാണ് വിവിധ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ വാഹന ശ്രേണികൾക്കനുസരിച്ച് പ്രീമിയം എത്രത്തോളം ഉയരും എന്നതാണ് ശേഷിക്കുന്ന ചോദ്യം.
എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ് ?
രാജ്യത്തെ മോട്ടോർ വാഹന നിയമപ്രകാരം ഒരു വാഹനത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. നിങ്ങളുടെ വാഹനം മൂന്നാമതൊരാളുടെ ജീവനോ സ്വത്തിനോ നഷ്‍ടം വരുത്തുന്ന സാഹചര്യത്തിൽ ഈ ഇൻഷുറൻസ് ഉപയോഗപ്രദമാകും. സാമ്പത്തിക ബാധ്യതയിൽനിന്ന് നിങ്ങളെ സംരക്ഷിക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. ചുരുക്കത്തിൽ, തേർഡ് പാർട്ടി ഇൻഷുറൻസ് എന്നത് നിങ്ങളുടെ വാഹനമുണ്ടാക്കുന്ന അപകടങ്ങളിൽ മറ്റൊരാൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്ന ഒരു സുപ്രധാന ഇൻഷുറൻസ് പോളിസിയാണ്.
Content Highlights: Govt may raise motor third party insurance premiums by up to 10%
Published: 21 Jun 2025, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented