ഇലക്ട്രിക്കിലേക്ക് മാറിയതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന ആദ്യ പ്രമുഖ കാര്‍ നിര്‍മാതാവല്ല ഫെരാരി.

സ്‌പോർട്‌സ് കാറുകളുടെ ലോകത്തെ വലിയൊരു വഴിത്തിരിവിനാണ് ലോകം സാക്ഷ്യംവഹിച്ചത്. എഞ്ചിനുകളുടെ ഇരമ്പലിന് പേരുകേട്ട പെട്രോൾ സൂപ്പർ കാറുകളുടെ നിർമാതാക്കളായ ഫെരാരി ഇലക്ട്രിക് വാഹന ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചു. ഐഫോണുകളുടെ ഡിസൈനർ സർ ജോണി ഇവെയുടെ കരവിരുതിൽ രൂപപ്പെട്ട ഫെരാരി ലൂഷെ ഇറ്റാലിയൻ കാർ കമ്പനി ഇതുവരെ നിർമിച്ചതിൽവെച്ച് ഏറെ വ്യത്യസ്തമായിരുന്നു. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയെയും ലിയോ പതിനാലാമൻ മാർപ്പാപ്പയുമടക്കം കാർ കാണാനെത്തിയതോടെ ഫെരാരിയുടെ ആദ്യ ഇലക്ട്രിക് കാർ ലോഞ്ച് ലോകശ്രദ്ധയാകർഷിച്ച വൻ സംഭവമായി മാറി.
മോട്ടോർ വാഹന വ്യവസായം ഇലക്ട്രിക്കിലേക്ക് ചുവടുമാറിക്കൊണ്ടിരുന്നപ്പോഴും ആ വഴി പിന്തുടരാതെ വർഷങ്ങളോളം പാരമ്പര്യവും പ്രൗഢിയും നിലനിർത്തിവന്ന കമ്പനിയാണ് ഫെരാരി. എന്നാൽ ചൈനീസ് കാർ നിർമാതാക്കളിൽ നിന്നുള്ള ശക്തമായ മത്സരം ഉൾപ്പെടെയുള്ള വെല്ലുവിളികൾ ആഗോള മോട്ടോർ വാഹന വ്യവസായം നേരിടുന്ന സാഹചര്യത്തിലാണ് ഫെരാരി ചുവടുമാറ്റത്തിന് തയ്യാറായത്. എന്നാൽ ഈ നീക്കത്തിന്റെ പേരിൽ ഇപ്പോൾ വിമർശനം നേരിടുകയാണ് ഫെരാരിയെന്ന് ബിബിസി റിപ്പോർട്ടു ചെയ്യുന്നു.
സാമൂഹ്യ മാധ്യമങ്ങളിലെ വിമർശകരും നിക്ഷേപകരും രാഷ്ട്രീയക്കാർ പോലും ലൂഷെയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ടെന്ന് ബിബിസി റിപ്പോർട്ടിൽ പറയുന്നു. 'വെളിച്ചം' എന്ന് അർഥമുള്ള ഇറ്റാലിയൻ വാക്കാണ് ലൂഷെ. പേരിന്റെ പേരിൽപോലും ഇപ്പോൾ വിമർശനം നേരിടുകയാണ് ഫെരാരി. പരാജിതൻ എന്നർഥം വരുന്ന ലൂസർ-നെ അനുസ്മരിപ്പിക്കുന്നതാണ് പേര് എന്ന വിമർശനം അടക്കമാണ് ഉയരുന്നത്. കാറിനെക്കുറിച്ചുള്ള നിരവധി ട്രോളുകൾ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെട്ടതിന്റെ പിറ്റേദിവസം കമ്പനിയുടെ ഓഹരികൾ 8 ശതമാനം ഇടിഞ്ഞിരുന്നു.
ഫെരാരിയുടെ ആദ്യത്തെ അഞ്ച് സീറ്ററുള്ള കാറാണ് ലൂഷെ. എന്നാൽ വേഗത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ലൂഷെ നിർമിക്കുമ്പോൾ ഫെരാരി തയ്യാറായിട്ടില്ല. 2.5 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 96 കിലോമീറ്റർ വേഗത കൈവരിക്കുന്ന കാറാണിത്. പെർഫോമൻസിൽ മാറ്റമില്ലെങ്കിലും രൂപഭംഗിയുടെ പേരിൽ ലൂഷെ കടുത്ത വിമർശനം നേരിടുന്നു. ഫെരാരി കാറുകളുടെ താഴ്ന്ന രൂപമല്ല ലൂഷെയ്ക്കുള്ളത്. ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിക്കുന്നതിനാൽ എൻജിന്റെ മുരൾച്ചയും കേൾക്കാനാകില്ല.
ഫെരാരി ചെയർമാൻ മുൻ ലൂക്കാ കോർഡെറോ ഡി മോണ്ടെസെമോലോ പോലും വിമർശനം ഉന്നയിച്ച് രംഗത്തെത്തി. ലൂഷെ ഒരു ഇതിഹാസ കാറിന്റെ നാശത്തിന് കാരണമാകുന്നുവെന്നും ഫെരാരിയുടെ ബാഡ്ജ് കാറിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെ ഒരു നൂതന ആശയമെന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് ഇറ്റലിയുടെ ഉപപ്രധാനമന്ത്രിയും ഗതാഗത മന്ത്രിയുമായ മാറ്റിയോ സാൽവിനി അഭിപ്രായപ്പെടുന്നു.
അതിനിടെ, ഇലക്ട്രിക്കിലേക്ക് മാറിയതിന്റെ പേരിൽ വിമർശനം നേരിടുന്ന ആദ്യ പ്രമുഖ കാർ നിർമാതാവല്ല ഫെരാരി. 2024-ൽ ജാഗ്വാർ ഒരു ഇവി ബ്രാൻഡായി മാറാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്തമായ ടൈപ്പ് 00 എന്ന കോൺസെപ്റ്റ് വാഹനം പുറത്തിറക്കുകയും ചെയ്തപ്പോഴും ശക്തമായ വിമർശനം ഉയർന്നിരുന്നു.
Content Highlights: Ferrari's first EV, the Luce, has sparked intense debate over its unconventional design., The vehicle is priced at $640,000, causing concern among investors and industry experts., Ferrari shares dropped 8% following the unveiling of the five-seater electric car., Major criticism stems from the departure from Ferrari's iconic aesthetic and engine heritage., The move into EVs occurs amidst global industry challenges and fierce competition from Chinese manufacturers.
Published: 31 May 2026, 09:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented