ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ മാര്‍ക്കറ്റ് ചെയ്യുന്ന കാരണങ്ങളിലൊന്ന് പുകയും ശബ്ദവുമില്ലെന്നതാണ്. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ഇലക്ട്രിക് വാഹനം വാങ്ങിയ ഒരാള്‍ക്ക് പെട്ടെന്ന് ഒരു ദിവസം പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണം കാണിച്ച് പിഴയടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചാല്‍ എങ്ങനെയിരിക്കും. പുക പോലുമില്ലാത്ത വാഹനത്തിന് പുക പരിശോധിക്കാത്തതിന് പിഴ ലഭിച്ച അവസ്ഥയിലാണ് പഞ്ചാബില്‍ നിന്നുള്ള ഒരു ഇലക്ട്രിക് വാഹന ഉടമ. പിഴയിട്ടതാകട്ടെ ഹരിയാന പോലീസും.

To advertise here,

ആദ്യം കേള്‍ക്കുമ്പോള്‍ കൗതുകമുള്ള ഒരു തമാശ വാര്‍ത്തയായി തോന്നുമെങ്കിലും പിഴ തുക അറിയുമ്പോഴാണ് തമാശ കാര്യമാകുന്നത്. 10,000 രൂപയാണ് ഇലക്ട്രിക് വാഹനത്തിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കാണിച്ച് പിഴ ചുമത്തിയിരിക്കുന്നത്. ഒരു ഇലക്ട്രിക് വാഹനത്തിന് വായു മലിനീകരണ നിയമലംഘനത്തിന് 10,000 രൂപ പിഴയിട്ടു. ഹരിയാന പോലീസ് ഇതെങ്ങനെ ന്യായീകരിക്കും. വലിയ നാണക്കേടാണെന്ന കുറിപ്പോടെ രത്തന്‍ ധില്ലന്‍ എന്നയാളാണ് പിഴയുടെ നോട്ടീസ് എക്‌സില്‍ പങ്കുവെച്ചത്.

ടാറ്റയുടെ കര്‍വ് ഇലക്ട്രിക് മോഡലിനാണ് പിഴ ലഭിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചല്ലാന്‍ ചിത്രം അനുസരിച്ച് രണ്ട് നിയമലംഘനങ്ങളാണ് ഈ വാഹനത്തിനെതിരേയുള്ളത്. ആദ്യത്തേത് വേഗ പരിധി ലംഘിച്ചതിനാണ്. 2000 രൂപയാണ് ഇതിന് ചുമത്തിയിരിക്കുന്ന പിഴ. രണ്ടാമത്തേതാണ് എയര്‍ പൊലൂഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് ചുമത്തിയിട്ടുള്ള പിഴ. ഇത് 10,000 രൂപയാണ്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ വായു മലിനീകരണം ശക്തമായതിന് പിന്നാലെ പുക പരിശോധന നിയമം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇലക്ട്രിക് വാഹനത്തിന് പിഴ ചുമത്തുന്നത് വിചിത്രമാണ്.

ഇലക്ട്രിക് കാറിന് പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ പിഴയിട്ട സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ പോസ്റ്റിട്ട ആളെ തേടി പോലീസ് രംഗത്തെത്തുകയായിരുന്നു. പരാതിക്കാരനെ ബന്ധപ്പെടാനുള്ള വിവരങ്ങളാണ് പോലീസ് മെസേജിലൂടെ ആവശ്യപ്പെട്ടത്. പിഴ ഒഴിവാക്കി നല്‍കാനാണ് പോലീസ് ശ്രമിക്കുന്നുണ്ടെന്നാണ് വിവരമെങ്കിലും, അത് സാധിക്കുമോയെന്ന ആശങ്കയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ പങ്കുവയ്ക്കുന്നത്.

ഇലക്ട്രിക് ബാറ്ററിയുടെയും മോട്ടോറിന്റെയും സഹായത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ പുക പോലെയുള്ള വാതകങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്നില്ല. അതുകൊണ്ടുതന്നെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശം അനുസരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പൊലൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് നേടേണ്ട ആവശ്യവുമില്ല. ഇത്തരത്തിലുള്ള പിഴകളും മറ്റും ഇലക്ട്രിക് വാഹനങ്ങളെ ബാധിക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്.