ചിറ്റിലഞ്ചേരി: പുക സര്‍ട്ടിഫിക്കറ്റ് വേണ്ടാത്ത വണ്ടിക്ക് സര്‍ട്ടിഫിക്കറ്റില്ലെന്ന് കാണിച്ച് പിഴ ചുമത്തിയ അങ്കലാപ്പിലായിരുന്നു ആദ്യം. പിന്നീട് പിഴ ചലാനിലെ വണ്ടിനമ്പര്‍ നോക്കിയപ്പോഴാണ് മാറിയിട്ടുണ്ടെന്ന് മനസ്സിലായത്. ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വിളിച്ചും പരാതി പറഞ്ഞപ്പോള്‍, ശരിയാക്കാമെന്ന് മറുപടി പറഞ്ഞുവെങ്കിലും മൂന്നുമാസം കഴിഞ്ഞിട്ടും പരിഹാരമായില്ല.

To advertise here,

ചിറ്റിലഞ്ചേരി നീലിച്ചിറ സ്വദേശി എസ്.ഷക്കീര്‍ ഹുസൈനാണ് ചെയ്യാത്ത കുറ്റത്തിന് പിഴയില്‍ കുഴങ്ങിയത്. തൃശ്ശൂര്‍ റൂറല്‍ ലിമിറ്റില്‍ നിന്നാണ് കെഎല്‍ 49 പി 4037 ബൈക്കിന് പുക സര്‍ട്ടിഫിക്കറ്റില്ലെന്നും മുന്‍വശത്ത് കണ്ണാടിയില്ലെന്നും കാണിച്ച് 2,250 രൂപ പിഴ ചുമത്തിയത്.

എന്നാല്‍, പിഴ ചലാനില്‍ കാണിച്ച വാഹനനമ്പറിനു പകരം കെഎല്‍ 49പി 4047 എന്ന ഷക്കീര്‍ ഹുസൈന്റെ ഇലക്ട്രിക് സ്‌കൂട്ടറിനാണ് പോലീസ് പിഴ ചലാന്‍ നല്‍കിയത്. ഓണ്‍ലൈന്‍ പരാതി കൊടുത്ത് നടപടിയായില്ലെങ്കിലും നമ്പര്‍ മാറിയതാണെന്ന് കരുതി അവഗണിക്കുകയായിരുന്നു.

എന്നാല്‍ പിഴത്തുക അടയ്ക്കാന്‍ ആവശ്യപ്പെട്ട് മൂന്നു മാസത്തിനു ശേഷം വീണ്ടും മൊബൈല്‍ നമ്പറില്‍ സന്ദേശം വന്നതോടെയാണ് ഓണ്‍ലൈനായും പോലീസ് സ്റ്റേഷനിലേക്ക് ഫോണില്‍ വിളിച്ചും പരാതി അറിയിച്ചത്. എന്നാല്‍, ഒരാഴ്ച പിന്നിട്ടുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.