രണ്ടാഴ്ചയിലധികമായി നടത്തിയ പരിശോധനയില്‍ മൂന്നോ നാലോ സാംപിളുകളില്‍ മാത്രമാണ് ക്ലോറൈഡ് കൂടുതലായി കണ്ടെത്തിയതെന്നാണ് കമ്പനികള്‍ പറയുന്നത്.

മുംബൈ: രാജ്യത്തു വിൽക്കുന്ന ഇ20 പെട്രോൾ ഗുണമേന്മ ചട്ടങ്ങൾ പാലിക്കുന്നതാണെന്നു വ്യക്തമാക്കി എണ്ണക്കമ്പനികൾ. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യവ്യാപകമായി പമ്പുകളിൽനിന്നും റിഫൈനറികളിൽനിന്നും എഥനോൾ ഡിസ്റ്റിലറികളിൽനിന്നും എടുത്ത സാംപിളുകൾ പരിശോധിച്ചശേഷം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
പമ്പുകളിൽ ലഭിക്കുന്ന ഇ20 പെട്രോളിൽ ജലാംശം കലരുന്നതായും ഉയർന്ന ക്ലോറൈഡ് സാന്നിധ്യമുള്ളതായും മാധ്യമ റിപ്പോർട്ടുകൾ വന്നതിനെ ത്തുടർന്നാണ് കമ്പനികൾ പരിശോധന തുടങ്ങിയത്. രണ്ടാഴ്ചയിലധികമായി നടത്തിയ പരിശോധനയിൽ മൂന്നോ നാലോ സാംപിളുകളിൽ മാത്രമാണ് ക്ലോറൈഡ് കൂടുതലായി കണ്ടെത്തിയതെന്നാണ് കമ്പനികൾ പറയുന്നത്. അത് അപ്പോൾതന്നെ വിതരണം നിർത്തിവെച്ചിട്ടുമുണ്ട്.
എഥനോൾ ചേർക്കുന്ന പെട്രോളിൽ ക്ലോറൈഡിന്റെ അളവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കൃത്യമായ മാർഗനിർദേശങ്ങളുണ്ട്. റിഫൈനറികൾ, ഡിസ്റ്റിലറികൾ, ഡിപ്പോകൾ, ടെർമിനലുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിലെല്ലാം ഇക്കാര്യത്തിൽ നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
എല്ലാ പെട്രോൾ പമ്പുകളിലും ഇന്ധനത്തിലെ ജലസാന്നിധ്യവും സാന്ദ്രതാ പരിശോധനയും ദിവസം എട്ടുമുതൽ 12 തവണ വരെ നടത്തുന്നു. ഇതിനായി സഞ്ചരിക്കുന്ന ഇന്ധന ഗുണമേന്മ പരിശോധനാ ലബോറട്രികൾ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ അധികമായി പരിശോധിച്ച സാംപിളുകളിൽ ക്ലോറൈഡ് സാന്നിധ്യം ഒരു പി.പി.എമ്മിൽ (പാർട്‌സ് പെർ മില്യൺ) താഴെയാണ്.
ഡിസ്റ്റിലറികളിലെ എഥനോളിൽ കഴിഞ്ഞ 10 ദിവസമായി നടത്തിയ പരിശോധനയിലിത് മൂന്നു പി.പി.എമ്മിൽ താഴെയായിരുന്നു. പമ്പുകളിലെ സാംപിളുകളിലിത് പൂജ്യത്തിനും മൂന്നു പി.പി.എമ്മിനും ഇടയിലാണ്. എന്നാൽ രണ്ട് ഒറ്റപ്പെട്ട സംഭവങ്ങളിൽ ഉയർന്ന ക്ലോറൈഡ് സാന്നിധ്യം കണ്ടെത്തി. ഇതിന്റെ വിതരണം ഉടൻ നിർത്തിവെച്ചു. ക്ലോറൈഡ് സാന്നിധ്യം കൂടാനുള്ള കാരണം പരിശോധിച്ചുവരുന്നതായും കമ്പനികൾ വ്യക്തമാക്കി.
പമ്പുകളിലെ ഭൂമിക്കടിയിലുള്ള ഇന്ധന സംഭരണ ടാങ്കുകളിൽ ജലാംശം കലരാനുള്ള സാധ്യത അടിയന്തരമായി പരിശോധിക്കുന്നതായും ഇതുവരെ നടത്തിയ പരിശോധനകളിൽ ഇത്തരത്തിലൊന്നും കണ്ടെത്താനായിട്ടില്ലെന്നും കമ്പനികൾ അറിയിച്ചു. ഇ20 പെട്രോളിന്റെ ഗുണമേന്മയിൽ ആശങ്ക വേണ്ടെന്ന് വെള്ളിയാഴ്ച കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും പറഞ്ഞിരുന്നു. രണ്ടാഴ്ചയായി രാജ്യവ്യാപകമായി പെട്രോൾ ഗുണമേന്മ പരിശോധന നടത്തിവരുകയാണെന്നും ദിവസം രണ്ടായിരത്തിലധികം സാംപിളുകൾ വീതം പരിശോധിച്ചതിൽ ഇതുവരെ ക്ലോറൈഡ് മലിനീകരണം കണ്ടെത്തിയ നാലു കേസുകളാണുണ്ടായതെന്നും അദ്ദേഹം സൂചിപ്പിച്ചു.
Content Highlights: Oil companies confirm E20 petrol meets all quality standards., Rigorous testing conducted across refineries, depots, and retail outlets., Chloride levels are maintained well below safety thresholds in most samples., Isolated incidents of contamination were immediately addressed., Daily density and water content checks are now mandatory at all pumps.
Published: 09 Aug 2026, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented