ദുബായ്: അടുത്തവർഷം മാർച്ചിൽ ദുബായ് നിരത്തിലൂടെ റോബോ ടാക്സികളും ഓടിത്തുടങ്ങും. ജുമൈര, ശൈഖ് സായിദ് റോഡ്, സിലിക്കൺ ഒയാസിസ് ഉൾപ്പെടെ നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ നിലവിൽ പരീക്ഷണയോട്ടം പുരോഗമിക്കുന്നുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ ജൈറ്റെക്സിൽ വ്യക്തമാക്കി. 60 റോബോ ടാക്സികളായിരിക്കും അടുത്തവർഷം ആദ്യം നിരത്തിലിറങ്ങുക.
2030-ഓടെ ദുബായിലെ ഗതാഗതത്തിന്റെ 25 ശതമാനവും സ്മാർട്ട് രീതിയിലാക്കുകയാണ് ലക്ഷ്യം. റോബോ ടാക്സികളുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ചൈനീസ് ഓട്ടോണമസ് വെഹിക്കിൾ (എവി) ടെക്നോളജി കമ്പനിയായ പോണി എഐയും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ഒപ്പുവെച്ചു.
പോണി എഐ മൾട്ടി ഫേസ് റോൾഔട്ടിലൂടെ ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യ അവതരിപ്പിക്കും. ഷാങ്ഹായ് ഓട്ടോ ഷോയിൽ പോണി എഐ ഓട്ടോണമസ് ഡ്രൈവിങ് സംവിധാനം അനാച്ഛാദനം ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ദുബായ് ആർടിഎയുമായി ധാരണാപത്രം ഒപ്പുവെച്ചത്.
പോണി എഐയുടെ ഏഴാം തലമുറ ഓട്ടോണമസ് ഡ്രൈവിങ് സംവിധാനത്തിൽ 100 ശതമാനം സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ മറ്റ് ഗതാഗതങ്ങളെ അപേക്ഷിച്ച് 70 ശതമാനം ചെലവും കുറവാണ്. വാഹനത്തിലെ അത്യാധുനിക സാങ്കേതികവിദ്യകൾ അതിവേഗ ഹൈവേകൾമുതൽ തിരക്കേറിയ പ്രദേശങ്ങൾവരെയുള്ള അതിസങ്കീർണ സാഹചര്യങ്ങൾ കൈകാര്യം ചെയ്യും.
ഈവർഷം രണ്ടാംപകുതിമുതൽ ഏഴാം തലമുറ റോബോടാക്സികളുടെ വൻതോതിലുള്ള ഉത്പാദനവും വിതരണവും ആരംഭിക്കാൻ പദ്ധതിയിടുന്നതായി പോണി എഐ അധികൃതർ വ്യക്തമാക്കി. ടൊയോട്ട, ജിഎസി മോട്ടോർ, ബിഎഐസി മോട്ടോർ എന്നിവയുമായി സഹകരിച്ചാണ് റോബോടാക്സികളുടെ വിതരണം.
ചൈനയിൽ ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്‌ഷോ, ഷെൻഷെൻ എന്നിവിടങ്ങളിൽ പൂർണമായും ഡ്രൈവറില്ലാ റൈഡ്-ഹെയ്‌ലിങ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഓട്ടോണമസ് ഡ്രൈവിങ് കമ്പനിയാണ് പോണി എഐ. ഏകദേശം 300 റോബോടാക്സി വാഹനങ്ങൾ ബെയ്ജിങ് സൗത്ത് റെയിൽവേ സ്റ്റേഷൻ, ഗ്വാങ്‌ഷോ ബയൂൺ അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ സേവനം നൽകുന്നുണ്ട്.
മെട്രോ, ട്രാം, മറൈൻ ഗതാഗതം ഉൾപ്പെടെയുള്ള ഗതാഗതശൃംഖലയുമായി റോബോടാക്സി സേവനങ്ങൾ സംയോജിപ്പിക്കാനുള്ള ദീർഘകാലപദ്ധതിയുമുണ്ടെന്ന് അധികൃതർ വിശദീകരിച്ചു.
Content Highlights: Dubai to launch 60 robotaxis by March next year. Promising 100% safety and 70% cost reduction, these autonomous vehicles will navigate city streets with advanced tech.
Published: 15 Oct 2025, 12:37 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented