നിലവില്‍ 144 റോബോടാക്സികളാണുള്ളത്. ഇതില്‍ 48 എണ്ണം സജീവമായി സര്‍വീസ് നടത്തുന്നുണ്ട്. ദിവസേന ഏകദേശം 50 ട്രിപ്പുകളാണ് പൂര്‍ത്തിയാക്കുന്നത്.

ദുബായ്: ഭാവിയിലെ സ്വയംഭരണ ഗതാഗത സംവിധാനങ്ങളിലേക്ക് അതിവേഗം ചുവടുവെച്ച് ദുബായ്. റോബോ ടാക്സി സർവീസുകൾ ഇതുവരെ 40 ലക്ഷം കിലോ മീറ്ററിലധികം ദൂരം പിന്നിടുകയും 7,613 പാസഞ്ചർ ട്രിപ്പുകൾ പൂർത്തിയാക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
പൊതുജനങ്ങളുടെ വർധിച്ചുവരുന്ന വിശ്വാസ്യതയും സ്വീകാര്യതയുമാണ് നേട്ടം വ്യക്തമാക്കുന്നതെന്ന് കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടർ സി.ഇ.ഒയും ഓട്ടോണമസ് ട്രാൻസ്‌പോർട്ട് ആൻഡ് ഏരിയൽ ടാക്സി കമ്മിറ്റി ചെയർമാനുമായ അഹമ്മദ് ബഹ്റൂബ്രിയൻ പറഞ്ഞു.
നിലവിൽ 144 റോബോ ടാക്സികളാണുള്ളത്. ഇതിൽ 48 എണ്ണം സജീവമായി സർവീസ് നടത്തുന്നുണ്ട്. ദിവസേന ഏകദേശം 50 ട്രിപ്പുകളാണ് പൂർത്തിയാക്കുന്നത്. 97 ശതമാനം ഉപഭോക്തൃ സംതൃപ്തി കൈവരിക്കാൻ കഴിഞ്ഞത് സാങ്കേതികവിദ്യയുടെ വിജയവും സേവനനിലവാരവുമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2030-ഓടെ ദുബായിലെ ആകെ യാത്രാ ഗതാഗതത്തിന്റെ 25 ശതമാനവും സ്വയംഭരണ സംവിധാനത്തിലേക്ക് മാറ്റുകയെന്ന തന്ത്രപ്രധാന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണിത്. ഉയർന്ന സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിലൂടെ ഘട്ടംഘട്ടമായാണ് റോബോടാക്സി പദ്ധതി വികസിപ്പിച്ചെടുക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.
ദുബായിലെ പൊതുഗതാഗത സംവിധാനത്തെ കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ), ബെയ്ദുവിന്റെ അപ്പോളോ ഗോ, വീറൈഡ്, പോണി ഡോട്ട് എഐ തുടങ്ങിയ മുൻനിര കമ്പനികളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ദുബായിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പൂർണമായും ഡ്രൈവറില്ലാത്ത റോബോ ടാക്സി സർവീസുകൾ ലഭ്യമാണ്. കൂടാതെ, ബെയ്ദുവിന്റെ ഡ്രൈവറില്ലാ അപ്പോളോ ഗോ വാഹനങ്ങൾ ദുബായിലെ ഉബർ പ്ലാറ്റ്‌ഫോമിലും ലഭ്യമാക്കിയതായി ഉബർ ടെക്നോളജീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂ ഹോറന്റൈൻ ലക്ഷ്വറി ട്രാൻസ്പോർട്ടാണ് ഇതിന്റെ ഫ്‌ലീറ്റ് ഓപ്പറേറ്റർ.
ദുബായിലെ ജനസംഖ്യ 40 ലക്ഷം കവിഞ്ഞതോടെ മികച്ച യാത്രാ സൗകര്യങ്ങൾക്കായുള്ള ആവശ്യകതയും വർധിച്ചിട്ടുണ്ട്. 2026-ന്റെ ആദ്യ പകുതിയിൽ മാത്രം ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളും ടാക്സികളും വഴി 34.8 കോടി പേരാണ് യാത്ര ചെയ്തത്. പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 19 ലക്ഷത്തിലെത്തി. ഈ വളർച്ചയാണ് സ്വയംഭരണ ഗതാഗത സംവിധാനങ്ങളുടെ വിപുലീകരണത്തിന് ശക്തമായ അടിത്തറയൊരുക്കുന്നത്. സ്മാർട്ട്, സുസ്ഥിര ഗതാഗത രംഗത്ത് ആഗോള തലത്തിൽത്തന്നെ മുൻനിരയിലാകാനും 2030-ഓടെ നാലിലൊന്ന് യാത്രകളും സ്വയംഭരണ ഗതാഗതമാക്കാനുള്ള ദുബായിയുടെ കാഴ്ചപ്പാടിന് പദ്ധതി കരുത്തു പകരുന്നു.
Content Highlights: Dubai robotaxis crossed 4 million km and completed 7,613 passenger trips., Currently operating 144 robotaxis with 48 active vehicles and 97% customer satisfaction., Aligned with Dubai's vision to make 25% of all travels autonomous by 2030., Partnerships with global leaders like Baidu Apollo Go, WeRide, and Pony.ai via RTA.
Published: 21 Aug 2026, 05:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented