പാലക്കാട്: പുതുമോഡല്‍ ബൈക്കുകളുമായി ന്യൂജനറേഷന്‍ പിള്ളേര്‍ നിരത്തിലിറങ്ങുമ്പോള്‍ ഇവര്‍ക്കൊന്നും വഴിമാറിക്കൊടുക്കില്ലെന്നുറപ്പിച്ച് നിരത്തില്‍ സജീവമാവുകയാണ് എഴുപതുകളിലെ സ്‌കൂട്ടര്‍ രാജാക്കന്മാര്‍. ചേതക്, ലാംബ്രട്ട, ലാംപി, ജാവ, വെസ്പ അങ്ങനെ പഴമക്കാരെ ചെത്തിമിനുക്കി വീണ്ടും നിരത്തിലിറക്കി കളം പിടിക്കയാണ് തത്തമംഗലത്തെ ടൂവീലര്‍ മെക്കാനിക് എ. സുലൈമാന്‍. 54 വര്‍ഷമായി പഴയ സ്‌കൂട്ടറുകള്‍ക്കൊപ്പം യാത്രതുടരുന്ന സുലൈമാന്‍ 71-ാം വയസ്സിലും തന്റെ വര്‍ക്ഷോപ്പ് പഴയ സ്‌കൂട്ടറുകള്‍ക്കായി തുറന്നുവെച്ചിരിക്കയാണ്.

To advertise here,

1970-80 കാലഘട്ടത്തിലെ കേടായ പഴയ സ്‌കൂട്ടറുകള്‍ മൊത്തത്തില്‍ അഴിച്ചുപണിത് പുതുതായി ചെത്ത് ലുക്കില്‍ തിരിച്ചുനല്‍കും. അടിമുടി രൂപംമാറ്റിയ സ്‌കൂട്ടറിന്റെ ചന്തം കണ്ട് കണ്ണെടുക്കാതെ നോക്കിനില്‍ക്കാം. അതോടെ പുതിയമോഡല്‍ സ്‌കൂട്ടറുകളെല്ലാം വഴിമാറും. 1971-ല്‍ തത്തമംഗലത്ത് തുടങ്ങിയതാണ് 'ബിസ്മില്ല' എന്നപേരില്‍ വര്‍ക്ഷോപ്പ്.

തന്റെ 16-ാം വയസ്സിലാണ് സുലൈമാന്‍ സ്‌കൂട്ടറുകള്‍ നന്നാക്കി പഠിക്കുന്നത്. അന്ന് ആദ്യമായി കൈയില്‍ക്കിട്ടിയ സ്‌കൂട്ടര്‍ ലാംബ്രട്ടയോടുതന്നെയാണ് ഇപ്പോഴും പ്രിയം. ഇന്നും തന്റെവീട്ടില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കയാണ് സ്‌കൂട്ടര്‍.

സുലൈമാന്‍ പഴയവാഹനങ്ങള്‍ നേരെയാക്കിക്കൊടുക്കുന്നത് അറിഞ്ഞ് മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നുവരെ ആളുകളെത്തുന്നുണ്ട്. പഴയ സ്‌കൂട്ടറായതുകൊണ്ടുതന്നെ സ്‌പെയര്‍ പാര്‍ട്‌സ് കിട്ടാനൊക്കെ ബുദ്ധിമുട്ടാണെന്ന് സുലൈമാന്‍ പറയുന്നു. ഓര്‍ഡര്‍ചെയ്താല്‍ പാലക്കാട്ടുള്ള ഡീലര്‍മാര്‍തന്നെ മുംബൈയില്‍നിന്നും ഡല്‍ഹിയില്‍നിന്നുമൊക്കെ സ്‌പെയര്‍പാര്‍ട്‌സ് എത്തിച്ചുനല്‍കും.

വില കുറച്ചുകൂടിയാലും എത്ര പാടുപെട്ടും അവ എത്തിക്കും. ഉടമസ്ഥര്‍ സമയം അനുവദിച്ചാല്‍ പുത്തനാക്കിത്തന്നെ തിരിച്ചുനല്‍കും. ആര്‍സിയും ഇന്‍ഷുറന്‍സും പുക സര്‍ട്ടിഫിക്കറ്റുമെല്ലാം ശരിയാക്കാനും കഴിയും. പിന്നെ നിരത്തിലോടാന്‍ സൂപ്പറാണെന്ന് സുലൈമാന്‍ പറയുന്നു. ഇതുതന്നെയാണ് വരുമാനവും.

ഇനി കൈയിലുള്ള ലാംബ്രട്ട സ്‌കൂട്ടര്‍ ചോദിച്ചുവരുന്ന യുവാക്കളോട് -''എന്റെ സന്തത സഹചാരിയാണ് 66 മോഡല്‍. മിനുക്കിയെടുക്കും ഞാനിവനെ. ഒരാള്‍ക്കും കൊടുക്കില്ല'' എന്നാണ് സുലൈമാന്റെ മറുപടി.