സുസുക്കി മോട്ടോർസെക്കിൾ ഇന്ത്യയിൽ വിൽക്കുന്ന ജനപ്രിയ മോഡലാണ് ആക്സസ് 125. ഏതുപ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇരുചക്രവാഹനമെന്ന പ്രത്യേകതയും ആക്സസിനുണ്ട്. കരുത്തിലും ഡിസൈനിലും ഉള്ള മേൽകൈയാണ് ഇതിനുകാരണമായി പറയപ്പെടുന്നത്. ഹോണ്ട ആക്ടീവ അരങ്ങുവാണിരുന്ന 100 സിസി ശ്രേണിയെ വിറപ്പിച്ചുകൊണ്ട് 2006-ൽ ആണ് ഇന്ത്യയിലെ ആദ്യ 125 സി.സി. സ്കൂട്ടറായി ആക്സസിനെ സുസുക്കി അവതരിപ്പിച്ചത്.
ലോഞ്ച് ചെയ്തതുമുതൽ തേരോട്ടം തുടരുന്ന ആക്സസ് ഇപ്പോഴിതാ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇതുവരെ, ആക്സസിന്റെ 60 ലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിച്ചതായി സുസുക്കി മോട്ടോർസെക്കിൾ ഇന്ത്യ അറിയിച്ചു. ആഭ്യന്തര വിപണിയിലെ വിൽപനയും കയറ്റുമതിയും ഉൾപ്പടെയുള്ള കണക്കാണിത്. ഹോണ്ട ആക്ടീവ 125, ടിവിഎസ് ജുപിറ്റർ 125, ഹീറോ ഡെസ്റ്റിനി 125, യമഹ ഫസീനോ 125 എന്നീ മോഡലുകളാണ് ആക്സസിന്റെ പ്രധാന എതിരാളികൾ.
8.7 പിഎസ് കരുത്തും 10 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 124 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾസ് എൻജിനാണ് ആക്സസിന്റെ ഹൃദയം. സുസുക്കി ഇക്കോ പെർഫോമെൻസ് (എസ്.ഇ.പി), ഫ്യുവൽ ഇഞ്ചക്ഷൻ, ഇക്കോ അസിസ്റ്റ് ഇല്ലുമിനേറ്റർ, സുസുക്കി ഈസി സ്റ്റാർട് സിസ്റ്റം, വൈഡ് ഫ്ലോർ ബോർഡ്, ഫ്രണ്ട് സ്റ്റീൽ ഫെൻഡർ, വൺ പുഷ് സെൻട്രൽ ലോക്കിങ് സിസ്റ്റം, കംപെയിൻഡ് ബ്രേക്കിങ് സിസ്റ്റം എന്നിവ പ്രത്യേകതകളാണ്. സീറ്റിനടിയിൽ 22.3 ലിറ്റർ എന്ന വലിയ സ്റ്റോറേജ് കപ്പാസിറ്റിയുമുണ്ട്.
ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്.എം.എസ്, വാട്ട്‌സ്ആപ്പ് അലേർട്ടുകൾ എന്നീ വിവരങ്ങൾ വാഗ്ദാനം ചെയ്യുന്ന സുസുക്കി റൈഡ് കണക്റ്റിനൊപ്പം ബ്ലൂടൂത്ത് സജ്ജമാക്കിയ മൾട്ടി-ഫംഗ്ഷൻ ഡിജിറ്റൽ കൺസോൾ ആക്സസിന്റെ ഉയർന്ന വേരിയന്റിൽ ലഭിക്കുന്നുണ്ട്. ഫീച്ചറുകളുടെ അടിസ്ഥാനത്തിൽ നാല് വേരിയന്റുകളിലാണ് വാഹനം വിപണിയിലുള്ളത്.
സ്റ്റാൻഡേർഡ് എഡിഷൻ ഡ്രം ബ്രേക്ക്- 80,700 രൂപ
സ്റ്റാൻഡേർഡ് എഡിഷൻ ഡിസ്ക് ബ്രേക്ക്- 85,601 രൂപ
സ്പെഷ്യൽ എഡിഷൻ ഡിസ്ക് ബ്രേക്ക്- 87,402 രൂപ
റൈഡ് കണക്ട് എഡിഷൻ ഡിസ്ക് ബ്രേക്ക് വിത്ത് അലോയി വീൽസ്- 91,800 രൂപ
Content Highlights: suzuki access touched 60 lakh production mark
Published: 27 Dec 2024, 08:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented