യാത്രാത്തുക നേരിട്ട് ഡ്രൈവര്‍മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയും, സഹകരണസംഘത്തിന്റെ ലാഭത്തില്‍നിന്ന് ഡിവിഡന്റിനും അവര്‍ അര്‍ഹരാകുകയും ചെയ്യും.

നവി മുംബൈ: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ സഹകരണ മേഖലയെ ഡിജിറ്റൽ മൊബിലിറ്റി രംഗത്തേക്കും വ്യാപിപ്പിക്കുന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച ഭാരത് ടാക്‌സി സേവനം മഹാരാഷ്ട്രയിൽ ആരംഭിച്ചു. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് സേവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും മഹാരാഷ്ട്ര സർക്കാരിന്റെയും സംയുക്ത സംരംഭമായ ഭാരത് ടാക്‌സി, സ്വകാര്യ കാബ് അഗ്രിഗേറ്ററുകൾക്ക് ബദലായുള്ള സർക്കാർ പിന്തുണയുള്ള സേവനമാണ്.
ഡ്രൈവർമാർ സഹകരണസംഘത്തിലെ അംഗങ്ങളായി പ്രവർത്തനം
ഡ്രൈവർമാർ സഹകരണസംഘത്തിലെ അംഗങ്ങളും ഓഹരിയുടമകളുമായാണ് ഈ പദ്ധതിയിൽ പ്രവർത്തിക്കുക. യാത്രക്കാർക്ക് സുതാര്യവും വിശ്വാസ്യതയുള്ളതും കുറഞ്ഞ നിരക്കിലുള്ളതുമായ യാത്രാസേവനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ കേന്ദ്ര സഹകരണസിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ മഹാരാഷ്ട്ര സഹകരണമന്ത്രി ബാലാ സഹേബ് പാട്ടീൽ, എം.പി.മാർ, എം.എൽ.എ.മാർ, ഉന്നത ഉദ്യോഗസ്ഥർ, സഹകരണ മേഖലയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരസഹകരണ മന്ത്രി അമിത് ഷായുടെയും സഹകരണ മേഖലയെ നവീന മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ദർശനമാണ് മഹാരാഷ്ട്രയിൽ യാഥാർഥ്യമായതെന്ന് മുഖ്യമന്ത്രി ഫഡ്നവിസ് പറഞ്ഞു. നിലവിലെ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനങ്ങൾ യാത്രക്കാരുടെ യാത്ര എളുപ്പമാക്കിയെങ്കിലും, ഉയർന്ന കമ്മിഷൻ, പ്ലാറ്റ്ഫോം ചാർജ്, സർജ് പ്രൈസിങ് എന്നിവ കാരണം ഡ്രൈവർമാർക്ക് യഥാർഥ നേട്ടം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരത് ടാക്സിയിൽ ഡ്രൈവർമാർ സേവനദാതാക്കൾ മാത്രമല്ല, സഹകരണസംഘത്തിന്റെ ഉടമകളും ഓഹരിയുടമകളുമാണ്. ലാഭം ലഭിച്ചാൽ അത് ഡിവിഡന്റായി ഡ്രൈവർമാർക്കുതന്നെ വിതരണം ചെയ്യും. സർജ് പ്രൈസിങ്ങോ മറഞ്ഞിരിക്കുന്ന അധിക നിരക്കുകളോ ഇല്ലാതെ നാമമാത്ര സേവനച്ചാർജിലാണ് സേവനം ലഭ്യമാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ ലോകത്തിലെ സുരക്ഷിതവും കാര്യക്ഷമവുമായ പൊതുഗതാഗത സംവിധാനമുള്ള മുൻനിര ഇരുപത് നഗരങ്ങളിൽ ഒന്നാണെന്നും, ആ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഭാരത് ടാക്‌സി നിർണായക പങ്കുവഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് താമസിക്കുന്ന 3,000 മുതൽ 4,000 വരെ പ്രാദേശിക യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഡി.ബി.പാട്ടിൽ കോപ്പറേറ്റീവ് ട്രാൻസ്പോർട്ട് സൊസൈറ്റിയുമായി ഒപ്പുവെച്ച കരാറിനെ അദ്ദേഹം സ്വാഗതം ചെയ്തു.
സഹകരണമന്ത്രി ബാബാസാഹേബ് പാട്ടീൽ, ഭാരത് ടാക്‌സി സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ യാത്രാസേവനത്തിനൊപ്പം ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിലും സ്വയംതൊഴിലും ഉറപ്പാക്കുമെന്നും പറഞ്ഞു. സുതാര്യമായ നിരക്കുകളും ഡിജിറ്റൽ ബുക്കിങ്ങും സഹകരണ ഉടമസ്ഥാവകാശവും ഡ്രൈവർമാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടാക്‌സിഓട്ടോറിക്ഷാ ഡ്രൈവർമാരെ സ്വകാര്യ അഗ്രിഗേറ്ററുകളുടെ ആശ്രയത്തിൽനിന്ന് മോചിപ്പിച്ച് സഹകരണ മേഖലയിലേക്ക് കൊണ്ടുവരുകയാണ് ഭാരത് ടാക്‌സിയുടെ പ്രധാന ലക്ഷ്യം.
യാത്രാത്തുക നേരിട്ട് ഡ്രൈവർമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക്
യാത്രാത്തുക നേരിട്ട് ഡ്രൈവർമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയും, സഹകരണസംഘത്തിന്റെ ലാഭത്തിൽനിന്ന് ഡിവിഡന്റിനും അവർ അർഹരാകുകയും ചെയ്യും. കേന്ദ്ര സഹമന്ത്രി മുരളീധർ മൊഹോൾ പറഞ്ഞു. രാജ്യത്താകെ ഏകദേശം എട്ടു ലക്ഷം ഡ്രൈവർമാർ ഭാരത് ടാക്‌സിയിൽ അംഗങ്ങളായിട്ടുണ്ടെന്നും പ്രതിദിനം 11,000ത്തോളം യാത്രകൾ ഈ പ്ലാറ്റ്ഫോം വഴി നടക്കുന്നുണ്ടെന്നും മൊഹോൾ അറിയിച്ചു.
ഇതുവരെ 77 കോടി രൂപ നേരിട്ട് ഡ്രൈവർമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലും ഗാന്ധിനഗറിലും ആരംഭിച്ച ഭാരത് ടാക്‌സി സേവനം ഇപ്പോൾ മഹാരാഷ്ട്രയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. അടുത്ത ഘട്ടത്തിൽ നാഗ്പുർ, പുണെ നഗരങ്ങളിലും സേവനം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യത്ത് രണ്ട് ലക്ഷം പുതിയ സഹകരണസംഘങ്ങൾ രൂപവത്കരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇതിനകം 40,000 സഹകരണസംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങളുടെ കംപ്യൂട്ടറൈസേഷനായി കേന്ദ്ര സർക്കാർ 3,000 കോടി രൂപ നിക്ഷേപിക്കുകയാണെന്നും മൊഹോൾ വ്യക്തമാക്കി.
Content Highlights: Government-backed cooperative taxi service launched in Maharashtra., Eliminates high commissions and surge pricing for drivers., Drivers are shareholders and owners of the cooperative., Direct payment transfers to driver bank accounts., Expansion plans for Nagpur and Pune announced.
Published: 30 Jul 2026, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented