ബെംഗളൂരു: നഗരത്തിൽ അധികം വൈകാതെ വാഹനങ്ങളുടെ എണ്ണം ജനസംഖ്യയെ മറികടക്കും. നിലവിലെ വാഹനപ്പെരുപ്പം ജനസംഖ്യാവർധനയെക്കാൾ വേഗത്തിലാണ് കുതിക്കുന്നത്. ജനസംഖ്യാ വളർച്ച നാല് ശതമാനത്തിൽ താഴെയാണെങ്കിൽ വർഷംതോറും വാഹനങ്ങളുടെ എണ്ണം വർധിക്കുന്നത് 10 ശതമാനം എന്ന നിരക്കിലാണ്.

To advertise here,

നിലവിൽ 1.25 കോടി വാഹനങ്ങളിൽ നഗരത്തിലെ നിരത്തുകളിലുണ്ടെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് ഏറ്റവും ഗതാഗതത്തിരക്ക് അനുഭവപ്പെടുന്ന നഗരമാണ് ബെംഗളൂരു. നഗരവാസികളുടെ എണ്ണം കൂടിയതും ഇതിന് ഒപ്പം തന്നെ വാഹനങ്ങളുടെ എണ്ണം കൂടിയതുമാണ് പ്രധാന പ്രശ്‌നം.

വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് റോഡ് സൗകര്യം മെച്ചപ്പെട്ടില്ല.പുതിയ റോഡുകളുണ്ടാക്കുന്നതിന് സ്ഥലപരിമിതി പ്രതിസന്ധിയാണ്. നിലവിലുള്ള റോഡുകൾ വീതി കൂട്ടാനും സാധിക്കാത്ത സ്ഥിതിയാണ്. 2011-ലെ സെൻസസ് പ്രകാരം നഗരത്തിലെ ജനസംഖ്യ 85.2 ലക്ഷമാണ്. ഇപ്പോൾ ഇത് ഒന്നര കോടി കടന്നിരിക്കുമെന്നാണ് കരുതുന്നത്.

ഇരട്ടിയോളമാണ് വർധന. വാഹനങ്ങളുടെ എണ്ണവും ഇരട്ടിയിലധികമായി വർധിച്ചിട്ടുണ്ട്. ഇവിടെ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണമാണ് 1.25 കോടി. ഇത് കൂടാതെ കേരളം അടക്കം അന്യ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ധാരാളം വാഹനങ്ങളും നഗരത്തിലെ നിരത്തുകളിൽ സജീവമാണ്.