
ബെംഗളൂരു: അശാസ്ത്രീയ പാർക്കിങ് മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പുതിയ നടപടിയുമായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. ഗതാഗതപ്രശ്നം അതിരൂക്ഷമായ ഹെബ്ബാൾ, യെലഹങ്ക മേഖലകളിൽ പ്രത്യേക പാർക്കിങ് സംവിധാനം ഒരുക്കാനാണ് തീരുമാനം. റോഡരുകുകളിൽ അടക്കം പണം നൽകി പാർക്കിങ് സൗകര്യം ഒരുക്കും. ഇതിനൊപ്പം അധനികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ടോവിങ് ആരംഭിക്കും. പെയ്ഡ് പാർക്കിങ്ങിന് വേണ്ടി 18 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഹെബ്ബാളിൽ 10 ഇടങ്ങളിലും യെലഹങ്കയിൽ എട്ടിടങ്ങളിലുമാണ് പെയ്ഡ് പാർക്കിങ് മേഖല വരുന്നത്. പദ്ധതി നടപ്പാക്കാൻ ടെൻഡർ ക്ഷണിച്ചു. പാർക്കിങ് പ്രശ്നം പരിഹരിച്ച് ഗതാഗതക്കുരുക്ക് അഴിക്കാനുള്ള മൂന്ന് മാർഗങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ജിബിഎ അധികൃതർ അറിയിച്ചു. പണം വാങ്ങി റോഡരുകളിൽ പാർക്കിങ് അനുവദിക്കുകയാണ് അതിൽ ഒന്ന്. റോഡരികിൽ പാർക്കിങ് അനുവദിക്കാൻ സാധിക്കാത്ത ഭാഗത്ത് മറ്റിടങ്ങൾ കണ്ടെത്തി പാർക്കിങ്ങായി വേർതിരിക്കും.
മൂന്നാമത്തെ മാർഗമാണ് ടോവിങ് നടപടി. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ടോവിങ് വാഹനം ഉപയോഗിച്ച് മാറ്റും. പിന്നീട് പിഴ ഈടാക്കി വിട്ടു നൽകും. ഗതാഗതത്തെ ബാധിക്കാത്ത വിധത്തിൽ റോഡരികുകളിൽ പാർക്കിങ് അനുവദിക്കാൻ കഴിയുന്ന ചില ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഹെബ്ബാളിൽ അഞ്ച് റോഡും യെലഹങ്കയിൽ മൂന്ന് റോഡും ഇതിന് അനുയോജ്യമാണ്. ഈ മേഖലയിൽ ഒരിക്കൽക്കൂടി ശാസ്ത്രീയമായ രീതിയിൽ പഠനം നടത്തും. കൂടുതൽ സ്ഥലം കണ്ടെത്താൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
സർക്കാർ, സ്വകാര്യസ്ഥലങ്ങൾ കണ്ടെത്തി അവിടെ പാർക്കിങ് കേന്ദ്രം ആരംഭിക്കാനുള്ള നടപടികളും ആരംഭിച്ചു. ഇതിനും ടെൻഡർ ക്ഷണിച്ചു. ലഭ്യമായ സ്ഥലം പരമാവധി ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
റോഡ് അരികുകളിൽ ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങൾ മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. റോഡരികുകളിലെ അനധികൃത പാർക്കിങ് തടയാൻ മുൻപ് നടപ്പാക്കിയിരുന്ന ടോവിങ് വീണ്ടും കൊണ്ടുവരും. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പ്രത്യേക ടോവിങ് വാഹനങ്ങളിൽ കയറ്റിക്കൊണ്ടു പോകുകയാണ് ചെയ്യുന്നത്.
ലോക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ അടക്കം ടോവിങ് വാഹനങ്ങളിൽ കയറ്റും. ഇത്തരത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ പിഴ നൽകുമ്പോഴാണ് വിട്ടു നൽകുന്നത്. അനധികൃത പാർക്കിങ്ങിനുള്ള പിഴ കൂടാതെ ടോവിങ് ചാർജും ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാലു ചക്രവാഹനങ്ങൾക്ക് 1000 രൂപ വീതവും ഇരുചക്രവാഹനങ്ങൾക്ക് 500 രൂപ വീതവുമായിരിക്കും ടോവിങ് ചാർജ്.
Content Highlights: Greater Bengaluru Authority introduces new paid parking and towing system to combat traffic congestion in Hebbal & Yelahanka. Learn more!
Published: 22 Jan 2026, 08:31 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented