എക്‌സോബോട്ട് എന്നപേരിൽ ഇലക്ട്രിക് സെഡാനും എസ്യുവിയും പുറത്തിറക്കിക്കൊണ്ട് അരങ്ങേറ്റം കുറിച്ച് സൗദി അറേബ്യയുടെ ദേശീയ ഓട്ടോമോട്ടീവ് കമ്പനിയായ 'സീർ' (CEER). സൗദി വിഷൻ 2030-ന്റെ വ്യാവസായിക വൈവിധ്യവൽക്കരണ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പാസഞ്ചർ ഇലക്ട്രിക് വാഹക രംഗത്തേക്ക് ബ്രാൻഡ് രംഗപ്രവേശം നടത്തുന്നത്. സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ആണ് കാറുകൾ പുറത്തിറക്കിയത്.

To advertise here,

എക്‌സോബോട്ട് സെഡാനും എസ്‌യുവിയും

എക്‌സോബോട്ട് സെഡാനും എസ്‌യുവിയും ബ്രാൻഡിന്റെ മുൻനിര ഇലക്ട്രിക് വാഹനങ്ങളാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് മോഡലുകൾ കൂടി അവതരിപ്പിക്കാൻ സീർ പദ്ധതിയിടുന്നുണ്ട്. വിവിധ പവർട്രെയിൻ ഓപ്ഷനുകളുള്ള മിഡ്സൈസ്, കോംപാക്റ്റ് വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ചൂട് അകത്തെത്തില്ല, സവിശേഷമാണ് ഡിസൈൻ

വലിയ വിൻഡ്ഷീൽഡാണ് വാഹനങ്ങളുടെ പ്രധാന ഡിസൈൻ സവിശേഷതകളിലൊന്ന്. ഒരു പാസഞ്ചർ വാഹനത്തിൽ ഇതുവരെ ഘടിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വിൻഡ്ഷീൽഡാണിതെന്ന് സീർ അവകാശപ്പെടുന്നു. കാബിനിലേക്ക് പ്രവേശിക്കുന്ന ചൂട് കുറയ്ക്കുന്നതിനായി റിഫ്‌ളെക്ടീവ് കോട്ടിങ്ങോടുകൂടിയ ലാമിനേറ്റഡ് ഗ്ലാസാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഉയർന്ന ചൂടുള്ള സാഹചര്യങ്ങളിൽ, 10 മിനിറ്റിനുള്ളിൽ കാബിൻ താപനില 65 ഡിഗ്രി സെൽഷ്യസിൽ നിന്ന് 32 ഡിഗ്രി സെൽഷ്യസായി കുറയ്ക്കാൻ കഴിയുമെന്നും സീർ അവകാശപ്പെടുന്നു. ഭാരം കുറഞ്ഞ ഫോർജ്ഡ് അലുമിനിയം വീലുകളാണ് നൽകിയിരിക്കുന്നത്. ഏകദേശം മൂന്ന് മീറ്റർ നീളമുള്ള വിങ് ഡോറുകളാണ് മറ്റൊരു പ്രത്യേകത.

ഞെട്ടിക്കുന്ന റേഞ്ച്

എക്‌സോബോട്ട് സെഡാൻ 670 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 30 മിനിറ്റിനുള്ളിൽ 10-ൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. 0-ൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 2.6 സെക്കൻഡുകൾ മതി. സെഡാൻ 850 എച്ച്പിയും 1,000 എൻഎമ്മും ഉത്പാദിപ്പിക്കുന്നു.

എക്‌സോബോട്ട് എസ്‌യുവിക്ക് 560 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 10-80 ശതമാനം ചാർജ് ചെയ്യാൻ 30 മിനിറ്റ് മാത്രംമതി. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 2.9 സെക്കൻഡുകൾ മതിയെന്നും, സെഡാൻ പോലെ ഇതിനും 850 എച്ച്പിയും 1,000 എൻഎമ്മും ഉത്പാദിപ്പിക്കാൻ കഴിയുമെന്നും കമ്പനി വ്യക്തമാക്കുന്നു.

ഇന്ത്യയിലെത്തുമോ?

2022-ൽ തുടക്കം കുറിച്ചത് മുതൽ ബിഎംഡബ്ല്യു, ഹ്യുണ്ടായ്, റിമാക് തുടങ്ങിയ കമ്പനികളുമായി സീർ പങ്കാളിത്തം നേടിയിട്ടുണ്ട്. സൗദി അറേബ്യയുടെയും ഈ മേഖലയുടെയും പ്രത്യേക ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വാഹനങ്ങൾ രൂപകൽപ്പന ചെയ്യുകയും എഞ്ചിനീയറിംഗ് നടത്തുകയും പരീക്ഷിക്കുകയും ചെയ്യുമ്പോൾ തന്നെ 2034-ഓടെ കാറുകളിൽ 45 ശതമാനം പ്രാദേശിക നിർമ്മാണം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എക്‌സോബോട്ട് സെഡാനും എസ്‌യുവിയും ഇന്ത്യയിൽ പുറത്തിറക്കുമോ എന്നതിനെക്കുറിച്ചോ അവയുടെ വിലയെക്കുറിച്ചോ ബ്രാൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.