രാജ്യത്തെ വാഹന ഉപയോക്താക്കള്‍ക്ക് തടസ്സരഹിതവും ചെലവ് കുറഞ്ഞതുമായി യാത്ര ഉറപ്പാക്കുന്നതിനായാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് വാര്‍ഷിക ടോള്‍ പാസ് പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ന് ആരംഭിച്ച വാര്‍ഷിക ടോള്‍ പദ്ധതി ഇതിനോടകം അഞ്ച് ലക്ഷം ഉപയോക്താക്കളിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏതാനും സുപ്രധാന എക്‌സ്പ്രസ്‌വേകളില്‍ വാര്‍ഷിക പാസ് സംവിധാനം പ്രവര്‍ത്തിക്കില്ലെന്നാണ് സൂചന. 

To advertise here,

കേരളവുമായി അതിര്‍ത്തിപങ്കിടുന്ന സംസ്ഥാനമായ കര്‍ണാടകയിലെ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ വാര്‍ഷിക ടോള്‍ പാസ് സഹായകമാകില്ലെന്നാണ് റിപ്പോര്‍ട്ട്. അതുപോലെ ഗുജറാത്തിലെ അഹമ്മദാബാദ്-വഡോദര എക്‌സ്പ്രസ് ഹൈവേയുടെ ചില ഭാഗങ്ങളിലും വാര്‍ഷിക പാസ് ഉപയോഗിക്കാന്‍ സാധിക്കില്ല. മുംബൈ-പുണെ എക്‌സ്പ്രസ് ഹൈവേ, പുതിയ സമൃദ്ധി മഹാമാര്‍ഗ് എന്നിവിടങ്ങളിലാണ് മഹാരാഷ്ട്രയില്‍ ഈ പാസ് അനുവദിക്കാത്തത്. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിക്കുന്ന റോഡുകളായാതിനാലാണ് ഇവിടെ വാര്‍ഷിക പാസ് അനുവദിക്കാത്തത്. 

അതുപോലെ വാര്‍ഷിക പാസ് ഉപയോഗിച്ചുള്ള ടോള്‍ പിരിവ് അനുവദിക്കാത്ത മറ്റൊരു പ്രധാന പാതയാണ് ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ് ഹൈവേ. ഈ സംസ്ഥാനത്തിലെ ഏറ്റവും തിരക്കേറിയതും ചെലവേറിയതുമായ പാതകളില്‍ ഒന്നാണിത്. പുര്‍വാഞ്ചല്‍ എക്‌സ്പ്രസ്‌വേ, ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ്‌വേ, ആഗ്ര-ലഖ്‌നോ എക്‌സ്പ്രസ്‌വേ, മീറ്ററ് എക്‌സ്പ്രസ്‌വേ എന്നിവയിലും വാര്‍ഷിക ടോള്‍ സംവിധാനം അനുവദിക്കുന്നില്ലെന്നാണ് സൂചനകള്‍. ഭൂരിഭാഗവും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പാതകളിലാണ് ഈ ടോള്‍ സംവിധാനം അനുവദിക്കാത്തത്.

ദേശീയപാത അതോറിറ്റികള്‍ക്ക് കീഴില്‍വരുന്ന ദേശീയപാത, ദേശീയ അതിവേഗപാതകളിലെ ടോള്‍ പ്ലാസകൾ എന്നിവിടങ്ങളിലായിരിക്കും ഫാസ്ടാഗിന്റെ വാര്‍ഷികപാസ് ഉപയോഗിക്കാന്‍ അനുവദിക്കുകയെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മുമ്പുതന്നെ അറിയിച്ചിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകളുടെയും ബ്ലോക്കുകളുടെയും കീഴിലുള്ള ടോള്‍ പ്ലാസകളില്‍  സാധാരണ ഫാസ്ടാഗ് വഴി ടോള്‍ നല്‍കേണ്ടിവരുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. 200 ട്രിപ്പ് പൂര്‍ത്തിയായാല്‍ വാര്‍ഷികപാസ്, സാധാരണ ഫാസ്ടാഗ് രീതിയിലേക്കു മാറും. വീണ്ടും വാര്‍ഷിക പാസെടുത്ത് റീ ആക്ടിവേറ്റ് ചെയ്യാം.

രാജ്മാര്‍ഗ് ആപ്പിലും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.nhai.gov.in, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ വെബ്‌സൈറ്റായ www.morth.nic.in എന്നിവ മുഖേനയും വാര്‍ഷിക പാസ് ലഭിക്കും. നിലവില്‍ ഫാസ്ടാഗ് ഉണ്ടെങ്കില്‍ പുതിയൊരെണ്ണം വാങ്ങേണ്ട ആവശ്യമില്ല. അംഗീകൃത പോര്‍ട്ടല്‍ വഴിയോ ആപ്പ് വഴിയോ 3,000 രൂപ ഫീസ് അടച്ചശേഷം നിങ്ങളുടെ വാര്‍ഷിക പാസ് നിലവിലുള്ള ടാഗുമായി ബന്ധിപ്പിക്കാം. വാണിജ്യേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ പോലുള്ള സ്വകാര്യ വാഹനങ്ങള്‍ക്കായാണ് വാര്‍ഷിക പാസ് നടപ്പാക്കുന്നത്.