തിരുവനന്തപുരം: നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ യഥേഷ്ടം സംസ്ഥാനത്തേക്കു കടക്കുമ്പോള്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ചെക്ക്പോസ്റ്റുകളില്‍ വിശ്രമത്തില്‍. മാര്‍ച്ച് മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിയ 19 ചെക്കുപോസ്റ്റുകളില്‍ 90 ഇന്‍സ്‌പെക്ടര്‍മാരാണ് വെറുതേയിരിക്കുന്നത്. രാവിലെ ഒമ്പതിനെത്തി വൈകീട്ട് അഞ്ചിന് മടങ്ങും. കേന്ദ്രനിര്‍ദേശപ്രകാരം ചെക്കുപോസ്റ്റുകള്‍ നിര്‍ത്തിയെങ്കിലും ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ചിട്ടില്ല.

To advertise here,

മറുവശത്ത് നിരത്തിലെ പരിശോധന ശക്തമാക്കേണ്ട എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരും വാഹനങ്ങളുമില്ല. ചരക്കു-സേവന വകുപ്പിന്റെ നിരീക്ഷണ ക്യാമറദ്യശ്യം എഐ സംവിധാനത്തിലൂടെ പരിശോധിച്ച് നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ കണ്ടെത്താനുള്ള ശ്രമം വിജയിച്ചതുമില്ല.

ചെക്കുപോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ മടങ്ങുന്നതിനു പിന്നാലെയാണ് ഭാരവാഹനങ്ങള്‍ സംസ്ഥാനത്തേക്ക് കടക്കുന്നത്. അടുത്തിടെ എന്‍ഫോഴ്സമെന്റ് വിഭാഗം വടക്കന്‍ ജില്ലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ആദ്യ മണിക്കൂറില്‍ നികുതി അടയ്ക്കാത്ത മുപ്പതിലധികം ലോറികളാണ് പിടികൂടിയത്. ചെക്കുപോസ്റ്റുകള്‍ നിര്‍ത്തിയത് നികുതിവെട്ടിപ്പുകാര്‍ മുതലെടുക്കുന്നതിന്റെ സൂചനയാണിത്.

ചെക്കുപോസ്റ്റുകളില്‍നിന്ന് വര്‍ഷം ശരാശരി 30 കോടി രൂപ സംസ്ഥാന ഖജനാവിന് ലഭിച്ചിരുന്നു. 2020-'21-ല്‍ 28.31 കോടിരൂപയും 2021-'22-ല്‍ 32.96 കോടി രൂപയും 2022-'23-ല്‍ 44.49 കോടി രൂപയും 2023-'24-ല്‍ 27.35 കോടി രൂപയും 2024-'25 ഫെബ്രുവരിവരെ 11.7 കോടി രൂപയും ചെക്കുപോസ്റ്റുകളില്‍ ലഭിച്ചു. പകരമെത്തിയ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഇത്രയും തുക ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാകില്ല. സംസ്ഥാനത്തേക്ക് കടക്കുന്ന വാഹനങ്ങള്‍ സ്വമേധയാ നികുതി അടയ്ക്കുകയും പെര്‍മിറ്റ് എടുക്കുകയും ചെയ്യണമെന്നാണ് പുതിയ വ്യവസ്ഥ.

വാണിജ്യനികുതി ചെക്കുപോസ്റ്റുകള്‍ നിര്‍ത്താന്‍ കേന്ദ്രം നല്‍കിയ നിര്‍ദേശം തെറ്റിദ്ധരിച്ച് മോട്ടോര്‍വാഹനവകുപ്പ് ചെക്കുപോസ്റ്റുകള്‍ നിര്‍ത്തിയതാണെന്നും ആക്ഷേപമുണ്ട്്. അതേസമയം, ഫെസിലിറ്റേഷന്‍ സെന്ററുകളായി ചില സംസ്ഥാനങ്ങള്‍ ചെക്കുപോസ്റ്റുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

 

സ്‌ക്വാഡുകള്‍ നിരീക്ഷണത്തില്‍

മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ സദാസമയം ടിപ്പര്‍ ലോറി ഏജന്റുമാരുടെ നിരീക്ഷണത്തിലാണ്. സ്‌ക്വാഡ് വാഹനം ഓഫീസ് വളപ്പിന് പുറത്തിറങ്ങിയാലുടന്‍ വിവരം വാട്സാപ്പിലെത്തും. ഇങ്ങനെ വിവരം കൈമാറുന്നതിന് ചില സംഘടനകള്‍ വാഹന ഉടമകളില്‍നിന്ന് മാസവരി പിരിക്കുന്നുണ്ട്.