വേനല്‍ചൂട് മുന്‍വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി അതിന്റെ പാരമ്യത്തിലാണ്. ഒട്ടുമിക്ക ജില്ലകളിലും ജാഗ്രതാ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. വെയില്‍ കൂടുതലുള്ള സമയങ്ങളില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ ചുട്ടുപ്പൊള്ളുന്ന വെയിലിലും വിശ്രമമില്ലാത്ത വിഭാഗമാണ് ഡ്രൈവര്‍മാര്‍. വെയിലിനൊപ്പം പൊടിയും ശബ്ദമലിനീകരണവുമെല്ലാം ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും വളരെയധികം ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്.

To advertise here,

ഉറക്കം, അമിതക്ഷീണം, നിര്‍ജ്ജലീകരണം, മാനസിക പിരിമുറക്കം, പുറംവേദന, കണ്ണിന് കൂടുതല്‍ ആയാസം അനുഭവപ്പെടല്‍ തുടങ്ങിയവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. ദീര്‍ഘദൂര യാത്രകളില്‍ ഇത് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുകയും ചെയ്യും. ദാഹം, ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പുറമെ, റോഡുകളിലും മറ്റും അനുഭവപ്പെടുന്ന റോഡ് മരീചിക പോലുള്ള പ്രതിഭാസങ്ങള്‍ ഡ്രൈവിങ്ങിനെ കൂടുതല്‍ ദുഷ്‌കരമാക്കുന്നവയാണ്.

വേനല്‍ ചൂടില്‍ ഉണ്ടായേക്കാവുന്ന മറ്റൊരു പ്രതിസന്ധിയാണ് ഉച്ചക്കഴിഞ്ഞുള്ള ഡ്രൈവിങ്ങില്‍ ഉണ്ടായേക്കാവുന്ന ഉറക്കത്തിനുള്ള സാധ്യത. ചൂടുകാലത്ത് ഇത് പൊതുവേ കൂടുതലാണ്. രാത്രകാല ഉറക്കത്തെ പോലെ തന്നെ അപകടകരമാണ് പകല്‍ സമയത്ത് അനുഭവപ്പെടുന്ന മയക്കവും. ചൂടുകാലത്തെ ഡ്രൈവിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതേ കലയളവില്‍ വാഹനങ്ങളില്‍ ശ്രദ്ധിക്കേണ്ടവയേയും കുറിച്ച് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേരളത്തിലെ മോട്ടോര്‍ വാഹനവകുപ്പ്.

വാഹനങ്ങളില്‍ ശ്രദ്ധിക്കാന്‍ 

• റബ്ബര്‍ ഭാഗങ്ങളും ടയറും വൈപ്പര്‍ ബ്ലേഡുകളും ഫാന്‍ ബെല്‍റ്റും കൃത്യമായ പരിശോധിക്കുകയും ആവശ്യമെങ്കില്‍ മാറ്റിയിടുകയും ചെയ്യുക.

• ടയര്‍ എയര്‍ പ്രഷര്‍ അല്‍പ്പം കുറച്ചിടുക.

• റേഡിയേറ്റര്‍ കൂളന്റിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുക.

• വാഹനങ്ങള്‍ തണലത്ത് പാര്‍ക്കുചെയ്യുക. വെയിലത്ത് പാര്‍ക്ക് ചെയ്യേണ്ടിവന്നാല്‍ നേരിട്ട് വെയില്‍ ഡാഷ്‌ബോര്‍ഡില്‍ കൊള്ളുന്നില്ലെന്ന് ഉറപ്പാക്കുക. സണ്‍ പ്രൊട്ടക്ഷന്‍ ഷീല്‍ഡ് ഉപയോഗിക്കാം. 

• പാര്‍ക്ക് ചെയ്യുമ്പോള്‍ ഡോര്‍ ഗ്ലാസ് അല്‍പ്പം താഴ്ത്തി വയ്ക്കുകയും വൈപ്പര്‍ ബ്ലേഡ് ഗ്ലാസില്‍നിന്ന് ഉയര്‍ത്തി വയ്ക്കുകയും ചെയ്യുക. 

• ഉണങ്ങിയ ഇലകള്‍ കൂടുതലായി ഉള്ളിടത്തോ, തീപിടുത്തത്തിന് സാധ്യതയുള്ള സ്ഥലങ്ങളിലോ വാഹനം പാര്‍ക്കുചെയ്യുന്നത് ഒഴിവാക്കുക.

• വെയിലത്ത് നിര്‍ത്തിയിട്ടുള്ള വാഹനങ്ങളില്‍ യാത്ര ആരംഭിക്കുന്ന സമയത്ത് ഗ്ലാസ് താഴ്ത്തിയിടുകയും കാലുകളിലേക്ക് വായുസഞ്ചാരം വരുന്ന രീതിയില്‍ ഫാന്‍ ക്രമീകരിക്കുകയും ചെയ്യുക. അല്‍പ്പദൂരം വാഹനമോടിയതിന് ശേഷം മാത്രം എ.സി. ഓണ്‍ ചെയ്ത് ഗ്ലാസ് കയറ്റിയിടുക. 

• പെറ്റ് ബോട്ടില്‍, ഗ്ലാസ് ബോട്ടില്‍ എന്നിവയില്‍ വെള്ളം വാഹനത്തില്‍ സൂക്ഷിക്കാതിരിക്കുക. വെയില്‍ നേരിട്ട് കൊള്ളുന്ന രീതിയില്‍ ഇങ്ങിനെ സൂക്ഷിക്കുന്നത് പ്രിസം എഫക്ട് മൂലം തീപിടുത്തത്തിന് ഉള്ള സാധ്യത ഉണ്ടാക്കിയേക്കാം.

•  ബോട്ടിലുകളില്‍ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കുക.

• തീപിടിത്തത്തിന് സാദ്ധ്യതയുള്ള സാധനങ്ങള്‍, സ്‌പ്രേകള്‍, സാനിറ്റൈസര്‍ എന്നിവ വാഹനത്തില്‍ സൂക്ഷിക്കരുത്. 

യാത്രകളില്‍ അറിയാന്‍

• ദീര്‍ഘദൂര യാത്രകളിലെ അസ്വസ്ഥതയും, ശാരീരിക ക്ഷീണങ്ങലും ഒഴിവാക്കാന്‍ ഇടവേളകള്‍ എടുക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. 

• ജലാംശം അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ യാത്രയില്‍ കരുതുന്നത് നല്ലതാണ്.

• എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കുക.

• കൂടുതല്‍ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിംഗ് കഴിയുന്നതും ഒഴിവാക്കുക.

• ചായയും സോഫ്റ്റ് ഡ്രിങ്ക്‌സുകളും കഴിയുന്നതും ഒഴിവാക്കുകയും പകരം കരിക്കിന്‍ വെള്ളമോ സംഭാരമോ, ജ്യൂസുകളോ ഉപയോഗിക്കുകയും ചെയ്യുക.

• അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

• ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന സമയത്ത് ചൂടുകാറ്റ് മൂലം ഡീഹൈഡ്രേഷന്‍ ഉണ്ടാകാനിടയുണ്ട്. അതുകൊണ്ട് നേരിട്ട് വെയിലടിക്കുന്നത് ഒഴിവാക്കാന്‍ ജാക്കറ്റുകളും കയ്യുറയും ധരിക്കുക.

• സീറ്റുകള്‍ ശരിയായ രീതിയില്‍ ക്രമീകരിക്കുകയും കാര്‍ സ്റ്റീരിയോ കുറഞ്ഞ ശബ്ദത്തില്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത് നല്ല യാത്ര അനുഭവം നല്‍കും. 

• കണ്ണിന്റെ ആയാസം കുറയ്ക്കാന്‍, ഇടവേളകള്‍ എടുക്കുകയും ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുകുകയും കണ്ണടച്ച് വിശ്രമം എടുക്കുകയും ചെയ്യുക. 

• വെയില്‍ നേരിട്ട് തട്ടുന്നത് ഒഴിവാക്കാനും റോഡ് മിറേജ് ഒഴിവാക്കുന്നതിനു സണ്‍ഗ്ലാസ് ധരിക്കുക.

• തണലിനായി നായകളോ മറ്റു ജീവികളോ പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ അടിയില്‍ അഭയം തേടിയേക്കാം. മുന്നോട്ട് എടുക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും വാഹനത്തിന്റെ അടിഭാഗം പരിശോധിക്കുക.