രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒരു പതാക വാഹകന് എത്തിയിരിക്കുന്നു. ടിയാഗോ ഇവി മുതല്‍ കര്‍വ് ഇവി വരെ നീളുന്ന ആറ് ഇലക്ട്രിക് വാഹനങ്ങളെ മുന്നില്‍ നിന്ന് നയിക്കാനാണ് ഹാരിയര്‍ ഇവി ക്യാപ്റ്റന്‍ മോഡലിന്റെ നിയോഗം. പരമ്പരാഗതമായി പിന്തുടര്ന്നിരുന്ന ഡിസൈന്‍ ശൈലികളും മറ്റും ഉപേക്ഷിച്ചതില്‍ പിന്നെ ടാറ്റയില്‍ നിന്ന് എത്തിയിട്ടുള്ള വാഹനങ്ങള്‍ ഒന്ന് മറ്റൊന്നിനോട് മത്സരിക്കുന്നതായിരുന്നു. ഹാരിയറിന്റെ കാര്യത്തിലും ഇത് തന്നെയാണ് ടാറ്റ മോട്ടോഴ്സ് ചെയ്തിരിക്കുന്നത്. ഹാരിയറിനൊപ്പമുള്ള ഒരു ദിവസത്തെ യാത്ര അക്ഷരാര്‍ഥത്തില്‍ ടാറ്റയുടെ മാറ്റത്തെ കൃത്യമായി അടുത്തറിയുന്നതായിരുന്നു.
ഹാരിയറിലേക്ക്
ഹരിയാനയിലെ ഫരിദാബാദിലായിരുന്നു ഹാരിയര്‍ ഇവിയുടെ മീഡിയ ഡ്രൈവ് ഒരുക്കിയിരുന്നത്. ക്വാഡ് ഡേ എക്സ്പീരിയന്‍സ് ഡ്രൈവില്‍ വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം ലഭിച്ചിരുന്നെങ്കിലും ചെറിയ ഒരു ബ്രീഫിങ് സെഷനോടെയായിരുന്നു ഡ്രൈവ് ആരംഭിച്ചത്. വാഹനത്തിന്റെ ഓട്ടോ പാര്‍ക്കിങ്ങ്, ഐആര്‍എ കണക്ടിവിറ്റി സംവിധാനങ്ങള്‍ നിര്‍ബന്ധമായി പരീക്ഷിച്ച് നോക്കണമെന്നാണ് ഇന്‍സ്ട്രക്ടര്‍ നിര്‍ദേശിച്ചത്. വാഹനവുമായി ഫോണ്‍ കണക്ട് ചെയ്യുന്നതിലൂടെ നമ്മുടെ ഡ്രൈവിങ് രീതികള്‍ അവര്‍ക്കും പിന്നീട് മനസിലാക്കാന്‍ സാധിക്കുമെന്നും പറഞ്ഞു.
ഡ്രൈവ് ചെയ്ത് തുടങ്ങാം
ഹാരിയര്‍ ഇവിയുടെ ഡിസൈന്‍ സംബന്ധിച്ചുള്ള വിശേഷങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ കാര്യമായ പ്രാധാന്യമില്ല. വാഹനം ഇതിനോടകം പല പ്ലാറ്റ്ഫോമില്‍ കൂടെ പുറത്തുവന്നു കഴിഞ്ഞു. ടാറ്റയുടെ മറ്റ് വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളത് പോലെ സീക്വന്‍ഷ്യല്‍ ഷിഫ്റ്റ് ഗിയര്‍ ലിവറാണ് ഇതില്‍ ഡ്രൈവ് സെലക്ടറായി നല്‍കിയിരിക്കുന്നത്. ഡ്രൈവ് മോഡിലേക്ക് മാറ്റി ആക്സിലറേറ്ററില്‍ കാല് അമര്‍ത്തിയതോടെ കുതിര കുതിക്കുന്നത് പോലെയാണ് വാഹനം മുന്നിലേക്ക് പാഞ്ഞത്. ഉയര്‍ന്ന ടോര്‍ക്കിന്റെ ഗുണം ഡ്രൈവിങ്ങിന്റെ ഓരോ സെക്കന്റിലും ഫീല്‍ ചെയ്യുന്നുണ്ട്. കരുത്തിലും ഒട്ടും പിന്നിലല്ലാത്ത വാഹനവുമാണ്. ആനപ്പാറ കയറിയ വാഹനത്തിന് റോഡില്‍ എന്ത് മോശം വരാനാണ് എന്നായിരുന്നു ചിന്ത.
വാഹനത്തിന്റെ കരുത്തിനെക്കാള്‍ ഉപരി ഇതിന്റെ യാത്ര സുഖം അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടി ടാറ്റ മോട്ടോഴ്സ് വികസിപ്പിച്ചിട്ടുള്ള ആക്ടി.ഇവി പ്ലാറ്റ്ഫോമിന്റെ മേന്മയാണ് ആദ്യം പറയേണ്ടത്. ബാറ്ററിയുടെ സ്ഥാനം വാഹനത്തിന്റെ പ്ലാറ്റ്ഫോമില്‍ ആയതിനാല്‍ തന്നെ ബാറ്ററിയുടെ ഭാരം വാഹനത്തിന്റെ സെന്റര്‍ ഓഫ് ഗ്രാവിറ്റി മെയിന്റെയ്ന്‍ ചെയ്യുന്നുണ്ട്. ബാറ്ററിയുടെയും മോട്ടോറിന്റെയും ഭാരം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന അള്‍ട്രാ ഗ്ലൈഡ് എന്ന സസ്പെന്ഷന് സംവിധാനമാണ് ഹാരിയര്‍ ഇവിയുടെ പിന്നില്‍ നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം ഫ്രീക്വന്‍സി ഡാമ്പറുകളും നല്കിയിരിക്കുന്നതിനാല് തന്നെ ഏറ്റവും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള യാത്രയാണ് ഈ വാഹനം നല്‍കുന്നത്.
മുന്നിലും പിന്നിലും ഇരുന്ന് യാത്ര ചെയ്യുന്നവരുടെ കാര്യമാണ് ഇതെങ്കില്‍ ഡ്രൈവിങ്ങിനെ ഈ വാഹനം എങ്ങനെയൊക്കെ ഈസിയാക്കുവെന്നതാണ് അടുത്തത്. സ്റ്റിയറിങ് ആണ് ഏറ്റവും പ്രധാനം. കുറഞ്ഞ വേഗത്തിലുള്ള ഡ്രൈവിങ്ങില്‍ സ്റ്റിയറിങ്ങില്‍ അല്‍പ്പം വെയിറ്റ് അനുഭവപ്പെടുന്നുണ്ടെങ്കിലും സ്പീഡ് കൂടുന്നതിന് അനുസരിച്ച് വളരെ സോഫ്റ്റ് ആകുന്നുണ്ട്. അതായത് സ്റ്റിയറിങ് താരതമ്യേന കൂടുതല്‍ റെസ്പോണ്‍സീവാണ്. ഡ്രൈവറിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള മികച്ച ഹാന്‍ഡിലിങ് ആണ് ഹാരിയര്‍ റോഡിലെ ഡ്രൈവിങ്ങില്‍ നല്‍കിയത്. എടുത്ത് പറയത്തക്ക ബോഡി റോള്‍ ഇല്ലെന്നതും ഹാരിയര്‍ ഇവിയുടെ പോസിറ്റീവാണ്.
കരുത്ത് റോഡില്‍ മാത്രമല്ല
റോഡിലെ പെര്‍ഫോമെന്‍സ് കൊണ്ട് ഒതുങ്ങി പോകുന്ന കരുത്തല്ല ഹാരിയര്‍ ഇവിക്കുള്ളത്. ക്വാഡ് ഡേയില്‍ അത് കൃത്യമായി അനുഭവിച്ചതാണ്. പ്രത്യേകം തയ്യാറാക്കിയ ഓഫ് റോഡ് ട്രാക്കില്‍ കുത്തനെ ഇറങ്ങിയും കയറിയും സീസോ കളിച്ചും വെള്ളത്തിലും ചെളിയിലും മണലിലും പാറക്കല്ലിലുമെല്ലാം കയറ്റിയിറക്കിയുള്ള പ്രകടനവുമെല്ലാം ഹാരിയറിന്റെ കരുത്ത് അറിയിച്ച് തന്നത്. എന്തിനും പറ്റുന്ന മോഡുകള്‍, നോര്‍മല്‍, വെറ്റ്/റെയിന്‍, റഫ് റോഡ് ടറൈന്‍, സ്പോര്‍ട്, സിറ്റി, ഇകോ കൂടാതെ പറക്കാനായി ബൂസ്റ്റും.. എല്ലാം സെന്‍ട്രല്‍ കണ്‍സോളിലെ വട്ടത്തിനുള്ളില്‍. ഓഫ് റോഡില്‍ കുറഞ്ഞ വേഗത്തിലും കൂടുതല്‍ മികച്ച നിയന്ത്രണത്തിന് സഹായിക്കുന്ന ലോ സ്പീഡ് ക്രൂസ് കണ്ട്രോള്, ഓട്ടോ പാര്‍ക്ക് അസിസ്റ്റും എന്നിങ്ങനെ നീളും റോഡ് വിട്ടാലുള്ള ഹാരിയറിന്റെ ശേഷികള്‍.
ബാറ്ററിയും മോട്ടോറും
രണ്ട് ബാറ്ററി പാക്കുകളുമായാണ് ഹാരിയര്‍ ഇവി വരുന്നത്. 65, 75 കിലോവാട്ടുകളാണ് അവ. ഉയര്‍ന്ന മോഡലായ റിയര്‍ വീല്‍ ഡ്രൈവ് 75 കിലോവാട്ട് വേരിയന്റിന് ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്ററാണ് റെയ്ഞ്ച്. 480-505 കിലോമീറ്റര്‍ വരെ യഥാര്‍ഥ റെയ്ഞ്ച് ലഭിക്കുമെന്നാണ് ടാറ്റ പറയുന്നത്. 7.2 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ച് 10-100 ശതമാനം ചാര്‍ജ് ചെയ്യാന്‍ 10.7 മണിക്കൂര്‍ വേണ്ടിവരും. അതേസമയം 120 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി 20-80 ശതമാനം ചാര്‍ജ് ചെയ്യാന്‍ 25 മിനിറ്റ് മതി.
ഹൈലൈറ്റുകള്‍
വാഹനത്തില്‍ എന്തെല്ലാം പുതിയ ഫീച്ചറുകള്‍ നല്‍കാമെന്നാണ് ഓരോ പുതിയ വാഹനം എത്തിക്കുമ്പോഴും ടാറ്റ മോട്ടോഴ്സ് ആലോചിക്കുന്നത്. അതുകൊണ്ടുതന്നെ ഹാരിയര്‍ ഇവിയിലും ഇത്തരത്തില്‍ ഏതാനും പ്രത്യേക ഫീച്ചറുകള്‍ നിര്‍മാതാക്കള്‍ നല്‍കിയിട്ടുണ്ട്. 14.5 ഇഞ്ച് വലിപ്പമുള്ള ക്യുഎല്‍ഇഡി ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10 സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം, ഡോള്‍ബൈ ആറ്റ്മോസ് ഓഡിയോ എക്സ്പീരിയന്‍സ്, 10.25 ഇഞ്ച് വലിപ്പത്തിലെ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, ഡിജിറ്റല്‍ ഇന്റീരിയര്‍ റിയര്‍വ്യൂ മിറര്‍, ബില്‍റ്റ് ഇന്‍ ഡാഷ്ക്യാം, പവേര്‍ഡ് ബോസ് മോഡ്, ഡിജിറ്റല്‍ കീ, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, ഓട്ടോ പാര്‍ക്ക് അസിസ്റ്റ് എന്നിവയാണ് ഹാരിയര്‍ ഇവിയിലെ ഹൈലൈറ്റുകള്‍.
വില അറിയാം
രണ്ട് ബാറ്ററി പാക്ക് ഓപ്ഷന്, അടുത്തിടെ എത്തിയ സ്റ്റെല്‍ത്ത് എഡിഷന് എന്നിവ ചേര്‍ത്ത് 16 വേരിയന്റുകളില്‍ ഹാരിയര്‍ ഇവി വിപണിയില്‍ എത്തുന്നുണ്ട്. 65 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന്റെ വില 21.49 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഇതിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പിന് 24.48 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. 75 കിലോവാട്ട് ബാറ്ററി പാക്കിലേക്ക് വന്നാല്‍ 24.99 ലക്ഷത്തിലാണ് വില ആരംഭിക്കുന്നത്. ഇതിന്റെ ഉയര്‍ന്ന പതിപ്പായ സ്റ്റെല്‍ത്ത് എഡിഷന് 28.73 ലക്ഷം രൂപ വിലയാകും. ഓള് വീല്‍ ഡ്രൈവ് സംവിധാനത്തിലുള്ള ഹാരിയര്‍ ഇവി QWD പതിപ്പിന് 28.99 ലക്ഷം രൂപ മുതല്‍ 30.23 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
Content Highlights: Experience the Tata Harrier EVs power, comfort, and advanced features. Explore its range, charging
Published: 05 Aug 2025, 05:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented