ചെറിയകാര്യങ്ങളിലും അരുണിന് ഒരു വലിയ ലോകമുണ്ട്. പഠനം കഴിഞ്ഞ് ജോലിയന്വേഷിച്ചുള്ള ഒറ്റയിരിപ്പിലാണ് അരുണ്‍ വടക്കേവീടിന്റെ ചിന്തകള്‍ ആനവണ്ടിയിലേക്ക് ഗിയര്‍ മാറ്റിയത്. ചെറുതാണെങ്കിലും ചന്തംവേണം. പൂര്‍ണതയും വേണം. ഇല്ലെങ്കില്‍ ആനവണ്ടിപ്രേമികള്‍ സമ്മതിക്കണമെന്നില്ല. വീട്ടുകാരുടെ പ്രചോദനമായിരുന്നു ഇന്ധനം. വൈകാതെ ആഗ്രഹങ്ങള്‍ക്കൊരു ബോര്‍ഡുവെച്ച് കെ.എസ്.ആര്‍.ടി.സി.യുടെ കുഞ്ഞന്‍ മാതൃകകള്‍ നിര്‍മിച്ചുതുടങ്ങി. മാസങ്ങള്‍കൊണ്ട് ആ ശ്രമങ്ങള്‍ക്ക് റൂട്ടുതെളിഞ്ഞു. ഇന്ന് മാനന്തവാടി ശാന്തിനഗറിലെ അരുണ്‍ വടക്കേവീടിന്റെ കുഞ്ഞന്‍ ആനവണ്ടികള്‍ ചുരമിറങ്ങിപ്പായുകയാണ്.

To advertise here,

കോവിഡ് കാലത്തെ ആശയം

കോവിഡ് കാലത്ത് വീട്ടിലൊതുങ്ങിയിരിക്കുമ്പോഴാണ് അരുണ്‍ ചിന്തകള്‍ക്ക് കനലൂതിയത്. പഠിച്ചത് ലൈബ്രറി സയന്‍സാണെങ്കിലും വണ്ടികളിലായിരുന്നു കണ്ണ്. അങ്ങനെ കെ.എസ്.ആര്‍.ടി.സി. ബസിന്റെ കുഞ്ഞന്‍മാതൃക ഒന്നുണ്ടാക്കിനോക്കി. ഒപ്പം, ഇരട്ടസഹോദരനായ അഖിലും സഹായിക്കാനെത്തി. സംഗതി കൊള്ളാം. അങ്ങനെ ആദ്യ ആനവണ്ടി ശാന്തിനഗറിലെ വീട്ടില്‍നിന്ന് പുറത്തിറങ്ങി. ഇന്ന് അല്പം സീരിയസാണ് കാര്യങ്ങള്‍. ആനവണ്ടിക്കായി ഒട്ടേറെ ആളുകളെത്തുന്നു. ആദ്യമുണ്ടാക്കിയ മാതൃകയ്ക്കുതന്നെ ആവശ്യക്കാരെത്തി. കുറച്ചുകൂടി സൂക്ഷ്മതയോടെയും കരുതലോടെയും ഒന്നുകൂടി മിനുക്കിയപ്പോള്‍ പെര്‍ഫെക്ഷന്‍ നൂറില്‍ നൂറ്. ഇതോടെയാണ് അരുണിന്റെ വണ്ടിക്കും നാട്ടിലോടാന്‍ പെര്‍മിറ്റായത്.

ഇന്ന് വൈറല്‍വണ്ടി

ഇന്‍സ്റ്റഗ്രാമിലും മറ്റു സാമൂഹികമാധ്യമങ്ങളിലുമെല്ലാം കുഞ്ഞന്‍വണ്ടികളുടെ വിശേഷങ്ങള്‍ പങ്കുവെക്കപ്പെട്ടതോടെ ആവശ്യക്കാരെത്തി. കെ.എ. അരുണിന്റെ വര്‍ക്ക് ഷോപ്പില്‍നിന്ന് 20 ദിവസംമതി ഓരോ ബസും പുറത്തിറങ്ങാന്‍. ഏഴായിരം രൂപമുതല്‍ 4500 രൂപവരെയുമാണ് വണ്ടിക്ക് വിലകിട്ടിത്തുടങ്ങിയത്. 42.5 സെന്റീമീറ്റര്‍ നീളവും 10 സെന്റീമീറ്റര്‍ ഉയരവുമുള്ളതാണ് ഓരോ ബസുകളും. തുറക്കാന്‍ കഴിയുന്ന വാതിലുകളും ഹെഡ്ലൈറ്റും ഇന്റീരിയല്‍ ലൈറ്റും ടയര്‍ റൊട്ടേഷനും ടില്‍റ്റും സസ്‌പെന്‍ഷന്‍ സിസ്റ്റവുമൊക്കെയുള്ളതാണ് ഈ കുഞ്ഞന്‍ബസുകള്‍.

വിദേശത്തേക്കും നമ്മുടെ ആനവണ്ടികളെ എത്തിക്കണം. അതാണ് നല്ലൂര്‍നാട് ജി.എം.ആര്‍.എസ്.എസില്‍ ലൈബ്രേറിയനായി ജോലിനോക്കുന്ന അരുണിന്റെ ആഗ്രഹം. അച്ഛന്‍ ബാലകൃഷ്ണനും അമ്മ ശ്യാമളയും സഹോദരന്‍ അഖിലുമെല്ലാം ഈ ആനവണ്ടികളുടെ ആദ്യ കാഴ്ചക്കാരാണ്. ഇവരുടെ 'ഫിറ്റ്നസ്' കിട്ടിയാണ് അരുണിന്റെ വണ്ടികള്‍ പുറത്തിറങ്ങുക.