
സ്വന്തമായി വിമാനം വേണമെന്നാഗ്രഹിച്ചു. വാരാന്തങ്ങളിലും അവധിക്കാലത്തും കുഞ്ഞുങ്ങളും ഭാര്യയുമൊത്തു യാത്രചെയ്യണം. ഒരു സെക്കന്‍ഡ് ഹാന്‍ഡ് വിമാനത്തിനായി ശ്രമിച്ചെങ്കിലും ഒത്തുവന്നില്ല. ഒടുവില്‍ സ്വന്തമായി ഒരു വിമാനമങ്ങു നിര്‍മിച്ചു, അതുമങ്ങ് ബ്രിട്ടനില്‍.
ഒരു കുടുംബത്തിനു സഞ്ചരിക്കാന്‍ കഴിയുന്ന നാലുസീറ്റുള്ള വിമാനമുണ്ടാക്കി ഭാര്യയും രണ്ടു മക്കളുമൊത്ത് അയല്‍രാജ്യങ്ങളിലേക്കു പറക്കുകയാണ് ആലപ്പുഴക്കാരന്‍ അശോക് താമരാക്ഷന്‍. ബ്രിട്ടനില്‍ ഫോര്‍ഡ് കമ്പനിയില്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറായ അശോക് ആര്‍.എസ്.പി.നേതാവും മുന്‍ എം.എല്‍.എ.യുമായ എ.വി. താമരാക്ഷന്റെയും ഡോ. സുകൃതലതയുടെയും മകനാണ്.
ഗ്രേറ്റ് ബ്രിട്ടണ്‍ എന്ന പേരിന്റെ ആദ്യക്ഷരമായ ജി.യും ഇളയമകളുടെ പേരും ചേര്‍ത്ത് ജി-ദിയ എന്ന പേരിലാണ് വിമാനം. ലോക്ഡൗണ്‍ കാലത്താണ് ആശയമുദിച്ചത്. പറത്താന്‍ ഒന്നരവര്‍ഷത്തെ പൈലറ്റ് കോഴ്സും ചെയ്തു. തുടര്‍ന്നു കിറ്റുവാങ്ങി നിര്‍മിക്കാന്‍ തീരുമാനിച്ചു.
ഇങ്ങനെ ചെയ്യുന്ന ഒട്ടേറെപ്പേര്‍ വിദേശരാജ്യങ്ങളില്‍ വിജയിച്ചിട്ടുണ്ട്. അവിടങ്ങളില്‍ വിമാനത്തിന്റെ ഘടകങ്ങളടങ്ങിയ കിറ്റുവാങ്ങി കൃത്യമായി ഘടിപ്പിച്ച് ചെറുവിമാനം നിര്‍മിക്കുന്നത് അപൂര്‍വമല്ല. അതിനാല്‍ തന്റെ പരീക്ഷണവും വിജയത്തിലെത്തുമെന്ന് അശോകിന് ഉറപ്പുണ്ടായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥയും ഇന്ദോര്‍ സ്വദേശിനിയുമായ ഭാര്യ അഭിലാഷ ദുബെ സര്‍വ പിന്തുണയും നല്‍കി.
ദക്ഷിണാഫ്രിക്കയില്‍നിന്നാണ് യന്ത്രഭാഗങ്ങള്‍ ഇറക്കുമതി ചെയ്തത്. ഓസ്ട്രിയയിലെ റോട്ടക്‌സ് കമ്പനിയുടേതാണ് എന്‍ജിന്‍. അമേരിക്കയിലെ ഗാര്‍മിന്‍ കമ്പനിയില്‍നിന്ന് ഏവിയോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങി. നിര്‍മാണത്തിനായി വീടിനോടുചേര്‍ന്ന് ഷെഡ്ഡും ഒരുക്കി.
ഒന്നരവര്‍ഷംകൊണ്ട് വിമാനം പറത്തി
2020 ഏപ്രിലില്‍ നിര്‍മാണം തുടങ്ങി. പെയിന്റടി ഉള്‍പ്പെടെ പൂര്‍ത്തിയായപ്പോള്‍ 1.8 കോടി രൂപ ചെലവായി. 520 കിലോ ഭാരമുണ്ട്. 250 കിലോമീറ്റര്‍ വേഗത്തില്‍ പറക്കും. 950 കിലോ ഭാരം താങ്ങാനുള്ള ശേഷിയുണ്ട്. തുടര്‍ച്ചയായി ഏഴുമണിക്കൂര്‍ പറത്താം.
നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും യു.കെ. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കര്‍ശന പരിശോധനയുണ്ടായിരുന്നു. 2021 നവംബറില്‍ എല്ലാ കടമ്പകളും കടന്ന് വിമാനം പറന്നു. യു.എസ്., കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ വിമാനത്തിലെത്തി. ഇന്ത്യയില്‍ കൊണ്ടുവരണമെങ്കില്‍ പ്രത്യേകാനുമതി വേണം.
Content Highlights: Kerala man Ashok make flight in Britain to during lockdown period
Published: 31 Jul 2022, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented