മുംബൈ: മുംബൈ നഗരത്തെ ചലിപ്പിക്കുന്ന ബെസ്റ്റ് ബസുകൾ സർവീസ് ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് തികയുന്നു. നഗരത്തിന്റെ ജീവനാഡി എന്ന് വിശേഷിപ്പിച്ചിരുന്ന ബെസ്റ്റ് അതിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കണമെന്നുള്ള മുറവിളി പൗരസമൂഹത്തിൽനിന്ന് ഇന്ന് ഉയരുന്നുണ്ട്. 1905 ജൂൺ 27-ന് വൈദ്യുതി വിതരണംചെയ്യുന്നതിനും ട്രാം സർവീസുകൾ നടത്തുന്നതിനുമായി ബോംബെ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാംവേയ്‌സ് കമ്പനി സ്ഥാപിതമായതോടെയാണ് ബെസ്റ്റിന്റെ ചരിത്രം ആരംഭിക്കുന്നത്. വളരെ പെട്ടെന്നുതന്നെ അതൊരു മാതൃകാസംരംഭമായി മാറി.

To advertise here,

കാര്യക്ഷമവും വിശ്വസനീയവും താങ്ങാനാവുന്നതുമായ സർവീസായി ജനഹൃദയങ്ങളിൽ അത് ഇടം പിടിച്ചു. വൈദ്യുതിയും ഗതാഗതവും ഒന്നിച്ചു കൈകാര്യംചെയ്യുന്ന നഗരസഭാ സംവിധാനമാണ് നിലവിൽ ബെസ്റ്റിന്റേത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ട്രാംവേകൾ നഗര ഗതാഗതത്തിന്റെ മുഖമുദ്രയായിരുന്നു. അതാണ് ബെസ്റ്റിലേക്ക് രൂപംമാറിയത്. ട്രോളി ബസുകൾ മോട്ടോർ ബസുകൾക്ക് വഴിമാറിയതോടെ 1926 ജൂലായ് 15-ന് മുംബൈയിൽ ആദ്യത്തെ മോട്ടോർബസ് സർവീസീന് തുടക്കം കുറിച്ചു. ബെസ്റ്റ് ബസിന്റെ ചരിത്രം അവിടെ തുടങ്ങുന്നു.

കൊളാബായിലെ അഫ്ഗാൻ പള്ളിയിൽനിന്ന് ക്രാഫോർഡ് മാർക്കറ്റിലേക്കും, ഓപ്പേറ ട്രാം ടെർമിനസിൽനിന്ന് ലാൽബാഗിലേക്കും, ദാദർ ട്രാം ടെർമിനസിൽനിന്ന് കിങ്സർക്കിളിലേക്കും മൂന്ന് റൂട്ടുകളിലായി 24 ബസുകളാണ് അന്ന് ആരംഭിച്ചത്. പതിവ് സർവീസ്, വൃത്തിയുള്ള ഇന്റീരിയറുകൾ, താങ്ങാനാവുന്നനിരക്കുകൾ എന്നിവ ഈ ബസുകളിലേക്ക് യാത്രക്കാരെ വളരെയധികം ആകർഷിച്ചു. ആദ്യവർഷത്തിൽ ഏകദേശം 6,00,000 യാത്രക്കാരാണ് ബസുകളിൽ യാത്രനടത്തിയത്.

ഡബിൾഡെക്ക് സ്വപ്നങ്ങൾ

1937-ൽ ബെസ്റ്റ് ഡബിൾഡെക്കറുകൾ അവതരിപ്പിച്ചു. ചുവന്നനിറത്തിലുള്ള ഇരുനിലബസുകൾ നഗരത്തിന് പുത്തൻയാത്രാനുഭവമായി. നഗരത്തിന്റെ ഐക്കാണായി ഈ ഇരുനില ബസുകൾ മാറി. ബസുകൾ ദിവസവും അണുവിമുക്തമാക്കുകയും ശ്രദ്ധേയമായ ക്രമത്തിൽ ഓടുകയുംചെയ്തു. എല്ലാം താങ്ങാനാവുന്ന നിരക്കുകൾ നിലനിർത്തിക്കൊണ്ടുതന്നെ. എന്നാൽ, രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം ബെസ്റ്റിന്റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തി. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി പരിമിതമായ സ്റ്റോപ്പ് സേവനങ്ങളുമായി ബെസ്റ്റ് റിവേഴ്സ് ഗിയറിലായി.

രാജ്യം സ്വാത്രന്ത്യം നേടിയതിന് പിന്നാലെ 1947-ലാണ് ഗതാഗതവും വൈദ്യുതിയും കൈകാര്യംചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ പൊതുസംരംഭമായി ബെസ്റ്റ് അണ്ടർടേക്കിങ് മാറിയത്. 1961 ആയപ്പോഴേക്കും, വിപുലമായ ഡിപ്പോ ശൃംഖലയുടെ പിന്തുണയോടെ, ബസുകളുടെ എണ്ണം 1,000 എണ്ണത്തിലെത്തി. യാത്രക്കാരുടെ എണ്ണവും കൂടി 1981-ൽ, ബെസ്റ്റ് ബസുകൾ പ്രതിദിനം 42.95 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളുന്ന വലിയ ട്രാൻസ്പോർട്ട് സംവിധാനമായി മാറി.

സ്വകാര്യവഹനങ്ങൾ കൂടി, ബെസ്റ്റ് സർവീസുകൾ കുറഞ്ഞു

സ്വകാര്യ വാഹനങ്ങൾ നിരത്തിൽ കൂടിയതോടെ ബെസ്റ്റിന്റെ പ്രതാപം മങ്ങിത്തുടങ്ങി. ജനസംഖ്യ കൂടിയെങ്കിലും ബെസ്റ്റ് യാത്രക്കാരുടെ എണ്ണം കുറഞ്ഞുതുടങ്ങി എന്ന വിരോധഭാസംകൂടി സംഭവിച്ചു. 1980-കളുടെ തുടക്കത്തിൽ മുംബൈ നഗരപരിധിക്കുള്ളിലെ ജനസംഖ്യ ഏകദേശം 82.4 ലക്ഷത്തിൽനിന്ന് 2001-ലെ സെൻസസ് പ്രകാരം ഏകദേശം 1.2 കോടിയായി വർധിച്ചു. ഇപ്പോൾ അത് മൂന്ന് കോടിയിലെത്തി നിൽക്കുന്നുവെന്നാണ് നിഗമനം. എന്നാൽ അതിന് അനുസരിച്ച് ബസുകളുടെ എണ്ണം കൂടിയില്ലെന്ന് മാത്രമല്ല എണ്ണം കുറയുകയായിരുന്നു.

ഇപ്പോൾ,രണ്ടാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോൾ, ബെസ്റ്റ് ആധുനികവത്കരണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇലക്ട്രിക് ബസുകൾ, ഡിജിറ്റൽ ടിക്കറ്റിങ് തുടങ്ങി ആധുനിക സാങ്കേതികവിദ്യ അത് ഉൾക്കൊണ്ടിട്ടുണ്ട്. ബെസ്റ്റിന് ഇപ്പോൾ ഏകദേശം 666 ഇലക്ട്രിക് ബസുകളുണ്ട്. 685 എണ്ണം കൂടി കൂട്ടിച്ചേർക്കാൻ പദ്ധതിയിടുന്നുണ്ട്, ബസുകൾ മാത്രമല്ല കണ്ടക്ടർമാരെയും ഡ്രൈവർമാരെയും കരാർ അടിസ്ഥാനത്തിൽ ഏർപ്പാടാക്കുന്ന വെറ്റ് ലീസ് സമ്പ്രദായത്തിലാണ് ബെസ്റ്റ് നിലവിൽ പ്രവർത്തിക്കുന്നത്. അതിന്റേതായ പ്രശ്‌നങ്ങൾ ബെസ്റ്റ് നേരിടുന്നു. ബെസ്റ്റ് പഴയ പ്രതാപം വീണ്ടെടുക്കണമെന്ന ആവശ്യം പൊതുസമൂഹത്തിൽനിന്നും ശക്തമായിട്ടുണ്ട്. തിരക്കും മലിനീകരണവുംകൊണ്ട് വലയുന്ന ഒരു നഗരത്തിൽ, ബെസ്റ്റിന്റെ പ്രസക്തി വർധിക്കുന്നുവെന്ന് പൊതുസമൂഹം ചൂണ്ടിക്കാട്ടുന്നു.