നല്ല റോഡുകള്‍, വിശാലമായ പാലങ്ങള്‍, അത്യുഗ്രന്‍ വാഹനങ്ങള്‍, എണ്ണിയാലൊതുങ്ങാത്ത നേട്ടങ്ങള്‍... യു.എ.ഇ. എന്ന ലോകാദ്ഭുതം സ്വപ്നംകാണുന്നതിലുമേറെ സ്വന്തമാക്കിക്കഴിഞ്ഞിരിക്കുന്നു. ഏത് വലിയ പ്രശ്‌നങ്ങള്‍ക്കും സ്മാര്‍ട്ടായി പരിഹാരംതേടുന്ന രാജ്യത്ത് ഇതാ ഇനിയും അദ്ഭുതങ്ങള്‍ അവതരിപ്പിക്കാനിരിക്കുന്നു. പറക്കുന്ന കാറുകള്‍, മനുഷ്യരെപ്പോലെ ഓടുന്ന റോബോട്ടുകള്‍, ഡ്രൈവറില്ലാത്ത ടാക്‌സികള്‍.

To advertise here,

പറക്കും കാറുകള്‍ എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അതും ഡ്രൈവറുടെ സഹായംപോലും വേണ്ടാത്ത പറക്കുന്ന കാറുകള്‍. ചെറിയ ദൂരങ്ങളിലെ സഞ്ചാരങ്ങള്‍ക്ക് ഉപയോഗപ്രദമായ വാഹനം, അതീവസുരക്ഷിതമായത്. കാര്‍ട്ടൂണുകളിലും ശാസ്ത്രസിനിമകളിലും മാത്രം കണ്ടിരുന്ന ഈ അതിശയിപ്പിക്കുന്ന വാഹനം ഇനി യു.എ.ഇ.യുടെ ആകാശത്തും വട്ടമിട്ടുപറക്കാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല. 2026-ഓടെ യു.എ.ഇ.യുടെ ആകാശത്ത് പറക്കും കാറുകള്‍ സജീവമാകുമെന്നാണ് ദുബായില്‍ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഫോര്‍ സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ടിന്റെ സമാപനവേദിയില്‍ ലണ്ടന്‍ സ്‌കൈപോര്‍ട്സ് സി.ഇ.ഒ. ഡണ്‍കാന്‍ വാക്കറിന്റെ വെളിപ്പെടുത്തിയിരിക്കുന്നത്.

എയര്‍ടാക്‌സി സേവനങ്ങള്‍ക്കായി വെര്‍ട്ടിപോര്‍ട്ട് (വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ട്) ശൃംഖലയും വികസിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് രാജ്യം. യു.എ.ഇ.യുടെ ആദ്യ വെര്‍ട്ടിപോര്‍ട്ടിന്റെ നിര്‍മാണച്ചുമതല സ്‌കൈപോര്‍ട്സിനാണ് നല്‍കിയിട്ടുള്ളത്. വെര്‍ട്ടിപോര്‍ട്ട് ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായും അതോടെ ദുബായ് മാറും. കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയിലായിരുന്നു വെര്‍ട്ടിപോര്‍ട്ട് വികസനത്തിന് അംഗീകാരം നല്‍കിയത്.

മനുഷ്യരെപ്പോലെ ഓടാന്‍കഴിയുന്ന റോബോട്ടുകളും ദുബായില്‍ ഉടന്‍ അവതരിപ്പിക്കപ്പെടുമെന്നാണ് വിവരം. വൃത്തിയുള്ളതും സുരക്ഷിതവുമായിരിക്കും ഇവ. കുറഞ്ഞചെലവില്‍ ഈ റോബോട്ടുകള്‍ ഡെലിവറി സേവനങ്ങള്‍ നല്‍കും. അസാമാന്യമായ ചലനനൈപുണ്യവും ഉയര്‍ന്നവേഗവുമുണ്ടാകും. കോണിപ്പടികള്‍ അടക്കം വ്യത്യസ്തപരിതസ്ഥിതികളില്‍ സുഗമമായ ചലനം സാധ്യമാക്കുന്ന നാല് കാലുകളുള്ള റോബോട്ടായിരിക്കുമിത്. പാറക്കെട്ടുകള്‍, തുരങ്കങ്ങള്‍ എന്നിവയെല്ലാം ഇവ താണ്ടും. രണ്ട് കാലുകളില്‍ ആറടി ഉയരത്തില്‍ നില്‍ക്കാന്‍ രൂപാന്തരപ്പെടുത്താം. സാധാരണ റോബോട്ടുകളെ അപേക്ഷിച്ച് നിര്‍മിതബുദ്ധിയിലായിരിക്കും ഇവയുടെ പ്രവര്‍ത്തനം. 

തകര്‍ന്ന കെട്ടിടങ്ങള്‍, ദുരന്തസാഹചര്യങ്ങളിലെല്ലാം ഇവ ഉപയോഗപ്രദമാകും. ഡ്രൈവറില്ലാ ടാക്‌സികളും ദുബായ് നിരത്തുകളിലേക്ക് ചീറിപ്പായാനെത്തുകയാണ്. അടുത്തയാഴ്ച സ്വയംനിയന്ത്രിത ഓട്ടോമാറ്റിക് ടാക്‌സി കാറുകള്‍ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നാണ് വിവരം. ഇത്തിഹാദ് മ്യൂസിയത്തിനും ദുബായ് വാട്ടര്‍ കനാലിനും ഇടയിലുള്ള ജുമൈര റോഡിലെ എട്ട് കിലോമീറ്റര്‍ നീളത്തില്‍ മൊത്തം അഞ്ച് ഡ്രൈവറില്ലാ ടാക്‌സികളാണ് സര്‍വീസ് നടത്താനിരിക്കുന്നത്. പൊതുജനങ്ങള്‍ക്കെല്ലാം ഉപയോഗിക്കാന്‍ കഴിയുന്നവിധം പൂര്‍ണതോതിലുള്ള വാണിജ്യപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക അടുത്തവര്‍ഷം പകുതിക്കുശേഷമായിരിക്കും.

placeholder
വെര്‍ട്ടിപോര്‍ട്ടിന്റെ രൂപരേഖ | ഫോട്ടോ: മാതൃഭൂമി
വെര്‍ട്ടിപോര്‍ട്ടിന്റെ രൂപരേഖ | ഫോട്ടോ: മാതൃഭൂമി

അതേസമയം തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ സെല്‍ഫ് ടാക്‌സികള്‍ ഉപയോഗിക്കാന്‍ കഴിയും. ജുമൈര-1 പ്രദേശത്തിന്റെ ഡിജിറ്റല്‍ മാപ്പിങ് ആര്‍.ടി.എ.യും ക്രൂയിസും ചേര്‍ന്ന് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലായ് മുതല്‍ മനുഷ്യര്‍ ഓടിക്കുന്ന രണ്ട് ഷെവര്‍ലെ ബോള്‍ട്ട് ഇലക്ട്രിക് വാഹനങ്ങള്‍ ജുമൈര പ്രദേശത്തെ തെരുവുകള്‍, കാല്‍നട ക്രോസിങ്ങുകള്‍, അടയാളങ്ങള്‍, മറ്റ് റോഡ് സവിശേഷതകള്‍ എന്നിവ റെക്കോഡ് ചെയ്ത് ഡ്രൈവറില്ലാവാഹനങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനായി ഡിജിറ്റല്‍ മാപ്പ് സൃഷ്ടിച്ചുകഴിഞ്ഞു. ഡിജിറ്റല്‍ മാപ്പിങ്ങില്‍ തകരാറുകളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കാല്‍നടയാത്രക്കാരെപ്പോലും വേര്‍തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനം റെക്കോഡ് ചെയ്തിട്ടുണ്ട്.

സ്വയംനിയന്ത്രിത വാഹനങ്ങളെല്ലാം നഗരഗതാഗതരംഗത്ത് വലിയ പരിഷ്‌കരണമായി മാറുമെന്ന് ഉറപ്പാണ്. പുതുപുത്തന്‍ സംവിധാനങ്ങള്‍ നടപ്പാവുന്നതോടെ സഞ്ചാരികളുടെ പറുദീസയായിരിക്കും യു.എ.ഇ.യില്‍. അതോടെ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരേയൊരു രാജ്യമായി യു.എ.ഇ. മാറും. ആഗോളതലത്തില്‍തന്നെ അവധിക്കാല യാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇ. മുന്‍പന്തിയിലാണ്. വിഭിന്നസംസ്‌കാരങ്ങളും ഭാഷയും ജീവിതരീതികളുമെല്ലാം ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് യു.എ.ഇ.യെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്നത്. അതിനൂതന സംവിധാനങ്ങള്‍ കൂടുതല്‍ നടപ്പാകുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് ഇനിയും വര്‍ധിക്കും. രാജ്യത്തിന്റെ കുതിപ്പ് തുടരും. പുതിയ നിധി തേടിയുള്ള യു.എ.ഇ.യുടെ യാത്രതുടരുകതന്നെ ചെയ്യും.