
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ഏതാണെന്ന് ചോദിച്ചാല്‍ ഇടംവലം ചിന്തിക്കാതെ ആളുകള്‍ പറയുന്നത് ടെസ്‌ലയുടെ പേരാണ്. എന്നാല്‍, ഇത് കഴിഞ്ഞ വര്‍ഷം വരെയുള്ള കഥയാണ്. ഈ ഒന്നാം സ്ഥാനം ചൈനീസ് വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (ബി.വൈ.ഡി) തൂക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിലെ വില്‍പ്പന കണക്കെടുപ്പിലാണ് ടെസ്‌ലയെ പിന്നിലാക്കി ബി.വൈ.ഡി ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. 1995 മുതല്‍ ഇലക്ട്രിക് വാഹന രംഗത്തുള്ള ബി.വൈ.ഡി. ഇന്ന് ലോകത്തിന്റെ വിവിധ മേഖലയില്‍ കരുത്താര്‍ജിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ്. ഇലക്ട്രിക് വാഹനത്തിന്റെ ഡിസൈന്‍ മുതല്‍ ബാറ്ററി വരെ സ്വന്തമായി വികസിപ്പിക്കുന്നതാണ് ബി.വൈ.ഡിയുടെ പ്രത്യേകത.
മൂന്ന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും ഇന്ത്യന്‍ വാഹന വിപണിയിലെ ഇളമുറക്കാരാണ് ബി.വൈ.ഡി. 2016 മുതല്‍ ഇന്ത്യയിലുണ്ടെങ്കിലും 2021-ലാണ് ബി.വൈ.ഡിയുടെ ആദ്യ മോഡലായ ഇ6 ഇലക്ട്രിക് എം.പി.വി. വിപണിയില്‍ എത്തുന്നത്. 2022-ല്‍ ആറ്റോ-3 എന്ന ഇലക്ട്രിക് എസ്.യു.വിയും ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിരുന്നു. ഈ രണ്ട് മോഡലുകളും യൂട്ടിലിറ്റി വാഹന ശ്രേണിയിലാണ് എത്തിച്ചതെങ്കിലും 2024-ല്‍ ബി.വൈ.ഡി. എത്തിച്ചിരിക്കുന്നത് ഒരു പെര്‍ഫോമെന്‍സ് ഇലക്ട്രിക് സെഡാനാണ്. 2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച സീല്‍ എന്ന മോഡലാണ് മൂന്നാമനായി ബി.വൈ.ഡി. എത്തിച്ചത്.
ബി.വൈ.ഡി. സീല്‍
ഇന്ത്യയില്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും സൗന്ദര്യമുള്ള ഇലക്ട്രിക് കാര്‍ ഒരുപക്ഷേ കിയയുടെ ഇ.വി.6 ആയിരിക്കും. എന്നാല്‍, ബി.വൈ.ഡി. സീല്‍ ഈ വാഹനത്തെക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുമെന്ന് ഉറപ്പാണ്. സമുദ്രത്തിന്റെ സൗന്ദര്യത്തില്‍ (ഓഷ്യന്‍ ഏസ്‌തെറ്റിക്‌സ്) നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് ഈ വാഹനത്തില്‍ അവലംബിച്ചിരിക്കുന്നത്. റോഡിനോട് പറ്റികിടക്കുന്ന ലോവര്‍ ബോഡി പോസ്റ്റര്‍, ഉയര്‍ന്ന വീല്‍ബേസ് പുതുതലമുറ ഡിസൈനുകള്‍ എല്ലാം സംയോജിപ്പിച്ചിട്ടുള്ള രൂപകല്‍പ്പന എന്നിങ്ങനെ നീളുകയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ സംബന്ധിച്ചുള്ള വിശേഷണങ്ങള്‍.
സമുദ്ര സൗന്ദര്യം
എക്‌സ് ഷേപ്പിലാണ് സീല്‍ ഇലക്ട്രിക് സെഡാന്റെ മുന്‍വശം തീര്‍ത്തിരിക്കുന്നത്. സ്‌പോര്‍ട്‌സ് കാറുകള്‍ പോലെ താഴ്ന്ന ബോണറ്റാണ് ഇതിലുള്ളത്. എന്നാലും 50 ലിറ്ററിന്റെ ഒരു സ്‌റ്റോറേജ് സ്‌പേസ് വരെ ഇതിനുള്ളിലുണ്ട്. പുതുമയുള്ള ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന രണ്ട് യു ഫ്‌ളോട്ടിങ്ങ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പുകളാണ് ഇതിലുള്ളത്. ഇവയോട് ചേര്‍ന്ന് തന്നെ നേര്‍ത്ത ഡി.ആര്‍.എല്ലും കാണാം. ബമ്പറില്‍ ഫോഗ്‌ലാമ്പിന്റെ സ്ഥാനത്ത് നേര്‍ത്ത ലൈന്‍ പോലെ റിപ്പിള്‍ ലൈറ്റുകളാണ് നല്‍കിയിട്ടുള്ളത്. ശ്രദ്ധിച്ച് നോക്കിയാല്‍ സെഗ്മെന്റില്‍ തന്നെ ഏറ്റവും വലിപ്പം കുറഞ്ഞ ഫ്രണ്ട് ക്യാമറ ബമ്പറില്‍ കാണാം.
അലോയി വീല്‍ വശങ്ങളുടെ ആകര്‍ഷണമാണ്. വാഹനത്തിന്റെ സൈസിനെ അപേക്ഷിച്ച് വലിപ്പം കൂടിയതാണ് ഇവ. 19 ഇഞ്ച് വലിപ്പത്തിലുള്ള പ്രിസിഷന്‍ ബ്ലേഡ് വീല്‍ ഹബ്ബാണ് ഇത്. വാട്ടര്‍ ഡ്രോപ്പ് ഷേപ്പിലാണ് വശങ്ങളിലെ റിയര്‍വ്യൂ മിറര്‍ തീര്‍ത്തിരിക്കുന്നത്. ഹിഡന്‍ ഫ്‌ളഷ് ഡോര്‍ ഹാര്‍ഡിലുകള്‍ വാഹനത്തിന് ന്യൂജെന്‍ ഭാവമൊരുക്കും. ബി.വൈ.ഡിയുടെ ഡിസൈന്‍ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ബാഡ്ജിങ്ങും വശങ്ങളിലുണ്ട്. ഐസ് എന്‍ജിന്‍ മോഡലുകളില്‍ ഫ്യുവല്‍ ലിഡ് നല്‍കുന്ന പോലെയാണ് ചാര്‍ജിങ്ങ് പോര്‍ട്ട്. വാഹനത്തില്‍ നിന്ന് വൈദ്യുതി പുറത്തേക്കും എടുക്കാമെന്നതും ഹൈലൈറ്റാണ്.
സീലിന്റെ പിന്‍ഭാഗം അല്‍പ്പം സ്‌പോര്‍ട്ടിയാണ്. ഒഴുകിയിറങ്ങുന്നതുപോലെയാണ് റൂഫ് ലൈന്‍. പൂര്‍ണമായും എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള കണക്ടഡ് ലൈറ്റുകളാണ് ടെയ്ല്‍ ലാമ്പുകളാകുന്നത്. വണ്‍ ടച്ചില്‍ ബൂട്ട് തുറക്കാനും അടയ്ക്കാനും കഴിയും. 400 ലിറ്ററിന്റെ സ്റ്റോറേജാണ് ബുട്ടില്‍ നല്‍കിയിട്ടുള്ളത്. സീലിന്റെ പിന്‍ഭാഗത്തിന് ഏറ്റവും വലിയ അലങ്കാരം ബമ്പറിനൊപ്പം നല്‍കിയിട്ടുള്ള റിയര്‍ ബ്ലാക്ക് ഡിഫ്യൂസറാണ്. ലുക്കിനെക്കാള്‍ ഉപരി വാഹനത്തിന്റെ പെര്‍ഫോമെന്‍സിനെയും ഇത് ഉയര്‍ത്തുന്നുണ്ട്.
ആഡംബരം അകത്തളം
ആറ്റോ 3-യുടെ അകത്തളം പോലും വാഹനപ്രേമികളെ ഞെട്ടിച്ചതാണ്. അതിന്റെ ഇരട്ടി ആഡംബരത്തിലും അഴകിലുമാണ് സീലിന്റെ ഇന്റീരിയര്‍ തീര്‍ത്തിരിക്കുന്നത്. ലക്ഷ്വറി-സ്‌പോര്‍ട്ടി-സ്‌പേഷ്യസ് എന്നിവയുടെ സംയോജനമാണെന്ന് ഒറ്റവാക്കില്‍ പറയാം. തോമാസ് ബ്ലാക്ക് ഫിനീഷിങ്ങാണ് ഇന്റീരിയറിന്. സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് സമാനമാണ് സീറ്റുകള്‍. വെന്റിലേഷന്‍, ഹീറ്റഡ്, മെമ്മറി, ഇലക്ട്രിക് അഡ്ജസ്റ്റ് എന്നിവയാണ് മുന്‍ സീറ്റിലുള്ളത്. പിന്നിലേതിലുമുണ്ട് വെന്റിലേറ്റഡ് സംവിധാനം. ക്രിസ്റ്റല്‍ ഗിയര്‍ ഷിഫ്റ്റര്‍ വാഹനത്തിന് റിച്ച് ലുക്ക് നല്‍കുന്ന മറ്റൊരു ഫീച്ചര്‍. അഡ്ജസ്റ്റ് ചെയ്യാവുന്ന കപ്പ് ഹോള്‍ഡറും രണ്ട് ഫോണുകള്‍ ഒരേസമയം ചാര്‍ജ് ചെയ്യാവുന്ന വയര്‍ലെസ് ചാര്‍ജിങ്ങും ഇന്റീരിയറിലെ ഹൈലൈറ്റാണ്.
അഡ്വാന്‍സ്ഡ് ഇന്റലിജെന്റ് കോക്പിറ്റാണ് സീലിലുള്ളത്. 15.6 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ പ്രധാനം. വെര്‍ട്ടിക്കിളായും ഹൊറിസോണ്ടലായും തിരിയുന്ന സെല്‍ഫ് റോട്ടേറ്റിങ്ങാണ് ഇതിലെ സ്‌ക്രീന്‍. സ്പീഡോ മീറ്റര്‍, പവര്‍ മീറ്റര്‍, റീജനറേറ്റീവ് ബ്രേക്കിങ്ങ്, ചാര്‍ജിങ്ങ് സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചുള്ള 10.25 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇന്റീരിയറിനെ ആകര്‍ഷകമാക്കും. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന എ.സി. വെന്റുകള്‍ സീലിന്റെ സവിശേഷതയാണ്. അള്‍ട്രി വൈലറ്റ് പ്രൊട്ടക്ഷന്‍ ഉറപ്പാക്കുന്ന സില്‍വല്‍ പ്ലേറ്റഡ് പനോരമിക് റൂഫ് ഗ്ലാസാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.
സ്വന്തം ബാറ്ററി
തുടക്കത്തില്‍ പറഞ്ഞത് പോലെ ഡിസൈന്‍ മുതല്‍ ടെക്‌നോളജി വരെ സ്വന്തമായുള്ള കമ്പനിയാണ് ബി.വൈ.ഡി. മറ്റ് മോഡലുകള്‍ പോലെ സീലും അടിമുടി ബി.വൈ.ഡിയുടേതാണ്. ബാറ്ററിയും അതിന്റെ ടെക്‌നോളജിയുമാണ് എടുത്ത് പറയേണ്ടത്. ബ്ലേഡ് ബാറ്ററിയാണ് സീലില്‍ നല്‍കിയിട്ടുള്ളത്. ലിഥിയം അയേണ്‍ ബാറ്ററികളെ അപേക്ഷിച്ച് സുരക്ഷിതവും കരുത്തുറ്റതും ഉയര്‍ന്ന റേഞ്ച് ഉറപ്പാക്കുന്നതും മികച്ച ചാര്‍ജിങ്ങ് ഡിസ്ചാര്‍ജിങ്ങ് ശേഷിയുള്ളതും വര്‍ധിച്ച ആയുസുള്ളതുമായ ബാറ്ററികളാണ് ബ്ലേഡ് ബാറ്ററി. വാഹനത്തിന്റെ ബാറ്ററിയുടെ സ്ഥാനവും സുരക്ഷിതമാണ്. പാറ്റ്‌ഫോമിന് താഴെയായി നല്‍കിയിട്ടുള്ള ട്രേയിലാണ് ബാറ്റി നല്‍കിയിട്ടുള്ളത്. രണ്ട് വശങ്ങളില്‍ പശ പതിപ്പിച്ചാണ് ബാറ്ററി ഉറപ്പിച്ച് നിര്‍ത്തുന്നത്.
ഇവിടെ സേഫാണ്
ലോകത്തില്‍ ഇന്ന് ലഭിക്കുന്നതില്‍ വെച്ച് ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് വാഹനമാണ് സീല്‍ എന്നാണ് നിര്‍മാതാക്കളുടെ വാദം. യൂറോ എന്‍ക്യാപ്, ഓസ്‌ട്രേലിയ എന്‍ക്യാപ് തുടങ്ങിയ ക്രാഷ് ടെസ്റ്റുകളില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടിയാണ് ഇത് തെളിയിച്ചിരിക്കുന്നത്. സുരക്ഷയുടെ ആക്കം കൂട്ടുന്നതിനായി അഡാസ് ലെവല്‍-2 സംവിധാനമാണ് സീലില്‍ ന്ല്‍കിയിരിക്കുന്നത്. ഒമ്പത് എയര്‍ബാഗിനൊപ്പം ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ഡോര്‍ ഓപ്പണ്‍ വാണിങ്ങ്, ലെയില്‍ ഡിപാര്‍ച്ചര്‍ വാണിങ്ങ് ആന്‍ഡ് പ്രിവെന്‍ഷന്‍, റിയര്‍ ക്രോസ് ട്രാഫിക് ബ്രേക്ക് തുടങ്ങിയ ഫീച്ചറുകളാണ് സുരക്ഷയുടെ മാറ്റുകൂട്ടുന്നത്.
റേഞ്ചും പവറും
ഉയര്‍ന്ന റേഞ്ചും മികച്ച പവറുമാണ് സീലിന്റെ മുഖമുദ്ര. ഇതില്‍ ചെറിയ വിട്ടുവീഴ്ച വരുത്തിയിട്ടുള്ളത് അടിസ്ഥാന മോഡലായ ഡൈനാമിക്കിലാണ്. 61.4 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഈ മോഡലിലുള്ളത്. 204 ബി.എച്ച്.പി. പവറും 310 എന്‍.എം. ടോര്‍ക്കുമുള്ള ഈ വാഹനം 510 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കുന്നു. 41 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നതെന്നതാണ് ഇതില്‍ പ്രധാന ആകര്‍ഷണം.
രണ്ടാമതായി എത്തുന്നത് പ്രീമിയം എന്ന വേരിയന്റാണ്. സീല്‍ മോഡലുകളില്‍ ഏറ്റവും കൂടുതല്‍ റേഞ്ചുള്ള പതിപ്പ്. 82.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 312 ബി.എച്ച്.പി. പവറും 360 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കുതിപ്പേകുന്നത്. ഒറ്റത്തവണ ബാറ്ററി നിറഞ്ഞാല്‍ 650 കിലോമീറ്റര്‍ യാത്ര ചെയ്യാം. 45.55 ലക്ഷത്തിലാണ് വില ആരംഭിക്കുന്നത്. ഇതേ ബാറ്ററിയാണ് പെര്‍ഫോമെന്‍സ് മോഡലിലും. പക്ഷെ രണ്ട് ഇലക്ട്രിക് മോഡലാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 560 പി.എസ്. പവറും 670 എന്‍.എം. ടോര്‍ക്കുമേകുന്ന ഈ വാഹനം വെറും 3.8 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്തും. റേഞ്ച് 580 കിലോമീറ്ററാണ്.
ചാര്‍ജിങ്ങ് മറ്റൊരു ആശ്വാസം
ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങാണ് പ്രധാന ടെന്‍ഷന്‍. ബി.വൈ.ഡി. സീലിന്റെ കാര്യത്തില്‍ ഈ ടെന്‍ഷന് സ്ഥാനമില്ല. സാധാരണ 11 കിലോവാട്ട് എ.സി. ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ബാറ്ററി നിറയാന്‍ 8.6 മണിക്കൂര്‍ എടുക്കുമെങ്കിലും ഫാസ്റ്റ് ചാര്‍ജിങ്ങില്‍ ഇത് മിനിറ്റുകളായി കുറയുന്നുണ്ട്. 150 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 37 മിനിറ്റില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാനാകും. ഇതിനെക്കാള്‍ ഉപരിയായി വെറും 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ യാ്ത്ര ചെയ്യാനാകും. ബാറ്ററിക്ക് എട്ട് വര്‍ഷവും 1.60 ലക്ഷം കിലോമീറ്ററും മോട്ടോറിന് എട്ട് വര്‍ഷവും 1.50 ലക്ഷം കിലോമീറ്ററുമാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്.
Content Highlights: BYD Seal Electric Sedan first impression in style and features
Published: 08 Mar 2024, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented