ഇ6, ആറ്റോ-3 എന്നീ മോഡലുകള്‍ക്ക് ശേഷം ചൈനീസ് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി. ഇന്ത്യയില്‍ എത്തിച്ച മൂന്നാമത്തെ ഇലക്ട്രിക് മോഡലാണ് സീല്‍. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഇലക്ട്രിക് സെഡാന്‍ ശ്രേണിയിലെത്തിയ ഈ വാഹനം ഇന്ത്യക്കാർക്ക് ജനപ്രിയമായി. ഇപ്പോൾ പരിഷ്ക്കരിച്ച സസ്പെൻഷനും കൂടിതൽ ഫീച്ചറുകളുമായി 2025 സീൽ പുറത്തിറക്കിയിരിക്കുകയാണ് ബിവൈഡി. 41 ലക്ഷം രൂപയാണ്  എക്സ്-ഷോറൂം വില. 

To advertise here,

സീലിന്റെ അടിസ്ഥാന വിലയിൽ മാറ്റമില്ലെങ്കിലും പ്രീമിയം RWD, പെർഫോമൻസ് AWD എന്നിവയ്ക്ക് 15,000 രൂപ കൂടിയിട്ടുണ്ട്. ബിവൈഡി ആറ്റോ 3 ഇലക്ട്രിക് എസ്‌യുവിയും, പുതിയ ഇന്റീരിയർ അപ്ഹോൾസ്റ്ററി നിറവും പുത്തൻ ഫീച്ചറുകളും നൽകി പരിഷ്ക്കരിച്ചിട്ടുണ്ട്.

സീലിന്റെ മിഡ്-സ്പെക്ക് പ്രീമിയം വേരിയന്റിന് ഫ്രീക്വൻസി സെലക്ടീവ് ഡാംപറുകൾ (FSD) ലഭിക്കുന്നുണ്ട്. ഇത് ഡ്രൈവിങ്ങ് കൂടുതൽ മികച്ചതാക്കാൻ സഹായിക്കും. മുമ്പ് ടോപ്പ് പെർഫോമൻസ് ട്രിമ്മിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഒരു ഫീച്ചറായിരുന്നു ഇത്. പെർഫോമൻസ് വേരിയന്റിൽ, DiSus-C സിസ്റ്റവും ചേർത്തിട്ടുണ്ട്. ഇത് മോശം റോഡുകളിൽ സസ്പെൻഷൻ മൃദുവാക്കാനും വളവുകൾ തിരിയുമ്പോഴും ആക്സിലറേഷൻ ചെയ്യുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും അതിനെ ദൃഢമാക്കാനും സഹായിക്കും.

സീലിന്റെ എല്ലാ വേരിയന്റുകളിലും ഇപ്പോൾ പവേർഡ് സൺഷെയ്ഡ് ലഭിക്കുന്നു. മുമ്പ് ആക്സസറിയായി ആഫ്റ്റർ മാർക്കറ്റ് ഫിക്സ്-ഇൻ-പ്ലേസ് സൺഷെയ്ഡാണ് ലഭ്യമായിരുന്നത്. വെയിലത്ത് ഡ്രൈവ് ചെയ്തതിന് ശേഷം ക്യാബിൻ അമിതമായി ചൂടാകുന്നത് തടയാൻ പവേർഡ് സൺഷെയ്ഡ് സഹായിക്കും. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഇപ്പോൾ സ്റ്റാൻഡേർഡ് ആണ്. മെച്ചപ്പെടുത്തിയ എയർ കണ്ടീഷനിങ്ങ്, പ്യൂരിഫിക്കേഷൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. 

15 വർഷത്തെ ആയുസ് അവകാശപ്പെടുന്ന പുതിയ ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ലോ-വോൾട്ടേജ് ബാറ്ററിയും ഇപ്പോൾ ലഭിക്കുന്നു. കമ്പനിയുടെ അഭിപ്രായത്തിൽ, ഇത് പരമ്പരാഗത ലെഡ് ആസിഡ് ബാറ്ററിയേക്കാൾ ആറിരട്ടി ഭാരം കുറഞ്ഞതാണ്. 

ഡൈനാമിക്ക് മോഡലില്‍ 61.4 കിലോവാട്ട് ബാറ്ററിയാണുള്ളത്. 204 ബി.എച്ച്.പി. പവറും 310 എന്‍.എം. ടോര്‍ക്കുമുള്ള ഈ വാഹനം 510 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കുന്നു. പ്രീമിയം വേരിയന്റില്‍ 82.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. 650 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ഈ മോഡല്‍ 312 ബി.എച്ച്.പി. പവറും 360 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും ഇതേ ബാറ്ററിയാണ് പെര്‍ഫോമെന്‍സ് മോഡലിലും. ഇതിലെ മോട്ടോര്‍ 560 പി.എസ്. പവറും 670 എന്‍.എം. ടോര്‍ക്കുമേകും. റേഞ്ച് 580 കിലോമീറ്ററാണ്. 

2025 ബിവൈഡി ആറ്റോ-3യുടെ ഫീച്ചറുകൾ

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ കമ്പനി നൽകിയിരിക്കുന്നു. കൂടാതെ, പൂർണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയറും ലഭിക്കുന്നു. മുൻപ് അകത്തളം ഒരുക്കിയിരുന്നത് മൂന്ന് നിറങ്ങളിലായിരുന്നു. സീലിന് സമാനമായി ലെഡ് ആസിഡ് ബാറ്ററിക്ക് പകരം ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് ഇപ്പോഴുള്ളത്. 

2025 ആറ്റോ-3യുടെ 49.92kWh ഡൈനാമിക് വേരിയന്റിന്റെ ആദ്യത്തെ 3,000 യൂണിറ്റുകൾക്ക് 24.99 ലക്ഷം രൂപ മുതലാണ് വില. 60.48kWh ബാറ്ററി പാക്ക് ഉള്ള പ്രീമിയം, സുപ്പീരിയർ വേരിയന്റുകൾക്ക് യഥാക്രമം 29.85 ലക്ഷം രൂപയും 33.99 ലക്ഷം രൂപയുമാണ് വില (എക്സ്-ഷോറൂം).