ഴിഞ്ഞ ദിവസം ആലപ്പുഴയിലെ നാഷണല്‍ ഹൈവേയില്‍ അതിദാരുണമായി വാഹനപകടത്തില്‍ കൊല്ലപ്പെട്ട അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ... അവരുടെ അപകടം ഉയര്‍ത്തുന്ന ഒരു വലിയ ചോദ്യമുണ്ട് നമ്മുടെ റോഡുകള്‍ എത്രകണ്ട് സുരക്ഷിതമാണ് എന്ന്...?

To advertise here,

ഒറ്റവാക്കില്‍ ഇതിനു ഉത്തരം പറഞ്ഞാല്‍ നമ്മുടെ റോഡുകള്‍ ഒട്ടും സുരക്ഷിതമല്ല എന്നുതന്നെയാണ് ഉത്തരം. ഇടിച്ച കാര്‍ ആയാലും, കെഎസ്ആര്‍ടിസി ബസ് ആയാലും അമിത വേഗത്തില്‍ ആയിരുന്നില്ല എന്ന് ഓര്‍ക്കണം. എന്നിട്ടും ഈ ഇടിയുടെ ആഘാതത്തില്‍ അഞ്ച് ജീവനുകള്‍ നഷ്ടപ്പെട്ടു. മഴയെ നമുക്ക് കുറ്റപ്പെടുത്താം, അക്വാ പ്ലെയിനിങ് അഥവാ ഹൈഡ്ര പ്ലെയിനിങ്, ജലപാളി പ്രവര്‍ത്തനം എന്നൊക്കെ ശാസ്ത്രീയമായി നമുക്ക് വിശകലനം ചെയ്യാം. 

ഓടിച്ചിരുന്ന കാറിനു 14 വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു, എബിഎസ് തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഇല്ലായിരുന്നു, വണ്ടിയോടിച്ച ഡ്രൈവര്‍ക്ക് ലൈസന്‍സ് ലഭിച്ച് അഞ്ചുമാസം പോലും തികഞ്ഞിരുന്നില്ല, തുടങ്ങിയ വിവിധ കാരണങ്ങള്‍ നമുക്ക് ഉന്നയിക്കാം. ഇനിയും എത്ര കണ്ട് കാര്യങ്ങള്‍ നമ്മള്‍ കണ്ടുപിടിച്ചാലും നമ്മുടെ നാട്ടിലെ റോഡിന്റെ സുരക്ഷയെ കുറിച്ച് കാതലായ ചില ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്. 

  • റോഡിന്റെ ഇരുവശവും ആവശ്യത്തിന് വെളിച്ചം തരാനായി വൈദ്യുതി വിളക്കുകള്‍ ഉണ്ടായിരുന്നോ?
  • റോഡുകളില്‍ റിഫ്‌ലക്ടറുകള്‍ ഘടിപ്പിച്ചിരുന്നോ?
  • കേരളത്തിലെ തന്നെ പ്രധാന നാഷണല്‍ ഹൈവേയില്‍ മീഡിയന്‍ ഉണ്ടായിരുന്നോ? 
  • സ്പീഡ് മാപ്പിംഗ് നടത്തി സ്പീഡ് ഇന്‍ഡിക്കേറ്ററുകള്‍ ഘടിപ്പിച്ചിരുന്നോ?
  • റോഡുകളില്‍ ഫുട്പാത്ത്, ബൈക്കുകള്‍ക്ക് പോകാന്‍ പ്രത്യേക സൗകര്യം, സ്‌പെഷ്യല്‍ സോണുകള്‍ക്ക് വേണ്ടിയുള്ള മാര്‍ക്കിങ്ങുകള്‍ തുടങ്ങിയവ ഉണ്ടായിരുന്നോ?

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പരിശോധിച്ചു നോക്കിയാല്‍ ഇവയില്‍ പലതും ഉണ്ടാകില്ല എന്ന് നമുക്കറിയാം. ആദ്യം നമ്മള്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കണം അതിനുശേഷം മാത്രമേ എന്ത് ചെയ്തിട്ടും കാര്യമുള്ളൂ. സുരക്ഷിതത്വമുള്ള വണ്ടികള്‍, മികച്ച അവബോധമുള്ള ഡ്രൈവര്‍മാര്‍, ഒരു ആക്‌സിഡന്റ് നടന്നാല്‍ അവലംബിക്കേണ്ട പോസ്റ്റ് ക്രാഷ് റെസ്‌പോണ്‍സ് തുടങ്ങിയവയൊക്കെ റോഡ് സുരക്ഷ കഴിഞ്ഞതിനു ശേഷം മാത്രമേ പ്രാധാന്യമുള്ളൂ. 

റോഡിന്റെ സുരക്ഷയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം അതാത് ഭരിക്കുന്ന സര്‍ക്കാറുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തന്നെയാണ്. റോഡ് സുരക്ഷ എന്നാല്‍ ടാര്‍ ചെയ്ത റോഡുകള്‍ എന്നത് മാത്രമല്ല അര്‍ത്ഥം, ഒരുപക്ഷേ നല്ല ടാര്‍ ചെയ്യാത്ത റോഡ് ആണെങ്കില്‍ അക്വാ പ്ലെയിനിങ് എന്ന പ്രതിഭാസം നടക്കില്ലായിരുന്നു. അതുകൊണ്ട് ടാര്‍ ചെയ്ത റോഡുകള്‍ വേണ്ട എന്നല്ല അര്‍ത്ഥം, നല്ല റോഡുകള്‍ക്കൊപ്പം റോഡ് സുരക്ഷയ്ക്ക് വേണ്ട മാര്‍ഗ്ഗങ്ങള്‍ കൂടി അവലംബിക്കേണ്ടതായിട്ടുണ്ട്. 

placeholder
2023ല്‍ മാത്രം 48,091 റോഡ് അപകടങ്ങള്‍ നടന്നിട്ടുണ്ട്, അതായത് തമിഴ്‌നാടും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ ഏറ്റവും അധികം റോഡ് അപകടങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് നമ്മുടേത്. 2023 മാത്രം 4010 പേര്‍ക്ക് നമ്മുടെ റോഡില്‍ ജീവഹാനി സംഭവിച്ചിട്ടുണ്ട്. 2030 ആകുമ്പോള്‍ റോഡ് അപകടങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് കേരള റോഡ് സേഫ്റ്റി അതോറിറ്റി രൂപം കൊടുത്തത്. 

ഫണ്ടുകളുടെ അഭാവവും ഫണ്ടുകള്‍ വഴിമാറ്റി ചെലവഴിക്കുന്നതും മൂലം അതോറിറ്റിയുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. നമ്മള്‍ ഇനിയെങ്കിലും റോഡ് സുരക്ഷയ്ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ട മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇനിയും അനേകം വിലപ്പെട്ട ജീവനുകള്‍ നമ്മുടെ റോഡുകളില്‍ പൊലിഞ്ഞു വീഴും. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കണ്ണുകള്‍ തുറക്കാനായി നമുക്ക് കാത്തിരിക്കാം.

ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു 

  • എല്ലായ്പോഴും റോഡിന്റെ ഇടതുവശത്ത് കൂടി വാഹനമോടിക്കുക അല്ലെങ്കില്‍ സവാരി ചെയ്യുക, വലതുവശത്ത് നിന്ന് മറ്റ് വാഹനങ്ങള്‍ നിങ്ങളെ മറികടക്കാന്‍ അനുവദിക്കുക.
  • എല്ലായിപ്പോഴും വലതുവശത്ത് നിന്നും മറികടക്കുക
  • മറ്റൊരു വാഹനം നമ്മളെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ അതിനെ തടയിടാന്‍ നമ്മളുടെ വാഹനത്തിന്റെ സ്പീഡ് ഒരിക്കലും കൂട്ടരുത്. 
  • വാഹനങ്ങള്‍ സീബ്ര ക്രോസിംഗുകളില്‍ നിര്‍ത്തി ഇടരുത് 
  • ആംബുലന്‍സുകള്‍ ഫയര്‍ എന്‍ജിനുകള്‍ തുടങ്ങിയവയ്ക്ക് പോകുവാന്‍ എപ്പോഴും സ്ഥലം കൊടുക്കുക. 
  • നിങ്ങള്‍ തിരിയാന്‍ പദ്ധതിയിടുമ്പോള്‍ സൂചികങ്ങള്‍ ഉപയോഗിക്കുക 
  • നിയുക്ത പാര്‍ക്കിംഗ് സ്ഥലത്ത് മാത്രം വണ്ടികള്‍ പാര്‍ക്ക് ചെയ്യുക 
  • ഓരോ റോഡുകളിലും ഉള്ള വേഗപരിധി പാലിക്കുക 
  • രാത്രികാലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഡിം ലൈറ്റ് ഉപയോഗിക്കുക. 
  • മഴക്കാലത്ത് സ്പീഡ് കുറച്ച് യാത്ര ചെയ്യുക, നല്ല മഴ കാഴ്ചയെ ബാധിക്കുന്നുണ്ടെങ്കില്‍ മഴ ഒഴിയുന്നത് വരെ കാത്തിരിക്കുക.