
നീണ്ട 43 വര്‍ഷം തിരഞ്ഞെടുപ്പുകള്‍ക്കും നേതാക്കളുടെ രാഷ്ട്രീയയാത്രകള്‍ക്കും നിര്‍ത്താതെ ഓടിയ ഒരു വണ്ടിയുണ്ട്. ഇപ്പോള്‍ വഴുതക്കാട് ഗ്രേസ് കോട്ടേജില്‍ വിശ്രമത്തിലാണെങ്കിലും ചരിത്രത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളുമൊക്കെ പുറന്തോടില്‍ കട്ടപിടിച്ചപോലെ ഒരു കറുത്ത അംബാസഡര്‍. ഇടതു-വലതു മുന്നണി ഭേദമില്ലാതെ, കേരളത്തിന്റെ രാഷ്ട്രീയയാത്രയ്ക്കൊപ്പം സഞ്ചരിച്ച കെ.എല്‍.വി.-657. ചരിത്രം സൃഷ്ടിച്ച നേതാവ് തന്നെയാണ് കാറിന്റെ ഉടമ.
1967-ല്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിനെ തോല്‍പ്പിച്ച് ലോക്സഭയിലെത്തിയ കെ.അനിരുദ്ധന്‍. അദ്ദേഹം ഓര്‍മ്മയായെങ്കിലും ആ തിരഞ്ഞെടുപ്പിനോളം പഴക്കമുള്ളതാണ് ഈ വണ്ടി. 1967-ല്‍ പാര്‍ലമെന്റംഗമായ ശേഷമുള്ള ദീര്‍ഘയാത്രകള്‍ക്കായി വാങ്ങിയതാണ് അംബാസഡര്‍. തിരുവിതാംകൂര്‍ മഹാരാജാവിന്റെ സെക്രട്ടറി വൈദ്യനാഥ അയ്യരുടെ ഡ്രൈവര്‍ അഴഗപ്പനായിരുന്നു ആദ്യകാല ഡ്രൈവര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയായതിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ട അഴഗപ്പന് അനിരുദ്ധന്‍ അഭയമായി.
കേരളത്തിലങ്ങോളമിങ്ങോളവും തമിഴ്നാട്ടിലെ മധുരയിലും തിരുനെല്‍വേലിയിലുമൊക്കെ വണ്ടി ഓടിയെത്തി. തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രീയനേതാക്കള്‍ക്ക് ആശ്രയമായി. ഇടയ്ക്ക് എ.കെ.ജി.യുടെ ഫോണ്‍ വരും- 'അനിരുദ്ധാ, ഞാന്‍ രണ്ടോ മൂന്നോ ദിവസം തിരുവനന്തപുരത്തുണ്ടാവും'. പെട്രോളടിച്ച് ഡ്രൈവറുമായി ഉടന്‍ കാര്‍ റെഡി. ചിലപ്പോള്‍ സുശീലാ ഗോപാലനും ഒപ്പമുണ്ടാവും. ഇ.എം.എസ്., ബസവ പുന്നയ്യ, പി.സുന്ദരയ്യ, പി.രാമമൂര്‍ത്തി, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, ബി.ടി.രണദിവെ, അഹല്യ രങ്കനേക്കര്‍ തുടങ്ങി ഈ കാറില്‍ സഞ്ചരിക്കാത്ത കമ്യൂണിസ്റ്റ് നേതാക്കളില്ല.
കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന ശേഷമാണ് കാര്‍ വാങ്ങിയതെങ്കിലും എം.എന്‍ ഗോവിന്ദന്‍ നായര്‍, പി.കെ.വാസുദേവന്‍ നായര്‍, കെ.വി.സുരേന്ദ്രനാഥ് തുടങ്ങിയ സി.പി.ഐ. നേതാക്കളും കെ.കരുണാകരന്‍, ആര്യാടന്‍ മുഹമ്മദ്, ആര്‍.ബാലകൃഷ്ണപിള്ള തുടങ്ങിയവരും ഈ കാറിലെ യാത്രക്കാരായി. അരങ്ങില്‍ ശ്രീധരന്‍, ടി.വി.തോമസ്, കെ.ആര്‍.ഗൗരിയമ്മ തുടങ്ങിയവരാണ് മറ്റു പ്രമുഖര്‍. 1978-ല്‍ തിരുവനന്തപുരം ഈസ്റ്റ് ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ സോഷ്യലിസ്റ്റ് നേതാവ് എം.പി.വീരേന്ദ്രകുമാറും കാറിലെ യാത്രികനായി.
വിവിധ തിരഞ്ഞെടുപ്പുകള്‍ക്കടക്കം നാലരപ്പതിറ്റാണ്ടോളം നീണ്ട ഓട്ടത്തില്‍ കാര്‍ സഞ്ചരിച്ചത് പത്തു ലക്ഷത്തിലേറെ കിലോമീറ്റര്‍. കാര്യമായ അപകടമൊന്നും സംഭവിച്ചിട്ടില്ല. 1996-ല്‍ ആറ്റിങ്ങല്‍ എം.പി.യായപ്പോള്‍ അനിരുദ്ധന്റെ മകന്‍ എ.സമ്പത്ത് സഞ്ചരിച്ചതും ഈ കാറിലായിരുന്നു. കെ.അനിരുദ്ധന്‍ എന്ന ജനനേതാവിന് 2010 ഓഗസ്റ്റ് നാലിന് ആറ്റിങ്ങല്‍ പൗരാവലി നല്‍കിയ ആദരവില്‍ അദ്ദേഹത്തിന്റെ സന്തതസഹചാരിയായ ഈ അംബാസഡറായിരുന്നു മുഖ്യാതിഥി. പിന്നെ, ഓടിയിട്ടില്ല. അനിരുദ്ധന്റെ അതേ വീട്ടില്‍ മക്കള്‍ക്കൊപ്പം ഒരു കാരണവരെപ്പോലെ വിശ്രമത്തിലാണ് കെ.എല്‍.വി.-657.
Content Highlights: An ambassador car with political history in Kerala
Published: 12 Apr 2024, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented