ന്യൂഡല്‍ഹി: അംബാസഡര്‍ കാര്‍ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന് ഹൂഗ്ലിയിലെ ഉത്തര്‍പാരയില്‍ നല്‍കിയ 395 ഏക്കര്‍ തിരിച്ചെടുത്ത പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി ശരിവെച്ച് സുപ്രീംകോടതി. ഫാക്ടറിക്കായി നല്‍കിയ ഭൂമി പതിറ്റാണ്ടുകളായി ഉപയോഗിക്കാതെ കിടക്കുകയാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

To advertise here,

2014-ലാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തിയത്. കമ്പനിക്ക് നല്‍കിയ ഭൂമി 2022 നവംബര്‍ ഒമ്പതിന് ബംഗാള്‍ സര്‍ക്കാര്‍ തിരിച്ചെടുത്തതോടെ തുടങ്ങിയ നിയമപോരാട്ടമാണ് സുപ്രീംകോടതിയിലെത്തിയത്. ബംഗാള്‍ സര്‍ക്കാരിന്റെ നടപടി ആദ്യം ലാന്‍ഡ് ട്രിബ്യൂണലും പിന്നീട് കല്‍ക്കട്ട ഹൈക്കോടതിയും ശരിവെച്ചതോടെ കമ്പനി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഹിന്ദുസ്ഥാന്‍ മോട്ടോഴ്സില്‍നിന്ന് തിരിച്ചെടുത്തതിലെ 40 ഏക്കര്‍ തിതാഗഢ് റെയില്‍സിസ്റ്റത്തിന് നല്‍കാന്‍ അടുത്തിടെ ബംഗാള്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനെതിരേ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് ശക്തമായി രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് അധികൃതരും പോലീസും ചേര്‍ന്ന് പ്ലാന്റിനുള്ളില്‍ പ്രവേശിച്ച് രേഖകള്‍, യന്ത്രസാമഗ്രികള്‍, ഉപകരണങ്ങള്‍, ലൈസന്‍സുള്ള ആയുധങ്ങള്‍ എന്നിവ പിടിച്ചെടുത്തെന്ന് ഒരു റെഗുലേറ്ററി ഫയലിങ്ങില്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. 

വിഷയം സുപ്രീം കോടതി പരിഗണിക്കുന്നതുവരെ ബലപ്രയോഗത്തിലൂടെയുള്ള നടപടികള്‍ സ്വീകരിക്കില്ലെന്ന് സംസ്ഥാനം നേരത്തെ സമ്മതിച്ചിരുന്നതായി ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് വാദിച്ചു. അടുത്ത വാദം കേള്‍ക്കല്‍ ജൂലായ് 22-ന് നിശ്ചയിച്ചിരിക്കുകയാണ്. ഈ പെട്ടെന്നുള്ള നീക്കത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ കമ്പനി, ജൂലായ് 11, 14 തീയതികളില്‍ ഭൂപരിഷ്‌കരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് ഔദ്യോഗികമായി പരാതി നല്‍കിയതായും അറിയിച്ചിരുന്നു. 

നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് സ്ഥലം ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഭൂമി തിരിച്ചെടുത്തതെന്ന് സംസ്ഥാന ഭൂപരിഷ്‌കരണ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.'ഭൂമി ഉപയോഗശൂന്യമായി കിടന്നതിനാലാണ് നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് നടപടിയെടുത്തത്,' എന്ന് കമ്പനിയുടെ ആരോപണത്തിന് മറുപടിയായി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.  

അതേസമയം, 1953-ലെ പശ്ചിമ ബംഗാള്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നിയമപ്രകാരം 395 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനം ബുധനാഴ്ച സുപ്രീം കോടതി ശരിവെച്ചിരുന്നു. ഉത്തര്‍പാറ ഫാക്ടറിയില്‍ അംബാസഡര്‍ കാറിന്റെ ഉത്പാദനം 2014-ലാണ് കമ്പനി നിര്‍ത്തിവെച്ചത്. സാമ്പത്തികമായി തകര്‍ന്നുവെന്നും ഭൂമി ഉപയോഗശൂന്യവും ഉല്‍പ്പാദനക്ഷമമല്ലാത്തതുമായി കിടക്കുന്നുവെന്നും ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് കമ്പനിയില്‍നിന്ന് 2022-ല്‍ സംസ്ഥാന സര്‍ക്കാര്‍ 395 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുകയായിരുന്നു.