'സസ്‌പെന്‍ഷന്‍ പോരാ, തല്ലിപൊളി വണ്ടിയാണ്, മാതാ ജെറ്റ് വിളിച്ചാ മതിയാരുന്നു' തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമ കണ്ടിറങ്ങിയ ഓരോരുത്തരും വീണ്ടും ഓര്‍ത്ത് ചിരിച്ച ഡയലോഗും സാഹചര്യവുമാണിത്. ഒരു നാട്ടിലെ ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും യാത്രയൊരുക്കുന്ന ബസാണ് സിനിമയില്‍ മാതാ ജെറ്റ്. ഈ പേരില്‍ തന്നെ റൂട്ടില്‍ ഓടിയിരുന്ന ഈ ബസിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം തെളിയിക്കുന്നത്. 

To advertise here,

സിനിമതാരം കിച്ചു ടെല്ലസാണ് മാതാ ജെറ്റിന്റെ ഇപ്പോഴേെത്ത അവസ്ഥ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ ഈ ബസിന്റെ ഡ്രൈവറിന്റെ വേഷം ചെയ്തത് കിച്ചു ടെല്ലസാണ്. കോവിഡ് പ്രതിസന്ധിയാണ് ബസിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്.അതിരപ്പിള്ളി- വാഴച്ചാല്‍- പുളിയിലപ്പാറ റൂട്ടിലാണ് മാതാ ജെറ്റ് എന്ന സ്വകാര്യ ബസ് സര്‍വീസ് നടത്തിയിരുന്നത്.

കിച്ചു ടെല്ലസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ചാലക്കുടി-അതിരപ്പിള്ളി-പുളിയിലപ്പാറ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ചാലക്കുടിക്കാരുടെ സ്വന്തം മാതാ ജെറ്റ്.... തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ ഭാഗമായി..... സിനിമയിലെ ജെയ്‌സണ്‍ പറയുന്ന സസ്‌പെന്‍ഷന്‍ പോരാ.... തല്ലിപൊളി വണ്ടിയാണ്... മാതാ ജെറ്റ് വിളിച്ചാല്‍ മതിയാരുന്നു... എന്ന ഹിറ്റ് ഫെയിം ആയ ബസ്. ഈ മാതാ ജെറ്റിന്റെ ഡ്രൈവറായി ഞാനും ഒന്ന് മിന്നിയായിരുന്നു...

എന്നാല്‍, കോവിഡിന്റെ വരവോട് കൂടി എല്ലാം തകര്‍ന്നു. ഓട്ടം അവസാനിപ്പിച്ച് ഇപ്പോള്‍ ഏഴാറ്റുമുഖത്ത് റോഡ് സൈഡില്‍ ആര്‍ക്കും വേണ്ടാതെ മഴയും, വെയിലും കൊണ്ട് കിടക്കുന്ന മാതാ ജെറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോള്‍ ചെറിയ ഒരു വിഷമം....  ഈ കുറിപ്പോടെയാണ് മാതാ ജെറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയും പ്രതിസന്ധിയും കിച്ചു ടെല്ലസ് പങ്കുവെച്ചിരിക്കുന്നത്.