
ജാതിക്കാത്തോട്ടം എന്ന ഗാനം റിപ്പീറ്റടിച്ച് കേട്ട് എജ്ജാതി പാട്ടെന്ന് വണ്ടറടിച്ചവരാണ് മലയാളികള്‍. സംഗീത സംവിധായകനേയും പാട്ടെഴുത്തുകാരനേയും തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ സംവിധായകനേയും നമ്മള്‍ അഭിനന്ദിച്ചു. കാരണം ഒരു പ്ലസ് ടു പ്രണയത്തിന് നമ്മള്‍ കരുതിയിരുന്നതിനേക്കാള്‍ അഴകുണ്ടെന്ന് ആ ജാതിക്കാത്തോട്ടത്തിലൂടെ നമ്മള്‍ കണ്ടു. ആ സിനിമയുടെ സംവിധായകന്‍ ഗിരീഷ് എ.ഡിയുടെ ലേറ്റസ്റ്റ് സിനിമ സൂപ്പര്‍ ശരണ്യയും അതിലെ ഗാനങ്ങളുമാണ് ഇപ്പോള്‍ ടോക്ക് ഓഫ് ദ ടൗണ്‍. സൂപ്പര്‍ ശരണ്യയിലെ അശുഭമംഗളകാരി യൂട്യൂബില്‍ ഒരു കോടി വ്യൂസ് കടന്നു. പിന്നാലെയുണ്ട് ശാരു ശാരുവും, പച്ചപ്പായലും. ഒപ്പം തന്നെ ലാല്‍ ജോസ് സിനിമ മ്യാവൂ ന് വേണ്ടി സുഹൈലും ജസ്റ്റിന്‍ വര്‍ഗ്ഗീസും ഒന്നിച്ച ഹിജാബിയും മെഹജബിയും. ജസ്റ്റിന്റെ സംഗീതവും സുഹൈല്‍ കോയയുടെ പാട്ടെഴുത്തും അടിപൊളി. കുറേയേറെ ഗാനങ്ങളൊന്നും സുഹൈല്‍ കോയ എഴുതിയിട്ടില്ല. പക്ഷെ നമ്മള്‍ ആഘോഷിക്കാനാഗ്രഹിച്ചിരുന്ന പലതും സുഹൈല്‍ എഴുതുന്നുണ്ട്. പാട്ടെഴുത്തുകാരനെന്ന നിലയിലെ അനുഭവങ്ങള്‍ സുഹൈല്‍ പങ്കുവെക്കുന്നു.
നീ തോറ്റടിഞ്ഞ ഝാന്‍സി റാണി
പാട്ടൊഴിഞ്ഞ ആകാശവാണി
തോട്ടു വക്കത്താടി നിക്കണ കാറ്റാടി...
ഒരു പെണ്‍കുട്ടിയെ ഇത്രയധികം'അപമാനിച്ച്'എങ്ങനെയാണ് അശുഭമംഗളകാരി...എഴുതാന്‍ സാധിച്ചത്?
അശുഭമംഗളകാരി എന്നത് ഒരു oxymoron ആണ്-അശുഭവും മംഗളവും, നെഗറ്റീവും പോസിറ്റീവും ഒന്നിച്ച് ആ വാക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അത് അവഹേളനമല്ല, ആ കഥാപാത്രത്തിന്റെ സ്വഭാവമാണ് ആ പാട്ടില്‍. മറിഞ്ഞുവീഴുകയും ബസിലിരുന്ന് ഉറങ്ങിപ്പോയി വേറെ സ്റ്റോപ്പില്‍ ചെന്നിറങ്ങുകയും എന്ത് ചെയ്താലും അബദ്ധത്തില്‍ ചെന്ന് ചാടുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടി. അങ്ങനെ നമുക്കിടയിലുള്ള ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ ആണ് ആ കഥാപാത്രം. സൂപ്പര്‍ ശരണ്യയുടെ സംവിധായകന്‍ ഗിരീഷ് തന്ന ബ്രീഫ് അതാണ്. ഗിരീഷിന് നര്‍മത്തിലൂടെ കഥ പറയുന്നതാണ് ഇഷ്ടം. മലയാളികള്‍ക്ക് പൊതുവേ നര്‍മത്തോട് താത്പര്യവുമുണ്ട്. റാപ്പിങ്ങില്‍ ഡിസ്സിങ് എന്ന പരിപാടിയുണ്ട്. അതനുസരിച്ചാണ് അശുഭമംഗളകാരിയിലെ ലിറിക്സ്.
പാട്ടെഴുത്തുകാരന്‍ എന്ന നിലയില്‍ എങ്ങനെയായിരുന്നു സുഹൈല്‍ കോയയുടെ എന്‍ട്രി ? മോസയിലെ കുതിരമീനുകള്‍ എന്ന സിനിമയ്ക്ക് മുമ്പ് സുഹൈലിന് എഴുത്തുമേഖലയുമായി എന്താണ് ബന്ധം?
എഴുത്തിനോട് സ്‌കൂള്‍ കാലത്ത് ബന്ധമുണ്ടായിരുന്നു. പക്ഷെ സ്‌കൂള്‍ കാലഘട്ടം കഴിഞ്ഞതോടെ അത് വിട്ടു. പിന്നെ ഡിഗ്രി കഴിഞ്ഞു. എംബിഎ ചെയ്തു. ഇംഗ്‌ളണ്ടില്‍ പഠിക്കുന്ന കാലത്താണ് സുഹൃത്തുക്കള്‍ മുഖേന അവിടത്തെ ഏഷ്യന്‍ കള്‍ചറല്‍ സൊസൈറ്റിയുമായി ബന്ധപ്പെടുന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പരസ്പരം സംസാരിക്കാന്‍ ഉറുദു, ഹിന്ദി, ഹിന്ദുസ്ഥാനി ഭാഷകളാണ് ഉപയോഗിച്ചിരുന്നത്. കൂട്ടത്തില്‍ ഭൂരിഭാഗം പേരും ഹിന്ദി, ഉറുദു ഗാനങ്ങള്‍ ഇഷ്ടപ്പെടുന്നവരായിരുന്നു. അക്കാലത്ത് പുതിയ പുതിയ പാട്ടുകള്‍ കേട്ടു കലാകാരന്‍മാരെ കുറിച്ച് പഠിച്ചു. കവാലി, ഉറുദു, ഖയാല്‍ തുടങ്ങിയ മ്യൂസിക്കല്‍ ഫോമുകള്‍ കൂടുതലായി പരിചയപ്പെട്ടു. അവയിലെ സ്പിരിച്വല്‍ എലമെന്റ് മനസ്സിലാക്കാന്‍ തുടങ്ങി. അവിടെത്തന്നെ ജോലി നോക്കുന്നതിനിടെയാണ് വാപ്പ മരിക്കുന്നത്. അക്കാലത്ത് നാട്ടിലേക്ക് മടങ്ങിവന്നു. ഉറുദു കൂടുതല്‍ പഠിക്കാന്‍ ഡല്‍ഹിയിലേക്ക് പോയി. ഒരു വര്‍ഷത്തോളം അവിടെ തങ്ങി. മെഹ്ഫിലുകളില്‍ പങ്കെടുത്തു. ആ സമയത്താണ് സുഹൃത്ത് അജിത് പിള്ള മോസയിലെ കുതിരമീനുകള്‍ ചെയ്യുന്നത്. ആ സിനിമയ്ക്ക് വേണ്ടി ഉറുദുപദങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഗാനം പ്രശാന്ത് പിള്ളയുടെ സംഗീതസംവിധാനത്തില്‍ ചെയ്തു. അതാണ് ആദ്യഗാനം.
വളരെ സാധാരണമായി ഉപയോഗിക്കുന്നതും അതേ സമയം പാട്ടെഴുത്തുപോലെയുള്ള മേഖലയില്‍ ഉപയോഗിക്കാത്തതുമായ പദങ്ങള്‍ സുഹൈല്‍ ബ്രില്യന്റായി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അറിയാതെ എഴുത്തില്‍ കടന്നു വരുന്നതാണോ മറിച്ച് ബോധപൂര്‍വം ചെയ്യുന്നതാണോ?
ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവവും സാമൂഹികമാധ്യമങ്ങളുടെ പ്രചാരവും ഭാഷകള്‍, ദേശങ്ങള്‍ ഇവയ്ക്കിടയിലെ അകലം കുറച്ചിട്ടുണ്ടെന്ന് ഒന്ന് ശ്രദ്ധിച്ചാല്‍ തന്നെ നമുക്ക് മനസ്സിലാവും. ടിക്-ടോക്, ഇന്‍സ്റ്റഗ്രാം റീലുകള്‍ ഇവയിലൂടെ വൈറലാവുന്ന പല ഗാനങ്ങളും-ചിലപ്പോള്‍ അറബിയാവാം, ഭോജ്പുരിയാവാം, ആഫ്രിക്കന്‍ ഗാനമാവാം, ശ്രീലങ്കയില്‍ നിന്നുള്ളതാവാം. അത് കേട്ട് ഇഷ്ടപ്പെടുന്ന ഒരാള്‍ ആ പാട്ടിനെ കുറിച്ച് തിരയുന്നു, ഏത് ഭാഷയിലേതാണെന്നറിയുന്നു, ചിലപ്പോള്‍ അറുപതുകളിലേയോ എഴുപതുകളിലേയോ ഗാനങ്ങളാണെന്നറിയുന്നു, അത്തരത്തിലുള്ള ഗാനങ്ങള്‍ കൂടുതലായി തേടിപ്പിടിക്കുന്ന ഒരു പ്രവണത ഇപ്പോള്‍ വന്നിട്ടുണ്ട്. ഇതൊക്കെ ശ്രോതാവിന്റെ ലോകം കൂടുതല്‍ വിശാലമാക്കിയിട്ടുണ്ട്. പിന്തുടര്‍ന്ന് വരുന്ന ഒരു പാട്ടെഴുത്തുരീതിയില്‍ നിന്ന് വ്യത്യസ്തമായി എഴുതാനാഗ്രഹിക്കുന്ന ഒരാള്‍ക്ക് ഇത് വളരെ പ്രോത്സാഹനം നല്‍കുന്നുണ്ട്. പല ഭാഷകളില്‍ നിന്നുള്ള വാക്കുകളെടുത്ത് ഉപയോഗിക്കുന്ന രീതി ആളുകള്‍ക്കിടയില്‍ വന്നിട്ടുണ്ട്. അതില്‍ നിന്നാണ് പല ഭാഷകള്‍ കൂട്ടിക്കലര്‍ത്തി എഴുതാനുള്ള സ്വാതന്ത്ര്യവും ധൈര്യവും കിട്ടുന്നത്. കൂടാതെ ട്രോളുകള്‍, സ്റ്റിക്കറുകള്‍ തുടങ്ങിയവയിലൂടെ പ്രചരിക്കുന്ന ഒരു hyper link ഭാഷ, അതായത് multiple reference വരുന്ന ഭാഷയൊക്കെ നിലവിലുണ്ട്. നമ്മളുപയോഗിക്കുന്ന വെറുപ്പീര്, ചാറ്റിക്കൊണ്ടിരിക്കുന്നു...തുടങ്ങി പുതിയ പുതിയ വാക്കുകള്‍ നമുക്കിടയിലേക്ക് വരുന്നു. അവയ്ക്ക് ലഭിക്കുന്ന സ്വീകാര്യത വ്യത്യസ്തമായ രീതിയില്‍ പാട്ടെഴുതാനുള്ള ധൈര്യം തരുന്നു.
സുഹൈല്‍ എഴുതുന്ന പാട്ടുകള്‍ നല്ല രീതിയില്‍ സ്വീകരിക്കപ്പെടുന്നുണ്ട്. കൂടാതെ വിവിധ ഭാഷകള്‍ കൂട്ടിക്കലര്‍ത്തി സുഹൈല്‍ എഴുതുന്ന ഗാനങ്ങളും ശ്രദ്ധ നേടുന്നുണ്ട്. നമ്മുടെ പ്രേക്ഷകര്‍ പുതുമങ്ങള്‍ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്നതാണോ ഗാനങ്ങളുടെ സ്വീകാര്യതയ്ക്ക് പിന്നില്‍?
ഭാഷയെ കുറിച്ച്, അതിന്റെ പെര്‍ഫെക്ഷനെ കുറിച്ച് വലിയ അറിവില്ലാത്തതിന്റെ പ്രശ്നം എനിക്കുണ്ട്. ആ കുറവ് നികത്താന്‍ വേണ്ടി സാധാരണ സംസാരഭാഷയെ പാട്ടിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുന്നുവെന്ന് മാത്രം. തമിഴിലും ഹിന്ദിയിലുമൊക്കെ ആ രീതി വളരെ മുമ്പ് തന്നെയുണ്ട്. മലയാളത്തില്‍ ഭാസ്‌കരന്‍ മാഷിന്റെ എഴുത്തിനോട് എനിക്ക് വളരെ ഇഷ്ടമാണ്. സംസാര ഭാഷയോട് ഏറെ അടുത്തുനില്‍ക്കുന്നത് പോലെയാണ് അദ്ദേഹത്തിന്റെ എഴുത്ത്. ഉദാഹരണത്തിന് മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണ് നീ, വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോകുന്ന...തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഏറെ പ്രിയപ്പെട്ടവയാണ്. ഗുല്‍സാറും, വൈരമുത്തുവും വാലിയുമൊക്കെ അങ്ങനെയെഴുതുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വാക്കുകള്‍ തമിഴില്‍ വെച്ചാല്‍ മുഴച്ചു നില്‍ക്കുന്നതായി തോന്നാറില്ല. ടെലിഫോണ്‍ മണിപോല്‍ എന്ന പാട്ടിലെ മെല്‍ബോണ്‍ മലരില്‍ നമുക്ക് പ്രത്യേകിച്ച് കല്ലുകടിയൊന്നും അനുഭവപ്പെടില്ല. വാക്കുകളുടെ ചേര്‍ച്ചയാണത്. മലയാളത്തില്‍ വരുമ്പോള്‍ ഞാനെഴുതുന്ന മറുഭാഷാപദങ്ങള്‍ക്ക് ചേര്‍ച്ച വരുത്താന്‍ ഉച്ചാരണത്തിലാണ് ശ്രദ്ധിക്കുക. ജാതിക്കാത്തോട്ടം എന്ന പാട്ടിലെ മൊബൈല്‍, ഫെയ്ല്‍ എന്നീ വാക്കുകള്‍ അത്തരത്തില്‍ ഉച്ചരിപ്പിച്ചെടുത്തവയാണ്. റെക്കോഡിങ്ങിന്റെ സമയത്ത് കൂടെയിരുന്നോ അല്ലെങ്കില്‍ അങ്ങനെ വേണമെന്ന് പറഞ്ഞു കൊടുത്തോ അത്തരത്തില്‍ ഉച്ചരിപ്പിച്ചെടുക്കാറുണ്ട്. മ്യൂസിക്കും അങ്ങനെ വരേണ്ടതുണ്ട്. സംഗീതവും ഗാനത്തിന്റെ ചിത്രീകരണവും മറ്റ് പല ഘടകങ്ങളും ഒത്തു വരുമ്പോഴാണ് നമ്മളുദ്ദേശിക്കുന്ന രീതിയില്‍ കമ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും.
ജസ്റ്റിന്‍ വര്‍ഗീസുമൊത്തുള്ള കോംബോ അടിപൊളിയാണ്. എങ്ങനെയാണ് നിങ്ങളുടെ കെമിസ്ട്രി വര്‍ക്ക് ഔട്ടാകുന്നത് ?

തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെയാണ് ജസ്റ്റിനുമായി പരിചയപ്പെടുന്നത്. ഇപ്പോള്‍ സഹോദരതുല്യമായ ബന്ധമാണ് ജസ്റ്റിനുമായുള്ളത്. ഞാന്‍ പറയുന്നത് അതു പോലെ മനസ്സിലാക്കുന്ന ഒരാളാണ് ജസ്റ്റിന്‍. പച്ചപ്പായല് പോലെന്നുള്ളില്‍ പറ്റിപ്പിടിച്ചു...എന്നുള്ള വരി ഒരു പെയിന്റിന്റെ പരസ്യം പോലെയാകരുതല്ലോ. അങ്ങനെ എഴുതുമ്പോള്‍ അത് സൂപ്പറാണ് സൂപ്പറാണ് എന്ന് ജസ്റ്റിന്‍ പറയും. അത് വലിയ കോണ്‍ഫിഡന്‍സാണ് നല്‍കുന്നത്. ചിലപ്പോള്‍ മൂന്നോ നാലോ വരിയെഴുതിക്കൊടുക്കും. ജസ്റ്റിന്‍ അതിനൊരു ട്യൂണിടും. ചിലപ്പോള്‍ ജസ്റ്റിനൊരു ട്യൂണ്‍ ചെയ്ത് അയച്ചു തരും. അതിന് പറ്റുന്ന വിധത്തില്‍ ഞാന്‍ വരികളെഴുതിക്കൊടുക്കും. അങ്ങനെ ഒരു ഹൈബ്രിഡ് പരിപാടിയാണ് ഞങ്ങള്‍ രണ്ട് പേരും കൂടി ചെയ്യുന്നത്. എഴുതാനും ചിന്തിക്കാനും പുതിയ ഐഡിയ കൊണ്ടു വരാനുമുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. ഓരോ വാക്കിന്റേയും നിറമെന്താണെന്നും അത് ഏതു വിധത്തില്‍ ട്യൂണ്‍ ചെയ്യണമെന്നും നന്നായറിയാവുന്ന ഒരു മ്യുസിഷനാണ് ജസ്റ്റിന്‍. ഒരു പടം തുടങ്ങുന്നതിന് മുമ്പ് തന്നെ പാട്ടുകള്‍ ചെയ്തു വെക്കുന്ന രീതിയുണ്ട്. അപ്പോള്‍ ഡയറക്ടറുടെ ഭാഗത്ത് നിന്ന് കിട്ടുന്ന സ്വാതന്ത്ര്യം കൂടി അവിടെയുണ്ട്. മ്യാവൂ എന്ന സിനിമയിലെ ഹിജാബി എന്ന ഗാനത്തിലെ ഇരുളില്‍ പൊതിഞ്ഞ നിലാവ് കണ്ട് എന്ന ഭാഗം വരുമ്പോള്‍ ലാല്‍ ജോസ് സര്‍ അതനുസരിച്ച് വെളിച്ചം കുറച്ച് നായികയുടെ മുഖം മാത്രം കാണുന്ന വിധത്തിലുള്ള ഷോട്ടൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ വീണ്ടും എഴുതാനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.
സുഹൈലിന്റെ ഗാനങ്ങളിലെ പ്രണയത്തിന് ഒരേ സമയം കുട്ടിത്തവും തീവ്രതയുമുണ്ട്. എന്തുകൊണ്ടാണങ്ങനെ?
വിഷമവും സന്തോഷവും മലയാളി എക്സ്പ്രസ് ചെയ്യുന്നത് അധികവും നര്‍മത്തിലൂടെയാണ്. നമ്മള്‍ മലയാളികള്‍ social awkwardness കൂടുതലുള്ള ആള്‍ക്കാരാണ്. പ്രണയം, ദുഃഖം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ നര്‍മത്തിലൂടെ നന്നായി പ്രതിഫലിപ്പിക്കാന്‍ മലയാളിയ്ക്ക് കഴിയും. എന്തു കാര്യവും ഓപ്പണ്‍ ആയി പറയുന്നതില്‍ മലയാളിക്ക് ഒരു സങ്കോചമുള്ളതായി തോന്നിയിട്ടുണ്ട്. പക്ഷെ വളരെ ലൈറ്റായി വിഷയത്തിലേക്കെത്താന്‍ പ്രയാസവുമില്ല. ഒരേ സമയം കുട്ടിത്തവും തീവ്രവുമാണ് പ്രണയത്തിന്റെ സ്വഭാവം. പന്തു പോലുരുണ്ട് കേറ്റം, പിടികിട്ടാതുള്ളില്‍ പല കാട്ടായങ്ങള്‍, വട്ടാണെന്ന് തോന്നും ചെല വെപ്രാളങ്ങള്‍ ഇതൊക്കെ കുട്ടികളുടെ പ്രണയത്തിന്റെ ഒരു ഭാഷയാണ്. അവര്‍ക്ക് തന്നെ മനസ്സിലാകാത്ത എന്തോ ഒന്ന്. 'എന്റതല്ലെന്നാണയിട്ട് നീ പറഞ്ഞിട്ടും നിന്റെ പേരിലെന്റെ പേര് ചേര്‍ത്ത് വെച്ചില്ലേ' എന്ന വരിയിലുണ്ട് ആ കുട്ടിത്തമുള്ള പ്രണയം. മ്യാവൂ ലെ മെഹജബി എന്ന പാട്ടില്‍ ഭാര്യ-ഭര്‍തൃപ്രണയമാണ്. 'തീ പോലെ പനിച്ചില്ലേ ഞാന്‍ നീറി തിളച്ചില്ലേ നിന്‍ മിഴിച്ചുഴികളില്‍ ഞാന്‍ മുങ്ങിപ്പിടച്ചില്ലേ' എന്നൊക്കെ കുറച്ച് സീരിയസായി എഴുതാനുള്ള സ്പേസ് അവിടെ ഉണ്ട്. 'ഓനാ ഹിജാബിയെ കിനാവ് കണ്ടൂ' എന്ന ഗാനം ഒരു തേഡ് പാര്‍ട്ടി പോയിന്റ് ഓഫ് വ്യൂവിലുള്ളതാണ്. കുറച്ച് ഫിലോസഫിക്കല്‍ എലമെന്റ്സ് കൂടി ഹിജാബിയിലുണ്ട്.
ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ഡിഗ്രി. മലയാളസിനിമയില്‍ ഗാനരചന. ബിസിനസ് തന്ത്രങ്ങള്‍ പഠിച്ച സുഹൈല്‍ മലയാളസിനിമയിലെ പാട്ടെഴുത്തില്‍ എന്ത് ലാഭമാണ് കാണുന്നത്?
നമുക്ക് എഴുതാനുള്ള സ്പേസ് മലയാളസിനിമയിലുണ്ട് എന്ന അറിവാണ് ഏറ്റവും വലിയ സന്തോഷം. ഗാനരചനാരംഗത്തേക്ക് കടന്നുവരുമ്പോള്‍ ആ രംഗത്തുള്ള ആരേയും നേരിട്ട് പരിചയമുണ്ടായിരുന്നില്ല. ഒരു തുടക്കക്കാരനായ എന്നെ ഗാനരചയിതാക്കളുടെ കൂട്ടായ്മയായ രചനയിലേക്ക് സ്വാഗതം ചെയ്തു. എല്ലാവരും വിളിക്കുകയും നല്ല വാക്കുകള്‍ പറയുകയും ചെയ്യുന്ന നല്ലൊരു ഓപ്പണ്‍ സ്പേസ് ഉണ്ട്. എഴുത്തുകാരുടേയും ഗാനരചയിതാക്കളുടേയും ഒരു കൂട്ടത്തിലെ ഒരംഗം, ഒരു കൂട്ടുകാരന്‍. അതാണ് ഏറ്റവും വലിയ ലാഭമായി എനിക്ക് തോന്നുന്നത്. ഏറ്റവുമധികം ആരാധിക്കുന്ന എഴുത്തുകാരാണ് രചനയില്‍ ഭൂരിഭാഗവും. ശ്രീകുമാരന്‍ തമ്പിചേട്ടനും കൈതപ്രം സാറും റഫീഖിക്കയും അന്‍വറിക്കയും ഷിബുചേട്ടനും...എല്ലാവരും. പാട്ട് കേട്ട് അവര്‍ പറയുന്ന നല്ല വാക്കുകള്‍ ഏറെ സന്തോഷം തരുന്നു. അവരിലേക്ക് എത്തിപ്പെടാന്‍ പറ്റിയത് ഭാഗ്യമാണ്. പിന്നെ പാട്ട് കേള്‍ക്കുന്ന ശ്രോതാക്കളില്‍ നിന്ന് ലഭിക്കുന്ന ഫീഡ് ബാക്ക്...അതൊക്കെ നമുക്ക് ഇനി ചെയ്യേണ്ടതിനെ കുറിച്ച് ധാരണയും ലക്ഷ്യബോധവും നല്‍കുന്നു.
പഴയകാലഗാനങ്ങളാണ് കൂടുതല്‍ മികച്ചതെന്ന് പലരും അഭിപ്രായപ്പെടാറുണ്ടല്ലോ. ഇപ്പോഴത്തെ പാട്ടെഴുത്തുകള്‍ക്ക് പോരായ്മയുണ്ടെന്ന് ഒരു പാട്ടെഴുത്തുകാരന്‍ എന്ന നിലയില്‍ അഭിപ്രായമുണ്ടോ?
പണ്ടത്തെ പാട്ടുകള്‍ മികച്ചതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. റഫീഖിക്കയുടെ മഴ കൊണ്ടു മാത്രവും ഹരിയുടെ ഓലഞ്ഞാലിക്കുരുവിയും അന്‍വറിക്കയുടെ മിഴിയില്‍ നിന്നും മിഴിയിലേക്കും തുടങ്ങിയ ഗാനങ്ങള്‍ കുറേക്കാലം കഴിയുമ്പോള്‍ നമ്മളിപ്പോള്‍ അല്ലിയാമ്പലൊക്കെ പാടുന്നതു പോലെ ആസ്വദിച്ച് പാടും. മലയാളഗാനരചനാരംഗത്ത് ഭാഷയിലും പ്രയോഗങ്ങളിലും വലിയ മാറ്റങ്ങള്‍ വന്നതായി എനിക്ക് തോന്നുന്നില്ല. നാഴിയുരിപ്പാല് കൊണ്ട് എന്നൊക്കെയുള്ള ഗാനങ്ങള്‍-ഉള്ളതു കൊണ്ട് ഓണം പോലെ എന്നൊക്കെയുള്ള സാധാരണക്കാരുടെ പ്രയോഗത്തില്‍ നിന്നുണ്ടാവുന്ന ഗാനങ്ങള്‍...അത്തരത്തിലുള്ള പ്രയോഗങ്ങളുടെ കാലം കഴിഞ്ഞു. പുതിയതായി വന്ന ഭാഷാപ്രയോഗങ്ങള്‍-ഉദാഹരണത്തിന് പോസ്റ്റായി, വണ്ടറടിച്ച് തുടങ്ങിയ പലതും പാട്ടുകളിലേക്ക് കൊണ്ടു വരുന്നതെങ്ങനെ എന്നതൊരു ചോദ്യമാണ്. മറ്റൊന്ന് ശ്രോതാക്കള്‍ ഏതുവിധത്തിലാണ് ഇത്തരത്തിലുള്ള പുതിയ പ്രയോഗങ്ങളെ സ്വീകരിക്കുക എന്നുള്ള ആശങ്ക. പാട്ടുകളിലേക്ക് വിദഗ്ധമായി അത്തരം പ്രയോഗങ്ങള്‍ കൊണ്ടുവരിക എന്നതും വിഷയമാണ്. പണ്ടത്തെ പാട്ടുകളും മികച്ചതാണ്, ഇന്നത്തേതും.
ഇംഗ്ലണ്ടിലെ ജോലിത്തിരക്ക് തത്ക്കാലത്തേക്ക് മാറ്റി വെച്ച് ആലപ്പുഴയിലെ വീട്ടില്‍ ഉമ്മയോടൊപ്പം താമസിക്കുകയാണ് സുഹൈല്‍.സിനിമയ്ക്ക് വേണ്ടി കൂടുതല്‍ നല്ല പാട്ടുകള്‍ എഴുതണമെന്നാണ് സുഹൈലിന്റെ ലക്ഷ്യം. റാപ്പ് മ്യൂസിക്കിനോട് ഏറെ താത്പര്യമുള്ളതിനാല്‍ റാപ്പ് മ്യുസിഷന്‍സുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവും സുഹൈല്‍ പങ്കുവെക്കുന്നു. നടനും സുഹൃത്തുമായ സാജിദ് യഹ്യ സംവിധാനം ചെയ്യുന്ന ഷെയ്ന്‍ നിഗം നായകനാകുന്ന ഖല്‍ബ് എന്ന സിനിമയ്ക്ക് വേണ്ടി പാട്ടെഴുതുന്നതിനൊപ്പം തിരക്കഥയെഴുത്തിലും സുഹൈല്‍ പങ്കാളിയാണ്.
Interview with Suhail Koya lyricist Ashubha Mangalakaari Jaathikkathottam Songs
Published: 21 Jan 2022, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented